ജനങ്ങളെ അറിഞ്ഞും സഹായിച്ചും പെരുവന്താനം പൊലീസ്

post

ഇടുക്കി : നിയമപാലനത്തിനൊപ്പം ബോധവത്ക്കരണവും ശുചീകരണവുമായി ലോക്ക്ഡൗണിലും മുഴുവന്‍ സമയ കര്‍മ്മനിരതരാവുകയാണ് പെരുവന്താനത്തെ പോലീസ് ഉദ്യോഗസ്ഥര്‍. കോട്ടയം-ഇടുക്കി ജില്ലാ അതിര്‍ത്തി കൂടി ആയതിനാല്‍ ഇവിടെ നിയമം കുറച്ച് കര്‍ക്കശമാക്കിയാല്‍ മാത്രമേ കോവിഡ്- 19 രോഗബാധയെ പ്രതിരോധിക്കാന്‍ കഴിയൂ. അനാവശ്യമായി മറ്റു ജില്ലകളില്‍ നിന്ന് ഇടുക്കിയിലേക്കോ ഇവിടെ നിന്നും മറ്റിടങ്ങളിലേക്കോ ആളുകളുടെ സഞ്ചാരമുണ്ടാകാതിരിക്കാന്‍ സദാ ജാഗരൂകരാണ് ഈ നിയമ പാലകര്‍.പെരുവന്താനം സ്റ്റേഷന്‍ മുന്‍വശം റോഡില്‍ ബാരിക്കേഡ്  ഉപയോഗിച്ച് വാഹനങ്ങള്‍  സ്പീഡ് കുറച്ചു നിര്‍ത്തി യാത്രികരുടെ  സത്യവാങ്മൂലം പരിശോധിച്ചു ആശുപത്രി ആവശ്യം പോലെ അത്യാവശ്യമെന്ന് ബോധ്യമായവ മാത്രം  കടത്തിവിടും. അല്ലാത്തവരെ ലോക്ക്ഡൗണിന്റെ ആവശ്യകതയും കൊറോണ എന്ന വിപത്തിനെയും അതിനെ പ്രതിരോധിക്കുന്നതിനായുള്ള സര്‍ക്കാരിന്റെ  നിര്‍ദേശങ്ങളും പറഞ്ഞു മനസ്സിലാക്കി തിരിച്ചു വിടും. 

മാറ്റിവയ്ക്കാവുന്ന നിസാര കാരണങ്ങള്‍ പറഞ്ഞ് ലോക്ക് ഡൗണ്‍ മനഃപൂര്‍വം ലംഘിക്കുന്നവര്‍ക്കു എതിരെ കേസ് എടുക്കുകയും വാഹനം  ബന്തവസ്സില്‍ എടുക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഡൗണ്‍ ലംഘനവുമായി ബന്ധപ്പെട്ട് ഇന്നലെ വരെ 111 കേസുകള്‍ എടുത്തിട്ടുണ്ടെന്ന് പോലീസ് ഇന്‍സ്‌പെക്ടര്‍ എ.ഷൈന്‍ കുമാര്‍ പറഞ്ഞു. ലോക്ക് ഡൗണ്‍ സംബന്ധിച്ച് സ്റ്റേഷന്‍ പരിധിയില്‍ മൈക്ക് ഉപയോഗിച്ച് അനൗണ്‍സ്മെന്റ് നടത്തി. എല്ലാ മേഖലകളിലും ശക്തമായ പട്രോളിംഗും   നടത്തി വരുന്നു. 

കടുകിടെ തെറ്റാതെയുള്ള നിയമ പാലനത്തിനൊപ്പം കോവിഡ്- 19 പ്രതിരോധത്തിനായി ശുചീകരണ, ബോധവത്ക്കരണ പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്.വഴിയാത്രക്കാര്‍ക്കും കോളനികളിലും അതിഥി തൊഴിലാളികള്‍ക്കും രോഗപ്രതിരോധത്തിന്  മാസ്‌ക് ഉപയോഗിക്കുക, സാമൂഹിക അകലം  തുടങ്ങി സര്‍ക്കാര്‍ നല്‍കിയിരിക്കുന്ന മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്നതിന്റെയും ക്ലാസ്സ് എടുത്തു. അതിഥി തൊഴിലാളികള്‍ താമസിക്കുന്നയിടങ്ങളിലും കോളനികളിലും ഇടയ്ക്കിടെ എത്തി അവരുടെ ക്ഷേമം അന്വേഷിക്കാനും സമയം കണ്ടെത്തുന്നു. സ്റ്റേഷനോടു ചേര്‍ന്നുള്ള കിണര്‍ ഉദ്യാഗസ്ഥര്‍ തന്നെ ഇറങ്ങി തേകി ശുചീകരിച്ചു. സ്റ്റേഷനിലേക്കാവശ്യമായ വെള്ളമെടുക്കുന്നത് ഈ കിണറ്റില്‍ നിന്നാണ്. സ്റ്റേഷനും പരിസരവും  ശുചീകരിച്ച് അണുവിമുക്തമാക്കിയതോടൊപ്പം പുറത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രവും ഈ പോലീസുകാര്‍ വൃത്തിയാക്കി. ലോക്ക് ഡൗണ്‍ മുന്നറിയിപ്പേകി  സ്റ്റേഷന്‍ അതിര്‍ത്തികളില്‍ റൂട്ട് മാര്‍ച്ചും നടത്തി. തങ്ങളുടെ വിട്ടുവീഴ്ചയില്‍  അതിര്‍ത്തി കടന്നെത്തി ഒരാള്‍ക്കു പോലും ഇരു ജില്ലകളിലും രോഗം പകരാനിടയാകരുതെന്ന ആത്മബോധത്തോടെയാണ് പൊരിവെയിലിലും ഇവര്‍ റോഡില്‍ നിലയുറപ്പിച്ച് നിയമപാലനം നടത്തുന്നത്.