പ്രവാസികളുടെ പ്രശ്നം വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി: മുഖ്യമന്ത്രി

post

തിരുവനന്തപുരം : പ്രവാസികളുടെ പ്രശ്നങ്ങള്‍ വീണ്ടും പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിക്കൊണ്ട് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഹ്രസ്വകാല പരിപാടികള്‍ക്കും സന്ദര്‍ശകവിസയിലും മറ്റുമായി വിദേശത്ത് പോയി കുടുങ്ങിയവര്‍ക്ക് വരുമാനമില്ലാത്ത സ്ഥിതിയില്‍ ജീവിതം അസാധ്യമായിരിക്കുന്നു. അന്താരാഷ്ട്ര ആരോഗ്യ നിബന്ധനകള്‍ പാലിച്ച് ഇത്തരത്തിലുള്ളവരെ പ്രത്യേക വിമാനത്തില്‍ കൊണ്ടുവരണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത്.

മടങ്ങിയെത്തുന്ന പ്രവാസികളുടെ പരിശോധനയും ക്വാറന്റൈനും സംസ്ഥാന സര്‍ക്കാര്‍ നിര്‍വഹിക്കും. കോവിഡ് 19 നെ തുടര്‍ന്ന് തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങിവരുന്ന പ്രവാസികളെ സംരക്ഷിക്കാനും പുനരധിവസിപ്പിക്കാനുമുള്ള പദ്ധതി കേന്ദ്രം തയ്യാറാക്കണമെന്ന് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. കോവിഡ് ഏകോപനത്തിനായി സംസ്ഥാനത്ത് ചൊവ്വാഴ്ച നാലു പുതിയ പോലീസ് സ്റ്റേഷനുകള്‍ ആരംഭിക്കും. വയനാട് നൂല്‍പ്പുഴയിലാണ് ഒന്ന്. ഇടുക്കി, പത്തനംതിട്ട, കാസര്‍കോട് ജില്ലകളില്‍ വനിതാ പോലീസ് സ്റ്റേഷനുകളാണ് ആരംഭിക്കുന്നത്.

സംസ്ഥാനത്ത് ആയിരം സാമ്പിളുകള്‍ വരെ ഒരു ദിവസം പരിശോധിക്കുന്നുണ്ട്. 96.54 ശതമാനം റേഷന്‍ വിതരണം പൂര്‍ത്തിയായി. എ. എ. വൈ വിഭാഗത്തിന് 5,32,000 കിറ്റുകള്‍ വിതരണം ചെയ്തു. തമിഴ്നാട് അതിര്‍ത്തി ഭാഗങ്ങളിലെ വിവിധ വഴികളിലൂടെ ആളുകള്‍ എത്തുന്നുണ്ട്. ഇക്കാര്യത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചു. കോട്ടയത്ത് എലിപ്പനി, ഡെങ്കിപ്പനി വ്യാപനം തടയാന്‍ നടപടി സ്വീകരിക്കും. ലൈറ്റ് ആന്റ് സൗണ്ട് സ്ഥാപനങ്ങള്‍, പന്തലുകാര്‍, ചെറുകിട കമ്പ്യൂട്ടര്‍ സ്ഥാപനങ്ങള്‍ എന്നിവ ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം തുറക്കാന്‍ അനുമതി നല്‍കും. ലക്ഷദ്വീപില്‍ നിന്ന് വിവിധ ആവശ്യങ്ങള്‍ക്കായി ഇവിടെയെത്തിയിട്ടുള്ളവര്‍ക്ക് ഭക്ഷണസൗകര്യം ഒരുക്കും. വെറ്റില കര്‍ഷകര്‍ക്ക് ആഴ്ചയില്‍ ഒരു ദിവസം വെറ്റില വിപണിയിലെത്തിക്കാന്‍ അനുമതി നല്‍കും.

കമ്മ്യൂണിറ്റി കിച്ചനുകളില്‍ അപൂര്‍വമായി രാഷ്ട്രീയ ഇടപെടല്‍ തുടരുന്നു. തെറ്റായരീതി സ്വീകരിക്കുന്നവര്‍ അതില്‍ നിന്ന് മാറി നില്‍ക്കണം. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് 800 വ്യക്തിഗത സുരക്ഷാ യൂണിറ്റുകള്‍ വാങ്ങുന്നതിന് ദേശീയ വനിത വികസന ധനകാര്യ കോര്‍പറേഷനും ദേശീയ പട്ടികജാതി വികസന കോര്‍പറേഷനും 9,85,600 രൂപ നല്‍കിയിട്ടുണ്ട്.

ചിലയിടങ്ങളില്‍ നോക്കുകൂലി ആവശ്യപ്പെട്ട സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. നോക്കുകൂലി പുനസ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കൈയുംകെട്ടി നോക്കിയിരിക്കാനാവില്ല. ഫലപ്രദമായ നടപടി സ്വീകരിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 208 വ്യാപാരസ്ഥാപനങ്ങള്‍ നടത്തിയ പരിശോധനയില്‍ 96 ഇടത്ത് അപാകത കണ്ടെത്തി. കേള്‍വി പ്രശ്നമുള്ളവര്‍ക്ക് സഹായകമാവുന്ന കോക്ളിയാര്‍ ഇംപ്ലാന്റ് നന്നാക്കുന്ന കടകള്‍ തുറക്കാന്‍ അനുമതി നല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലെ മലയാളം, ഇംഗ്ളീഷ്, കന്നട, തമിഴ് മീഡിയം പുസ്തകങ്ങള്‍ ഓണ്‍ലൈനില്‍ ലഭ്യമാക്കും. ഹയര്‍സെക്കന്‍ഡറി, പ്രീപ്രൈമറി കുട്ടികളുടെ പ്രവര്‍ത്തന കാര്‍ഡ്, അധ്യാപകരുടെ കൈപ്പുസ്തകം എന്നിവ എന്‍.സി.ഇ.ആര്‍. ടി വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. ടെക്സ്ബുക്കുകളുടെ 75 ശതമാനം അച്ചടിയും പൂര്‍ത്തിയായി. അഭിഭാഷകരുടെ ഓഫീസുകള്‍ ചുരുക്കം ആളുകളെ വച്ച് പ്രവര്‍ത്തിപ്പിക്കാന്‍ അനുമതി നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.