വൃക്കരോഗിക്ക് സൗജന്യമായി മരുന്ന് എത്തിച്ച് അഗ്നിശമനസേന

post

പാലക്കാട്: ലോക് ഡൗൺ മൂലം തൊഴിലിന് പോകാനാവാതെ  വാങ്ങാന്‍ കഴിയാതിരുന്ന മരുന്ന് കൈയില്‍ വെച്ച് കൊടുത്തപ്പോള്‍  പറയാന്‍ വാക്കുകളില്ലാതെ ശിവന്‍ നന്ദിപൂര്‍വം ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥരെ നോക്കി.  ലോട്ടറി തൊഴിലാളിയും  കൊട്ടേക്കാട് പടലിക്കാട്  സ്വദേശിയുമായ ശിവന് വൃക്കരോഗത്തിന് കഴിക്കുന്ന രണ്ടാഴ്ചത്തേക്കുള്ള മരുന്നാണ് സൗജന്യമായി പാലക്കാട് ജില്ലാ അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ വീട്ടില്‍ എത്തിച്ചു കൊടുത്തത്.

ഫയര്‍ഫോഴ്‌സിന്റെ വളണ്ടിയര്‍മാര്‍ മുഖേനയാണ് ലോട്ടറി തൊഴിലാളിയായ ശിവന്‍ മരുന്ന് വാങ്ങാന്‍ ബുദ്ധിമുട്ടുന്ന വിവരം അധികൃതർ അറിയാന്‍ ഇടയായത്. തൃശ്ശൂര്‍ ജൂബിലി മിഷൻ ആശുപത്രിയിൽ നിന്നാണ് ഇദ്ദേഹം മരുന്ന് വാങ്ങിച്ചിരുന്നത്. അവിടെ നിന്നും മാത്രം ലഭിക്കുന്ന മരുന്നായതിനാല്‍ വടക്കഞ്ചേരി അഗ്‌നിശമനസേന  തൃശ്ശൂരില്‍ നിന്നും മരുന്ന് വാങ്ങുകയും തുടർന്നു  പാലക്കാട് ഓഫീസില്‍ എത്തിച്ചു നല്‍കുകയുമായിരുന്നു. തുടര്‍ന്നാണ് പാലക്കാട് ഓഫീസില്‍ നിന്നുള്ള സേനാഗംങ്ങൾ കൊട്ടേക്കാട് പടലിക്കാടുള്ള വീട്ടില്‍ എത്തി ശിവന്  മരുന്ന് നല്‍കിയത്. ലോട്ടറി വില്പന നിന്നതോടെ ഇവരുടെ വരുമാനമാര്‍ഗം പൂര്‍ണമായും നിലച്ചതിനാൽ  മരുന്നുവാങ്ങാന്‍ കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ് സഹായഹസ്തവുമായി അഗ്‌നിശമനസേന രംഗത്തെത്തിയത്.

ലോക് ഡൗണ്‍  മൂലം പുറത്തിറങ്ങാന്‍ പറ്റാതായ നിരവധി പേര്‍ക്ക് അഗ്‌നിശമന സേനയുടെ നേതൃത്വത്തില്‍ മരുന്ന് എത്തിക്കുന്നുണ്ട്.  എന്നാല്‍ മരുന്ന് വാങ്ങാന്‍ പോലും കഴിയാത്ത നിരവധി പേരുണ്ടെന്ന തിരിച്ചറിവിലാണ് ഇത്തരമൊരു പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചതെന്നു  അഗ്‌നിശമനസേന ജില്ലാ മേധാവി അരുണ്‍ ഭാസ്‌കര്‍ പറഞ്ഞു. അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ മരുന്ന് വാങ്ങി നല്‍കാന്‍ ജില്ലയിലെ സന്നദ്ധ സംഘടനകളുടെ സഹായവാഗ്ദാനം ഉണ്ടെന്നും  അദ്ദേഹം പറഞ്ഞു.

ജില്ലാ അഗ്‌നിശമന സേനാ മേധാവി അരുണ്‍ ഭാസ്‌കര്‍,  അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ ടി. ആര്‍ രാജേഷ്,  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ അഷ്‌റഫ്,  ഷഫീര്‍, സുഭാഷ് എന്നിവരാണ് ടീമില്‍ ഉണ്ടായിരുന്നത്.മരുന്നു വാങ്ങാന്‍ സൗകര്യം ഇല്ലാത്തവര്‍ അഗ്‌നിശമനസേനയുടെ 101 എന്ന നമ്പറിലേക്കോ  0491 2505701 എന്ന  കണ്‍ട്രോള്‍ റൂം നമ്പറിലേക്കോ വിളിച്ചു സഹായമഭ്യര്‍ത്ഥിച്ചാല്‍ മരുന്ന് വാങ്ങി വീടുകളില്‍ എത്തിച്ചു നല്‍കുന്നുണ്ട്.   ലോക് ഡൗണ്‍  മൂലം പുറത്തിറങ്ങാന്‍ പറ്റാത്തവര്‍ക്കും വരുമാനമാര്‍ഗം അടഞ്ഞ തോടെ ജീവന്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ മരുന്ന് വാങ്ങാന്‍ കഴിയാത്തവര്‍ക്കും സൗജന്യമായി മരുന്ന് വീട്ടില്‍ എത്തിച്ചു നല്‍കി സേവനത്തിന് മാതൃകയാവുകയാണ് ജില്ലാ അഗ്‌നിശമനസേന.