കോവിഡിനെ തുരത്താന്‍ 'കെയര്‍ ഫോര്‍ കാസര്‍കോട്' കര്‍മപദ്ധതിരേഖയും ലോഗോയും പ്രകാശനം ചെയ്തു
കാസര്‍കോട് : കോവിഡ് 19 വ്യാപനം തടയാന്‍ ജില്ലാ ഭരണകൂടം ആവിഷ്‌കരിച്ച കര്‍മ്മ പദ്ധതി 'കെയര്‍ ഫോര്‍ കാസര്‍കോടും പദ്ധതിയുടെ ലോഗോയും സ്പെഷ്യല്‍ ഓഫീസര്‍ അല്‍കേഷ്‌കുമാര്‍ ശര്‍മ, ജില്ലാ കളക്ടര്‍ ഡോ.ഡി.സജിത് ബാബു എന്നിവര്‍ പ്രകാശനം ചെയ്തു. കളക്ടറേറ്റില്‍ നടന്ന കൊറോണ അവലോകന യോഗത്തിലാണ് പ്രകാശനം ചെയ്തത്. സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍, എ ഡി എം എന്‍ ദേവിദാസ്, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം മധുസുദനന്‍, ഡി എം ഒ ഡോ എ വി രാംദാസ് മറ്റ് വകുപ്പ് മേധവികള്‍ എന്നിവര്‍ സംബന്ധിച്ചു
'കെയര്‍ ഫോര്‍ കാസര്‍കോട്' കര്‍മപദ്ധതിരേഖ അറിയാം
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊറോണവൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത ജില്ലയാണ് കാസര്‍കോട്. അതിനാല്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം കാസറഗോഡ് ജില്ലയില്‍ കോവിഡ് 19 വ്യാപനം തടയുന്നതിനുള്ളപ്രതിരോധത്തിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കി. ഇതിനായി ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ രൂപം നല്‍കി ഫലപ്രദമായി സ്വീകരിക്കുന്ന നടപടിക്രമങ്ങളും പ്രവര്‍ത്തനങ്ങളും വിശദമാക്കുന്ന കര്‍മപദ്ധതിരേഖയാണ് കെയര്‍ഫോര്‍ കാസറഗോഡ്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പും പോലീസും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഒരു കുടക്കീഴിലാണ് ഇത് നടപ്പിലാക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവുണ്ടായതും ഹോസ്പിറ്റല്‍ ക്വാറന്റൈനിലുണ്ടായിരുന്ന രോഗികള്‍ രോഗം മാറി ആശുപത്രി വിട്ടതും റൂം ക്വാ റൈറ്റനിലുള്ളവര്‍ പുറത്തിറങ്ങുന്നത് കര്‍ശനമായി തടഞ്ഞ് ലോക് ഡൗണും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങും കര്‍ശനമായി നടപ്പാക്കിയതിന്റെയും പ്രാഥമിക വിജയമാണ്. കൊവിഡ്-19 സ്ഥിരീകരിച്ച രോഗികളുടേയും അവരുടെ സമ്പര്‍ക്ക പട്ടികയിലുള്‍പ്പെട്ടവരുടേയും സാമ്പിള്‍ ശേഖരണത്തിലും ക്വാറന്റെന്‍ ചെയ്യുന്നതിലും സാധിച്ചതിനാല്‍ സമൂഹ വ്യാപനം തടയാന്‍ സാധിച്ചിട്ടുണ്ട്. ചുമ, പനി തുടങ്ങിയ രോഗലക്ഷണങ്ങളുള്ളവരുടെ സര്‍വ്വേ നടത്തി ആവശ്യമായവരുടെ സാമ്പിള്‍ ശേഖരിച്ച് പരിശോധനനടത്തേണ്ടതുണ്ട്. വിദേശത്ത് നിന്നു വന്നവരിലും ഏറ്റവും അടുത്ത് സമ്പര്‍ക്ക പുലര്‍ത്തിയവരിലും മാത്രമാണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. കൃത്യമായ റൂട്ട് മാപ്പും ട്രാവല്‍ ഹിസ്റ്ററിയും തയ്യാറാക്കാന്‍ സാധിച്ചതിനാല്‍ രോഗവ്യാപനം നിയന്ത്രിക്കാന്‍ സാധിച്ചു.