കാസര്‍കോട് വനിതാ പോലീസ് സ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചു

post

കാസര്‍കോട് : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ അനുവദിച്ച വനിതാ പോലീസ് സ്റ്റേഷന്‍ വിഷുദിനത്തില്‍ കാസര്‍കോട് പ്രവര്‍ത്തനമാരംഭിച്ചു. ജില്ലാ പോലീസ് മേധവി പി.എസ് സാബു ഉദ്ഘാടനം ചെയ്തു. കാസര്‍കോട് ടൗണ്‍ സ്റ്റേഷന് സമീപം പഴയ കണ്‍ട്രോള്‍ റൂമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിലാണ് പുതിയ വനിതാ പോലീസ്റ്റേഷന്‍ പ്രവര്‍ത്തനമാരംഭിച്ചത്. 12 പോലീസുകാരാണ് ഇവിടുള്ളത്. ഒരു സി ഐ രണ്ട് എസ് ഐ ഒമ്പത്  സിവില്‍ വനിതാ പോലീസുകാര്‍  എന്നതാണ് ഇവിടുത്തെ അംഗബലം . മുഴുവന്‍ വനിതാ പോലീസ് അംഗങ്ങളെയും ഇതിനകം നിയമിച്ചു. വനിത സ്റ്റേഷന്റെ പരിധി ജില്ല മുഴുവനുമാണ്. ഏപ്രില്‍ 13 നാണ്  മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലയ്ക്ക് പുതിയ വനിതാ പോലീസ്റ്റേഷന്‍ അനുവദിച്ചത്. 

അഡീഷ്ണല്‍ എസ്.പി  പി ബി പ്രശോഭ് ,കാസര്‍കോട് ഡി.വൈ.എസ്.പി ബാലകൃഷ്ണന്‍ നായര്‍, വനിതാ സി ഐ ഭാനുമതി, വനിതാ എസ് ഐ ചന്ദ്രിക, കാസര്‍കോട് സി ഐ അബ്ദുള്‍ റഹീം, അഡീഷ്ണല്‍ എസ്.പി  പി ബി പ്രശോഭ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു .കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് ജില്ലയ്ക്ക് ലഭിക്കുന്ന നാലാമത്തെ പ്രധാന സ്ഥാപനമാണിത്. ഉക്കിനടുക്ക മെഡിക്കല്‍ കോളേജ്, പെരിയ കേന്ദ്ര സര്‍വ്വകലാശാലയിലെ കോവിഡ് പരിശോധനാ ലാബ്, ചട്ടംഞ്ചാലില്‍ നിര്‍മ്മാണമാരംഭിച്ച ടാറ്റാ ആശുപത്രി എന്നിവയാണ് മറ്റ് മൂന്ന് സ്ഥാപനങ്ങള്‍.