വിഷുദിനത്തില്‍ കൈ നീട്ടം വിതരണം ചെയ്ത് കഞ്ഞിക്കുഴി പഞ്ചായത്ത്

post

ആലപ്പുഴ : വിഷു ദിനത്തില്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ 140 കുടുംബങ്ങള്‍ക്ക് 101 രൂപ വീതം വിഷു കൈനീട്ടം നല്‍കി െയന്ന്  കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു പറഞ്ഞു. ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി പി. തിലോത്തമനാണ് കൈനീട്ടം വിതരണം ചെയ്തത്. വിഷു ദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണില്‍ വിഭവസമൃദ്ധമായ ഊണും ഒരുക്കിയിരുന്നു. ചിക്കന്‍ കറി, മോര്, അച്ചാര്‍, കൂട്ടുകറി ഉള്‍പ്പെടെയുള്ള ഭക്ഷണ പൊതികളാണ് പഞ്ചായത്ത് പരിധിയിലുള്ള 18 വാര്‍ഡിലെ 236 കുടുംബങ്ങള്‍ക്ക് നല്‍കിയതെന്ന് കഞ്ഞിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് എം.ജി. രാജു പറഞ്ഞു. അഞ്ചു പേരടങ്ങിയ കുടുംബശ്രീ കാറ്ററിംഗ് യൂണിറ്റാണ് പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ഭക്ഷണം ഒരുക്കിയത്. വിഷു ദിനമായിരുന്നിട്ടും വോളന്റീയര്‍മാര്‍ യഥാസമയം എത്തി ഭക്ഷണ പൊതികള്‍ 12 മണിക്ക് മുന്‍പ് തന്നെ വീടുകളില്‍ എത്തിച്ചു നല്‍കി.