കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ജില്ലാ ശുചിത്വ മിഷന്‍

post

തിരുവനന്തപുരം : കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായ പങ്കാളിത്തമാണ് ജില്ലാ ശുചിത്വ മിഷന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി ശ്രീകാര്യം മാര്‍ ഡയോസ്‌കോറസ് കോളേജ് ഓഫ് ഫാര്‍മസിയുടെ സഹായത്തോടെ 350 ലിറ്റര്‍ ഹാന്റ് സാനിറ്റൈസറുകള്‍ നിര്‍മ്മിച്ച് പൊലീസ്  സ്റ്റേഷനുകള്‍, ദുരന്തനിവാരണ ടാസ്‌ക് ഫോഴ്‌സ് വോളന്റിയര്‍മാര്‍ എന്നിവര്‍ക്ക് വിതരണം ചെയ്തു. പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകാതിരിക്കാന്‍ ക്ലീന്‍ കേരള കമ്പനിയുടെ സഹകരണത്തോടെ ബെവ്‌കോയയുടെ യൂസ്ഡ് ഗ്ലാസ് ലിക്കര്‍ ബോട്ടിലുകളിലാണ് സാനിടൈസര്‍ നിറച്ച് വിതരണം ചെയ്തത്. പുനരുപയോഗത്തിലൂടെ മാലിന്യം പരമാവതി കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചനിലെ ജൈവ - അജൈവ മാലിന്യങ്ങള്‍ ശുചിത്വമിഷന്റെ നേതൃത്വത്തില്‍ തരം തിരിച്ച് ശേഖരിക്കുന്നു. ജൈവ മാലിന്യങ്ങള്‍ ഹരിത കര്‍മ്മ സേനയുടെ സഹായത്തോടെ ഉറവിടത്തില്‍ തന്നെ കമ്പോസ്റ്റുകളാക്കി മാറ്റും. അജൈവ മാലിന്യങ്ങള്‍ അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അണുവിമുക്തമാക്കിയ കളക്ഷന്‍ സെന്ററുകളില്‍ എത്തിക്കും. ജില്ലയിലെ പൊതു ഇടങ്ങളും വിവിധ ഹോട്ട് സ്‌പോട്ട് പ്രദേശങ്ങളും അണുവിമുക്തമാക്കാന്‍ സാങ്കേതിക സഹായം എത്തിക്കുന്നതും ശുചിത്വമിഷനാണ്.  സാമൂഹ്യ മാധ്യമങ്ങളിലൂടെ  ജാഗ്രത നിര്‍ദ്ദേശവും ബോധവത്കരണവും ശുചിത്വമിഷന്‍ നടത്തുന്നുണ്ട്. ജില്ലയിലെ പ്രവര്‍ത്തനങ്ങര്‍ ഏകോപിപ്പിക്കാന്‍ ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിവിധ വകുപ്പിന്റെ ജില്ലാ  മേധാവികള്‍, പ്രധാനപ്പെട്ട ഉദ്യോഗസ്ഥര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍ക്കൊള്ളിച്ച് ആരോഗ്യ ജാഗ്രത കോവിഡ് 19 എന്ന പേരില്‍ വാട്‌സാപ്പ് ഗ്രൂപ്പും ആരംഭിച്ചു. ഇതിനു പുറമെ ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് തലങ്ങളിലും പഞ്ചായത്ത് അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍ എന്നിവരെ ഉള്‍പ്പെടുത്തിയും ഗ്രൂപ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. ഇതിലൂടെ താഴെ തട്ട് വരെ വിവരങ്ങളും നിര്‍ദ്ദേശങ്ങളും അറിയിപ്പുകളും എത്തിക്കാനും കാര്യക്ഷമമായി പ്രവര്‍ത്തിക്കാനും ശുചിത്വമിഷനു കഴിയുന്നുണ്ട്.