ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സംഘം അതിഥി തൊഴിലാളി ക്യാമ്പുകള്‍ സന്ദര്‍ശിച്ചു

post

ഇടുക്കി : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ തൊടുപുഴയിലുള്ള അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ സന്ദര്‍ശിച്ചു. തൊടുപുഴ ടൗണിലുള്ള ഗവണ്‍മെന്റ് ഗേള്‍സ് സ്‌കൂള്‍, തൊടുപുഴ ചന്തയിലെ വൈശാലി ഹോട്ടല്‍ ക്യാമ്പുകളാണ് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ്. എം. പിള്ളയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചത്.

 സ്‌കൂള്‍ കെട്ടിടത്തിന്റെ പണിയുമായി ബന്ധപ്പെട്ട 35 ഓളം അതിഥി തൊഴിലാളികള്‍ സൂക്ള്‍ ക്യാമ്പിലും, വൈശാലി ഹോട്ടല്‍ കെട്ടിടത്തില്‍ നൂറോളം തൊഴിലാളികളും ഉണ്ട്. സ്‌കൂളിലെ താമസക്കാര്‍, ഉടനെ നാട്ടില്‍ പോകണം എന്നല്ലാതെ ഭക്ഷണത്തിനോ മറ്റ് കാര്യങ്ങള്‍ക്കോ പരാതി പറഞ്ഞിട്ടില്ലെന്ന് ദിനേശ് എം.പിള്ള പറഞ്ഞു . അവരുടെ കോണ്‍ട്രാക്ടര്‍ അവര്‍ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു കൊടുക്കുന്നു എന്നാണ് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. ഡോക്ടറെത്തി വൈദ്യ പരിശോധന നടത്തിയിരുന്നതായും അദ്ദേഹം പറഞ്ഞു.

 വൈശാലി കെട്ടിടത്തില്‍ തൊടുപുഴ ചന്തയിലെ വിവിധ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നവരാണ് താമസിക്കുന്നത്. അവരില്‍ ഭൂരിപക്ഷത്തിനും നിലവില്‍ ജോലി ഇല്ലാത്ത അവസ്ഥയിലാണ്. ഇവര്‍ക്ക് ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയില്‍ കുറവുള്ളതായി പറഞ്ഞു. ജില്ലാ ലേബര്‍ ഓഫീസറുമായി ഫോണില്‍ സംസാരിച്ചതില്‍, അദ്ദേഹം അതിഥി തൊഴിലാളികളുടെ കോണ്‍ട്രാക്ടറുമായി ബന്ധപ്പെട്ട്, തൊഴിലാളികള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ നല്‍കിയിട്ടുണ്ടെന്നും, എന്തെങ്കിലും കുറവ് ഉണ്ടെങ്കില്‍ അത് പരിഹരിച്ചു കൊള്ളാം എന്നും ഉറപ്പുനല്‍കി. അടിയന്തിരമായ പ്രശ്നത്തില്‍ പരിഹാരമുണ്ടാകണമെന്ന് ജില്ലാ ലേബര്‍ ഓഫീസറോട് നിര്‍ദേശിട്ടച്ചിട്ടുണ്ടെന്നും ദിനേശ്.എം.പിള്ള സൂചിപ്പിച്ചു