കോവിഡ് 19 : രണ്ടു പേര്‍ കൂടി ആശുപത്രി വിട്ടു

post

ഇനി അഞ്ചു പോസിറ്റീവ് കേസ് മാത്രം

കൊല്ലം : പാരിപ്പള്ളി ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കോവിഡ് 19 ചികിത്സയിലായിരുന്ന രണ്ടു പേര്‍ കൂടി രോഗമുക്തി നേടിയതോടെ ജില്ലയില്‍ ഇനി അഞ്ച് പോസിറ്റീവ് കേസുകള്‍ മാത്രം. ഇട്ടിവ സ്വദേശിയായ (P5)  യുവതിയും ഓയൂര്‍ മീയന സ്വദേശിയായ യുവാവുമാണ് (ജ7) ഇന്നലെ(ഏപ്രില്‍15) ആശുപത്രി വിട്ടത്. ജാഗ്രതയോടെയുള്ള പരിചരണവും ചികിത്സാ സൗകര്യങ്ങളും ഇവര്‍ക്ക് വളരെവേഗം രോഗമുക്തി നല്‍കി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പുറത്തിറങ്ങുമ്പോള്‍  (P5)  13 ദിവസവും ജ7 ഒന്‍പത് ദിവസവുമാണ് അശുപത്രിയില്‍ കഴിഞ്ഞത്.

ചികിത്സാ കാലയളവില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ അഹോരാത്രം തങ്ങള്‍ക്കു വേണ്ടി കഷ്ടപ്പെട്ടത് നേരിട്ടു ബോധ്യപ്പെട്ടുവെന്ന് ആശുപത്രി വിടുമ്പോള്‍ ഇവര്‍ പറഞ്ഞു. തങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യസ്ഥിതി നിലനിര്‍ത്താന്‍ എല്ലാവിധ സഹായങ്ങളും നല്‍കിയ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഡോ ഹബീബിനോടും സഹപ്രവര്‍ത്തകരോടും നന്ദി പറയാന്‍ വാക്കുകളില്ല. രോഗലക്ഷണങ്ങള്‍ സംശയിച്ചപ്പോള്‍ത്തന്നെ ഇടപെടുകയും വേണ്ട മുന്‍കരുതലുകള്‍ എടുക്കുകയും യഥാസമയം പരിശോധനയ്ക്കായി എത്തിക്കുകയും ചെയ്ത ആരോഗ്യ വകുപ്പ് പ്രവര്‍ത്തകരോടുള്ള കടപ്പാട് മനസില്‍ സൂക്ഷിക്കുമെന്നും ഇവര്‍ പറഞ്ഞു. ക്വാറന്റയിന്‍ കാലാവധി തീരുന്നതുവരെ കര്‍ശനമായ ഗൃഹനിരീക്ഷണത്തില്‍ തുടരണമെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കി.