ജില്ലയില്‍ ആതുരസേവനം ഇനി മുതല്‍ വിരല്‍ത്തുമ്പില്‍

post

തൃശൂര്‍ : ജില്ലയില്‍ ആതുരസേവനം ഇനി മുതല്‍ വിരല്‍ത്തുമ്പില്‍ ലഭിക്കും. ലോക് ഡൗണ്‍ കാലഘട്ടത്തില്‍ ജനങ്ങള്‍ക്ക് സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെ സൗജന്യ സേവനം നല്‍കാനായി കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫീസേഴ്സ് അസോസിയേഷന്റെ ജില്ലയിലെ സംരംഭമായ കെജിഎംഒഎ ഇനീഷ്യേറ്റിവ് ഫോര്‍ ടെലി കണ്‍സല്‍റ്റേഷന്‍ അഥവാ കൈറ്റാണ് ഇത്തരമൊരു സംരംഭത്തിന് ജില്ലയില്‍ തുടക്കം കുറിച്ചിരിക്കുന്നത്. ഇതിന്റെ തുടക്കം ജില്ലാ കളക്ടര്‍ എസ് ഷാനവാസും കെജിഎംഒഎ മിഡ് സോണ്‍ വൈസ് പ്രസിഡന്റ് ഡോ. വി ഐ അസീനയും ചേര്‍ന്ന് കളക്ടറുടെ ചേംബറില്‍ നിര്‍വഹിച്ചു. 'അകലെയാണെങ്കിലും ഒറ്റയ്ക്ക് ആണെന്ന തോന്നല്‍ വേണ്ട, ഒരു നേര്‍ത്ത നൂലിനാല്‍ ഞങ്ങളുണ്ട് കൂടെ'എന്ന ആശംസ വാചകവുമായാണ് കൈറ്റ് ഈ സംവിധാനത്തിന് ജില്ലയില്‍ തുടക്കം കുറിച്ചത്. കൈറ്റിലൂടെ ജില്ലയിലെ 390 സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സേവനമാണ് ഉറപ്പാക്കുന്നത്.

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ ആശുപത്രികളിലെ സേവനം കഴിഞ്ഞാല്‍ ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറ് വരെയാണ് സേവനം ഓണ്‍ലൈനില്‍ ലഭ്യമാകുക. ആവശ്യമുള്ളവര്‍ www.kgmoathrissur.com എന്ന സൈറ്റില്‍ ബുക്ക് ചെയ്ത് ഫോണ്‍ നമ്പര്‍ നല്‍കിയാല്‍ കൈറ്റ് പ്രതിനിധി തിരിച്ചു വിളിച്ച് വിവരങ്ങള്‍ തേടും. ആവശ്യം അറിയിച്ചാല്‍ അപ്പോള്‍ നല്‍കേണ്ട സേവനത്തിന് പുറമേ മറ്റ് സ്പെഷലിസ്റ്റ് സേവനം ആവശ്യമാണെങ്കില്‍ അത് ഉറപ്പുവരുത്തുകയും ചെയ്യും. മരുന്നുകളുടെ ലിസ്റ്റും ഓണ്‍ലൈനായി തന്നെ ലഭിക്കും. ഓണ്‍ലൈനായി ലഭിക്കുന്ന പ്രിസ്‌ക്രിപ്ഷന് നിയമ സാധുതയും ഉറപ്പ് വരുത്തിട്ടുണ്ട്. എല്ലാ നിയമ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടായിരിക്കും ഓണ്‍ലൈന്‍ സേവനവും പ്രവര്‍ത്തിക്കുക. കുറിപ്പ് മൊബൈലില്‍ തന്നെ മെഡിക്കല്‍ ഷോപ്പുകളില്‍ കാണിച്ച് മരുന്ന് ലഭിക്കാനുള്ള സൗകര്യവും ഉറപ്പു വരുത്തിയിട്ടുണ്ട്. സൈക്യാട്രിക് മെഡിസിന്‍ ഉള്‍പ്പെടെയുള്ള എല്ലാ മരുന്നുകളുടെയും കുറിപ്പ് ഓണ്‍ലൈനില്‍ ലഭ്യമാകും.

ലോക് ഡൌണ്‍ കാലഘട്ടത്തില്‍ സ്പെഷ്യലിസ്റ്റ് ഡോക്ടറുടെ സേവനം കിട്ടാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്ന ഏതൊരു സാധാരണക്കാരനും ഈ സേവനം വളരെ സഹായകരമായി തീരും. മെഡിക്കല്‍ ഷോപ്പുകളില്‍ നിന്നും യാതൊരു വിധ ബുദ്ധിമുട്ടും കൂടാതെ മരുന്നുകള്‍ ലഭിക്കാന്‍ മെഡിക്കല്‍ ഷോപ്പ് അസോസിയേഷന്‍ യോഗം വിളിച്ചു ചേര്‍ത്ത് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. ഡി എം ഒ ഡോ. റീന കെ ജെ, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം എ ആന്‍ഡ്രൂസ്, ഡെപ്യൂട്ടി ഡി എം ഒ ഡോ. സതീഷ് നാരായണന്‍, ഡി പി എം ഡോ. ടി വി സതീശന്‍, കെ ജി എം ഒ എ സെക്രട്ടറി ഡോ. ബിനോജ്, ട്രഷറര്‍ ഡോ. ദിവ്യ, ഡോ. വേണുഗോപാല്‍, ഡോ. ജില്‍ഷോ, ഐ എം എ സെക്രട്ടറി ഡോ. പവന്‍ മധുസൂദനന്‍, ഹുസൂര്‍ ശിരസ്തദാര്‍ പ്രാണ്‍ സിംഗ് തുടങ്ങിയവര്‍ പങ്കെടുത്തു.