കര്‍ഷകര്‍ക്ക് കൈത്താങ്ങായി കൃഷി വകുപ്പിന്റെ ജീവനി സഞ്ജീവനി

post

തിരുവനന്തപുരം : കോവിഡ് ലോക്ക് ഡൗണ്‍ കാലത്ത് ജില്ലയിലെ കര്‍ഷകര്‍ക്ക് കൈത്താങ്ങാവുകയാണ് കൃഷി വകുപ്പിന്റെ ജീവനി സഞ്ജീവനി  പദ്ധതി. ഇതിലൂടെ ജില്ലയിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ സംഭരിച്ച്  ന്യായവിലയില്‍ വിപണനം നടത്തി വരുകയാണ് കൃഷി വകുപ്പ്. വിവിധ കൃഷിഭവനുകളുടെ പരിധിയിലെ ഇക്കോ ഷോപ്പുകള്‍, ആഴ്ച ചന്തകള്‍ , ആഗ്രോ സര്‍വീസ് സെന്റര്‍ മാര്‍ക്കറ്റുകള്‍ എന്നിവയിലൂടെയാണ് ഉത്പന്നങ്ങള്‍ സംഭരിക്കുന്നത്.

കര്‍ഷകരുടെ ഉത്പന്നങ്ങള്‍ നേരിട്ട് സംഭരിച്ച്  ന്യായവിലയില്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് ഇത് സഹായകമാകും. ജില്ലയിലെ എല്ലാ പഞ്ചായത്തുകളിലും മുന്‍സിപ്പാലിറ്റികളിലും കോര്‍പ്പറേഷന്‍ പരിധിയിലുമായി 88 ജീവനി സഞ്ജീവനി റീട്ടെയില്‍ ഔട്ട് ലെറ്റുകള്‍ ആരംഭിച്ചു. വിഷുവിനോടനുബന്ധിച്ച് കാര്‍ഷിക വിപണിയിലൂടെ പടവലം, വെള്ളരി, പയര്‍, ചീര , ചേന , ചേമ്പ്, കണിവെള്ളരി, വാഴക്കുല, പഴവര്‍ഗ്ഗങ്ങള്‍ ശീതകാല പച്ചക്കറികള്‍ തുടങ്ങിയവയുടെ വില്‍പന നടത്തി.  കൂടാതെ ഹോര്‍ട്ടികോര്‍പ്പിന്റെ 17 വില്പനശാലകളും വി.എഫ്.പി.സി.കെ യുടെ 24 സ്വാശ്രയ കര്‍ഷകവിപണികളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനോടൊപ്പം നാഗര്‍കോവില്‍, ആലപ്പുഴ , കൊല്ലം എന്നിവടങ്ങളിലേക്ക് ജില്ലയില്‍ ഉത്പാദിപ്പിച്ചു പൈനാപ്പിള്‍ എത്തിച്ച് വില്‍പന നടത്തി. പൈനാപ്പിള്‍ ചലഞ്ച് എന്ന രീതിയില്‍ വിവിധ പഞ്ചായത്തുകളില്‍ ഇത് നടന്നു വരുന്നുണ്ട്. അധികമായി ഉത്പാദിപ്പിക്കുന്ന വിഭവങ്ങള്‍ കാര്‍ഷിക വാട്സ് അപ്പ് ഗ്രൂപ്പുകള്‍ വഴി മറ്റു ജില്ലകളില്‍ ഫാര്‍മര്‍ റീട്ടെയില്‍ ഔട്ട് ലെറ്റ് മുഖേന വിപണനം നടത്തുന്നു. ആനയറയും നെടുമങ്ങാടുമുള്ള കൃഷി വകുപ്പിന്റെ രണ്ടു മൊത്ത വ്യാപാര വിപണികളിലൂടെയും വിപണനം നടന്നു വരുന്നു. സമൂഹമാധ്യമങ്ങളുടെ സാധ്യത ഉപയോഗിച്ച് വിപണന ശൃംഖല വിപുലപ്പെടുത്തുകയാണ് വകുപ്പ് ലക്ഷ്യം വയ്ക്കുന്നത്.