പാട്ട് പൂത്ത പൂമരങ്ങൾ- ജനപ്രിയ സംഗീതത്തിന്റെ ചരിത്രവും സമകാലികതയും

post

പാട്ട് പൂത്ത പൂമരങ്ങൾ

(ഡോ. മനോജ് കുറൂർ)

ഒരു ജനതയുടെ ചരിത്രം അവരുടെ ഗാനങ്ങളിലാണ് കാണാൻ കഴിയുക എന്നു പറഞ്ഞത് ജനപ്രിയനായ റേഡിയോ അവതാരകൻ ജോർജ് ജെല്ലിനെക് ആണ്. അങ്ങനെയെങ്കിൽ മലയാളി എന്ന ജനതയുടെ അഭിരുചികളും ശീലങ്ങളും നമുക്ക് മലയാളഗാനങ്ങളിൽനിന്നു കണ്ടെത്താവുന്നതാണ്. കേരളത്തിൽ പരമ്പരാഗതസംഗീതത്തിന് പ്രാചീനസംഘകാലത്തോളം വേരുകളുണ്ടെങ്കിലും പിന്നീട് സംവേദനത്തിലും വിനിമയത്തിലും അത് വിവിധസമുദായങ്ങൾക്കു കല്പിച്ച നിയന്ത്രിതമേഖലകളിലേക്ക് ഒതുങ്ങുകയാണുണ്ടായത്. അതിനു കാതലായ വ്യത്യാസമുണ്ടായത് ആധുനികകാലത്തു രൂപംകൊണ്ട ജനപ്രിയസംഗീതത്തിന്റെ പ്രചാരത്തോടെയാണ്. ആ നിലയിൽ ഒരു ജനതയുടെ സംഗീതം എന്നു വിശേഷിപ്പിക്കാവുന്ന ഒരു തലം തീർച്ചയായും ജനപ്രിയസംഗീതത്തിനുണ്ട്. എങ്കിലും ഈ മേഖലയും ചില വീണ്ടുവിചാരങ്ങൾ ആവശ്യപ്പെടുന്നുണ്ട് എന്നു തോന്നുന്നു.

അടുത്ത കാലംവരെ ജനപ്രിയസംഗീതം എന്നു പറഞ്ഞാൽ അതിൽ പ്രധാനമായും ഉൾപ്പെടുക ചലച്ചിത്രഗാനങ്ങളായിരുന്നല്ലൊ. ഇന്ത്യൻ ജനപ്രിയസിനിമയിൽ സംഗീതം പശ്ചാത്തലത്തിലുപയോഗിക്കേണ്ട ഒന്നു മാത്രമല്ല. ഗാനങ്ങളുടെ സമൃദ്ധമായ വിന്യാസത്തിലൂടെ ചിലപ്പോൾ അത് കാഴ്ചയെക്കാൾ കേൾവിയിൽ കേന്ദ്രീകരിക്കാൻ നിർബന്ധിതമാക്കുന്നു. ഈണത്തിന്റെയും താളത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ച് ദൃശ്യവിന്യാസത്തിന്റെ പരിചരണത്തിൽത്തന്നെ വ്യത്യസ്തസമീപനമാവശ്യപ്പെടുന്നു. പലപ്പോഴും സവിശേഷമായി ശൈലീവത്ക്കരിക്കപ്പെട്ട ആഖ്യാനരീതിയുടെ ഇന്ത്യൻ മാതൃകയാവുന്നു. സിനിമയിൽ ശബ്ദം കടന്നുവന്ന നാൾ മുതൽ കാഴ്ചയ്ക്കൊപ്പമോ കാഴ്ചയെ മറികടന്നോ ഉള്ള ശ്രദ്ധ കേൾവിയുടെ കലയായ സംഗീതത്തിന് സിനിമയിൽ ലഭിച്ചുപോന്നിട്ടുണ്ട്. മലയാളസിനിമയുടെ കഥയും വ്യത്യസ്തമല്ല.

 ഭക്തിയുടെയും പ്രണയത്തിന്റെയും രോഷത്തിന്റെയും നിരാശയുടെയും സന്ദർഭങ്ങളിൽ കഥാപാത്രങ്ങളുടെയും ക്യാമറയുടെയും ചലനങ്ങളെ നിയന്ത്രിച്ചുകൊണ്ട് ഗാനം മുന്നിലേക്കു കയറിവന്നു. അങ്ങനെ ചിലപ്പോഴൊക്കെ ആവിഷ്‌കരണവും ആസ്വാദനവും അവയിൽത്തന്നെ കേന്ദ്രീകരിക്കുന്ന വ്യവഹാരമായി ഗാനങ്ങൾ മാറി. എന്നാൽ പ്രമേയപരമായി സിനിമയുടെ പൊതുഘടനയിൽനിന്ന് പൂർമായി വേറിട്ടു നിൽാൻ ഗാനങ്ങൾക്കു കഴിഞ്ഞതുമില്ല. കാരണം ആദ്യകാലത്തുതന്നെ കോമഡിപ്പാട്ടിനും താരാട്ടുപാട്ടിനും അശരീരിപ്പാട്ടിനും ഡാൻസ് പാട്ടിനുമൊക്കെ ഇതിവൃത്തപരമായി സാധുത കണ്ടെത്താനുള്ള ഇടങ്ങൾ സിനിമാരചയിതാക്കൾതന്നെ കരുതിവച്ചിരുന്നു. അങ്ങനെ സിനിമയിലെ സംഗീതകല ആഖ്യാനത്തിലും പ്രമേയത്തിലും അതു നിലനില്ക്കുന്ന കലാപരിസരവുമായിത്തന്നെ സംവാദത്തിലേർപ്പെടുന്നതിലെ പൊരുത്തവും പൊരുത്തക്കേടും ഒരേ സമയം പങ്കു വയ്ക്കുന്നു.

ബാലൻ മുതൽ നിർമ്മല വരെ

മലയാളത്തിലെ ആദ്യശബ്ദചിത്രമായ ബാലൻ (1938) മുതൽ സിനിമ അതിന്റെ സംഗീതത്തോടുള്ള ചായ്വ് പ്രകടിപ്പിച്ചിട്ടുണ്ട്. തിരക്കഥാകൃത്തായ മുതുകുളം രാഘവൻ പിള്ളതന്നെ ഗാനരചനയും നിർവഹിച്ച 'ഷോക്ക് ഷോക്ക് ഷോക്ക്', 'ചേതോഹരം മദ്യപാനമതേ' തുടങ്ങിയ ഗാനങ്ങൾ ആ ചിത്രത്തിലുണ്ട്. കെ. കെ. അരൂർ, ഇബ്രാഹിം, പള്ളുരുത്തി ലക്ഷ്മി, ശിവാനന്ദൻ, എം. കെ. കമലം എന്നിവർ ബാലനിലെ ഗായകരായി. കാപ്പിയും ബിഹാഗും കല്യാണിയും കാംബോജിയുമൊക്കെയായി രാഗാധിഷ്ഠിതമായ ഗാനസംസ്‌കാരത്തിനും ബാലൻ തുടക്കം കുറിച്ചു. തുടർന്നുവന്ന ജ്ഞാനാംബിക(1940)യിൽ പുത്തൻകാവ് മാത്തൻ തരകൻ എഴുതി ജയരാമ അയ്യർ സംഗീതം പകർന്ന 'മോഹനമേ മനോമോഹനമേ' , 'പ്രിയചന്ദ്ര മമ ചന്ദ്രൻ' തുടങ്ങിയ ഗാനങ്ങൾ സെബാസ്റ്റ്യൻ കുഞ്ഞുകുഞ്ഞു ഭാഗവതർ, മാവേലിക്കര പൊന്നമ്മ എന്നിവരൊക്കെയാണ് ആലപിച്ചത്. മലയാളസിനിമ പിന്നീടും തുടർന്നുപോന്ന സംഗീതത്തിന്റെ അടിത്തറകളിൽച്ചിലതിനെക്കുറിച്ചുള്ള വ്യക്തമായ സൂചനകൾ ഈ ആദ്യകാലചിത്രങ്ങളിൽത്തന്നെ കാണാം.

സിനിമയിൽ പാട്ടുകൾക്കു കണ്ടെത്തുന്ന ഇടങ്ങളുടെ കാര്യത്തിൽ സംഗീതനാടകത്തെ ഓർമ്മിപ്പിക്കുന്നുവെങ്കിലും സംഗീതത്തിന്റെ സാങ്കേതികഘടകങ്ങളിൽ അവയ്ക്കു ബന്ധം അക്കാലത്തുതന്നെ പ്രചാരം നേടിയിരുന്ന ഹിന്ദി സിനിമാഗാനങ്ങളോടാണ്. കെ. എൽ. സൈഗാൾ, പങ്കജ് മല്ലിക്ക് എന്നിവർ തുടങ്ങി മുകേഷും ഷംഷദ് ബീഗവും മൊഹമ്മദ് റഫിയും ലതാ മങ്കേഷ്‌കറുംവരെ പാടിയ ഗാനങ്ങൾ അന്നു മലയാളികൾക്കു സുപരിചിതമായിരുന്നു. ആദ്യകാലമലയാളസിനിമാഗാനങ്ങൾ ഏറിയപങ്കും പ്രസിദ്ധമായ ഹിന്ദി ഈണങ്ങളെ അനുകരിച്ചു നിർമ്മിച്ചവയാണ്. മലയാളത്തിൽ മാത്രമല്ല, ഇതര ഇന്ത്യൻപ്രാദേശികസിനിമകളിലും ഇതുതന്നെയാണവസ്ഥ. സംഗീതത്തിനു ശക്തമായ അടിത്തറയുള്ള പ്രാദേശികഭാഷകളിൽപ്പോലും കാണുന്ന ഈ പ്രവണതയെ മോഷണമെന്നും മറ്റും തീരുമാനിക്കുന്നതിനുമുമ്പേ മറ്റു ചില കാര്യങ്ങൾകൂടി പരിഗണിക്കേണ്ടതുണ്ട്. ഒന്നാമതായി സംഗീതത്തിന്റെ ഉടമസ്ഥാവകാശത്തെപ്പറ്റി പിന്നീടു കാണുന്ന ഉത്ക്കണ്ഠ അക്കാലത്തുണ്ടായിരുന്നില്ല. അതിലും പ്രധാനമായ കാര്യം ജനപ്രിയസംഗീതം എന്ന സംവർഗവുമായി ബന്ധപ്പെട്ടതാണ്. ക്ലാസ്സിക്കൽ സംഗീതത്തിനു പ്രചാരമുള്ളയിടങ്ങളിൽ ആ ധാരയിൽനിന്നു പൂർമായി വേറിട്ടുനിൽക എളുപ്പമല്ല. എന്നാൽ പരമ്പരാഗതരീതിയിൽനിന്നുള്ള ഒരു വ്യതിയാനം അവിടെ പ്രധാനമാണുതാനും. അങ്ങനെ ഒരേ സമയംതന്നെ തുടർച്ചയും വിച്ഛേദവും അവയ്ക്ക് അനിവാര്യമായിത്തീരുന്നു. തുടർച്ചയ്ക്കായി പരിചിതമായ സംഗീതശൈലികളെ ആശ്രയിക്കേണ്ടിവരുമ്പോൾത്തന്നെ വിച്ഛേദത്തിനായി പ്രബലമായ സംഗീതധാരയ്ക്കു പുറത്തുള്ള ഒരു അപരത്തെ അതിനു സ്വീകരിക്കേണ്ടിവരുന്നു. ജനങ്ങൾക്കു പരിചിതവും അതേ സമയം പുറത്തുള്ളതുമായ ഹിന്ദിഗാനങ്ങൾ സ്വീകരിക്കുകയായിരുന്നു സംഗീതാവിഷ്‌കർത്താക്കൾ കണ്ടെത്തിയ പോംവഴി. ഈണം ലഭ്യമാണെന്നിരിക്കെ സംഗീതസംവിധാനം സംഗീതത്തിന്റെ നിർവഹണത്തിലൊതുങ്ങുന്നു. അതുകൊണ്ടുതന്നെ ഗാനരചയി താക്കൾക്കും ഗായകർക്കുമാണ് ആദ്യകാലസിനിമയിൽ പ്രാധാന്യമെന്നു കാണാം.

1941ൽ പുറത്തിറങ്ങിയ പ്രഹ്ലാദയ്ക്കുശേഷം മലയാളചലച്ചിത്രരംഗത്തിന് നീണ്ട ഇടവേളയാണ്. പ്രഹ്ലാദയുടെ സാമ്പത്തികപരാജയം, ലോകമഹായുദ്ധസമയത്ത് ബ്രിട്ടീഷ് ഗവൺമെന്റ് സിനിമാനിർമ്മാണത്തിനേർപ്പെടുത്തിയ നിയന്ത്രണങ്ങൾ എന്നിവ മലയാളസിനിമയെ പ്രതിസന്ധിയിലാക്കിയെങ്കിലും ഒരു മലയാളി ആദ്യമായി നിർമ്മിച്ച നിർമ്മല(1948)യിലൂടെ മലയാളസിനിമയ്ക്കൊപ്പം സംഗീതവും ഒരു തിരിച്ചുവരവിനു ശ്രമിച്ചു. മലയാളകവിതയിൽ ഭാവഗീതപ്രസ്ഥാനത്തിന്റെ പ്രചാരകനുംകൂടിയായിരുന്ന ജി. ശങ്കരക്കുറുപ്പായിരുന്നു നിർമ്മലയിലെ ഗാനരചയിതാവ്.

പി. എസ്. ദിവാകർ സംഗീതസംവിധാനം നിർവഹിച്ച ഈ ചിത്രമാണ് മലയാളസിനിമാസംഗീതരംഗത്ത് സ്റ്റുഡിയോ റെക്കോർഡിങ്ങിന് ആരംഭം കുറിച്ചത്. കേരളത്തിലെ ആദ്യ സിനിമാ സ്റ്റുഡിയോ ഉദയാ ആദ്യമായി നിർമ്മിച്ച വെള്ളിനക്ഷത്ര(1949)ത്തിലൂടെയാണ് അഭയദേവ് എന്ന ഗാനരചയിതാവിന്റെ അരങ്ങേറ്റം. ഉദയാ സ്റ്റുഡിയോസ് ഓർക്കെസ്ട്രാ തന്നെ സംഗീതം നിർവഹിച്ച ഈ ചിത്രത്തിലെ 'തൃക്കൊടി തൃക്കൊടി ,' 'ജീവിതവാടി പൂവിടുകയായ്', 'പ്രേമമനോഹരമേ ലോകം', 'ആശാഹീനം ശോകദം നിയതം' എന്നീ ഗാനങ്ങൾ വലിയ ജനപ്രീതി നേടി. അടുത്ത ചിത്രമായ നല്ലതങ്ക(1950)യിൽ അഭയദേവ് എഴുതി, ഈ സിനിമയിലൂടെ രംഗത്തെത്തിയ വി. ദക്ഷിണാമൂർത്തിയുടെ സംഗീതസംവിധാനത്തിൽ പി. ലീല പാടിയ 'അമ്മതൻ പ്രേമസൗഭാഗ്യത്തിടമ്പേ' എന്ന ഗാനം അന്നത്തെയും പിന്നത്തെയും അമ്മമാർക്കു പ്രിയപ്പെട്ട താരാട്ടുപാട്ടായി. ഇതേ ചിത്രത്തിൽ അഗസ്റ്റിൻ ജോസഫ് പാടിയ 'മനോഹരമീ മഹാരാജ്യം' , 'ആനന്ദമാണാകെ', വൈക്കം മണി പാടിയ 'കൃപാലോ വത്സരാകും മത്സുതരെ', വൈക്കം മണിയും പി. ലീലയും ചേർന്നു പാടിയ 'ഇമ്പമേറും ഇതളാകും മിഴികളാൽ' തുടങ്ങിയ ഗാനങ്ങളും ജനപ്രിയമായതോടെ അഭയദേവ്-ദക്ഷിണാമൂർത്തി എന്ന കൂട്ടുകെട്ട് സിനിമയിൽ സജീവമായി.

പി. ഭാസ്‌കരന്റെ ഉദയം

അപൂർവസഹോദരർകൾ എന്ന തമിഴ് ചിത്രത്തിലെ ഒരു ഗാനത്തിൽ മലയാളവരികളെഴുതി സിനിമാഗാനരംഗത്തേക്കുവന്ന പി. ഭാസ്‌കരൻ തുമ്പമൺ പദ്മനാഭൻകുട്ടിക്കൊപ്പമാണ് ചന്ദ്രിക(1950)യിലെ ഗാനങ്ങൾ രചിച്ചത്. അഭയദേവ്-ദക്ഷിണാമൂർത്തി കൂട്ടുകെട്ടിന്റെ തുടർച്ചയാണ് അതുവരെയുള്ളതിൽ ഏറ്റവും ജനപ്രീതി നേടിയ ജീവിതനൗക(1951)യിൽ കേൾക്കുന്നത്. ഈ സിനിമയിലൂടെ മെഹ്ബൂബ് എന്ന ഗായകൻകൂടി ഇവർക്കൊപ്പം ചേർന്നു. അദ്ദേഹം പാടിയ 'അകാലേ ആരും കൈവിടും' എന്ന ഗാനവും പി. ലീലയ്ക്കൊപ്പം പാടിയ 'വനഗായികേ വാനിൽ വരൂ നായികേ' എന്ന ഗാനവും ജനപ്രീതിയിലൂടെ അവയുണ്ടായ സ്ഥലകാലങ്ങളെ മറികടന്നു. ജീവിതനൗക മലയാളത്തിൽ നേടിയ അസാമാന്യമായ വാണിജ്യവിജയം ആവർത്തിക്കാമെന്ന പ്രതീക്ഷയിൽ ആ ചിത്രം തമിഴിൽ പുനർനിർമ്മിക്കുകയും ജീവൻ നൗക(1952) എന്ന പേരിൽ ഹിന്ദിയിലേക്കു മൊഴിമാറ്റുകയും ചെയ്തു. മന്നാഡേയും മൊഹമ്മദ് റഫിയുമൊക്കെ പാടിയെങ്കിലും ഹിന്ദിയിൽ ചിത്രം വലിയ പരാജയമായി.

പി. ഭാസ്‌കരനും ദക്ഷിണാമൂർത്തിയുമൊന്നിച്ച നവലോക(1951)മാണ് അമ്പതുകളുടെ തുടക്കത്തിലുണ്ടായ മറ്റൊരു സംഭവം. കോഴിക്കോട് അബ്ദുൾഖാദർ പാടിയ 'തങ്കക്കിനാക്കൾ ഹൃദയേ വീശും', 'ഭൂവിൽ ബാഷ്പധാര നീ വൃഥാ ചൊരിഞ്ഞു' എന്നീ ഗാനങ്ങളുടെ ജനശ്രദ്ധ അക്കാലത്തിലൊതുങ്ങിയില്ല. ഇക്കാലത്തെ ഗാനരചയിതാക്കളിൽ ഏറെ ശ്രദ്ധേയനായ മറ്റൊരാൾ തിരുനയിനാർകുറിച്ചി മാധവൻ നായരാണ്.

ചലച്ചിത്രഗാനം എന്ന സംഗീതശാഖ ശൈശവദശയിലായിരുന്ന അമ്പതുകളുടെ തുടക്കത്തിൽത്തന്നെ പ്രബലമായിരുന്ന മറ്റു ചില ഗാനസംസ്‌ക്കാരങ്ങൾകൂടിയുണ്ട്. കൊച്ചിയിൽ മെഹ്ബൂബ് എന്ന ഗായകൻ ഹിന്ദിപ്പാട്ടുകളുടെ അനുകരണമില്ലാതെതന്നെ സ്വന്തമായി ഈണം നല്കിയ പാട്ടുകൾ ഒട്ടേറെ ജനസദസ്സുകളിൽ ആലപിച്ചു. അപ്രശസ്തരായ തന്റെ സുഹൃദ്കവികൾ എഴുതിയ ആ ഗാനങ്ങളിൽപ്പലതും താൻ പാടുന്ന അവതരണ സന്ദർഭങ്ങൾക്കനുസരിച്ചാണ് മെഹ്ബൂബ് പാടിയതെന്നത് കൗതുകകരമാണ്. കോഴിക്കോടിനും ഇത്തരമൊരു ഗാനസംസ്‌കാരത്തിന്റെ പശ്ചാത്തലമുണ്ട്. കോഴിക്കോട് അബ്ദുൾഖാദറും

എം. എസ്. ബാബുരാജുമൊക്കെയായിരുന്നു അത്തരം സദസ്സുകളിലെ പ്രധാനഗായകർ. പി. ഭാസ്‌കരനെഴുതി കെ. രാഘവൻ ഈണം പകർന്ന 'പാടാനോർത്തൊരു മധുരിതഗാനം' എന്ന ലളിതഗാനം 1952-ലാണ് ആവിഷ്‌ക്കരിക്കപ്പെട്ടത് എന്നോർക്കാം. 1952-ൽത്തന്നെയാണ് തോപ്പിൽ ഭാസി നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി എന്ന നാടകവുമായി രംഗത്തെത്തുന്നത്.

ഒ. എൻ. വി. കുറുപ്പ് എഴുതി ദേവരാജൻ സംഗീതം നല്കിയ അതിലെ ഗാനങ്ങൾക്ക് സമകാലിക ജനജീവിതത്തിന്റെ ഊർജമുണ്ടായിരുന്നു. കെ. എസ്. ജോർജും കെ. സുലോചനയുമായിരുന്നു ഗായകർ. 'പൊന്നരിവാളമ്പിളിയിൽ'',വെള്ളാരംകുന്നിലെ' തുടങ്ങിയ ഗാനങ്ങൾ ജനങ്ങളേറ്റെടുത്തു. തുടർന്ന് വയലാർ രാമവർമ്മ, പി. ഭാസ്‌കരൻ, തിരുനെല്ലൂർ കരുണാകരൻ തുടങ്ങിയ കവികളും കെ. രാഘവൻ, എം. ബി. ശ്രീനിവാസൻ, എൽ. പി. ആർ. വർമ്മ മുതലായ സംഗീതസംവിധായകരും നാടകഗാനരംഗത്ത് സജീവമായി. 'മാരിവില്ലിൻ തേൻമലരേ', 'വള്ളിക്കുടിലിന്നുള്ളിലിരിക്കും 'തുഞ്ചൻപറമ്പിലെ തത്തേ, ' 'ചില്ലിമുളംകാടുകളിൽ', 'പാമ്പുകൾക്കു മാളമുണ്ട്', 'തലയ്ക്കു മീതേ ശൂന്യാകാശം', 'ചെപ്പു കിലുക്കണ ചങ്ങാതീ', 'ബലികുടീരങ്ങളേ' തുടങ്ങി നിരവധി ഗാനങ്ങൾ അക്കാലത്തെ സിനിമാഗാനങ്ങളെക്കാൾ ഇന്നും പ്രശസ്തമാണ്.

നീലക്കുയിലിന്റെ പിറവി

കതിരുകാണാക്കിളി (1951), പുള്ളിമാൻ(1951) എന്നീ പുറത്തിറങ്ങാത്ത ചിത്രങ്ങളിൽ ഒരുമിച്ചു പ്രവർത്തിച്ച പി. ഭാസ്‌കരനും കെ. രാഘവനും നീലക്കുയിലിനുവേണ്ടി വീണ്ടും ഒന്നിക്കുമ്പോൾ ഗാനങ്ങളോടുള്ള സമീപനത്തെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. വരികളിലും സംഗീതത്തിലും ആലാപനശൈലിയിലും അവ കേരളത്തിലെ സമൃദ്ധമായ നാടോടിമട്ടുകളിൽനിന്ന് ഊർജമുൾക്കൊണ്ടു. ജാനമ്മ ഡേവിഡ് പാടിയ 'എല്ലാരും ചൊല്ലണ്', 'കുയിലിനെത്തേടി', മെഹ്ബുബ് പാടിയ 'മാനെന്നും വിളിക്കില്ല', കെ. രാഘവൻ പാടിയ 'കായലരികത്ത്', 'പുഞ്ചവയൽ കൊയ്തല്ലോ' തുടങ്ങിയ ഗാനങ്ങളിൽ, പരമ്പരാഗതമായ ആഢ്യസംഗീതധാരകളും ജനപ്രിയസംഗീതവും ഒരുപോലെ അവഗണിച്ച കൊയ്ത്തുപാട്ടിന്റെയും മാപ്പിളപ്പാട്ടിന്റെയുമൊക്കെ സംസ്‌കാരമുണ്ട്. ജനപ്രിയസംഗീതത്തിന്റെ വളർച്ചയ്ക്ക് ഒഴിവാക്കാനാകാത്ത നാടോടിസംഗീതത്തിന്റെ ഊർജസ്രോതസ്സ് തിരിച്ചറിഞ്ഞതാണ് നീലക്കുയിലിന്റെ പ്രസക്തി. കോഴിക്കോട് അബ്ദുൾഖാദർ പാടിയ 'എങ്ങനെ നീ മറക്കും', ശാന്താ പി. നായർ ആലപിച്ച 'ഉണരൂ ഉണ്ണിക്കണ്ണാ', കോഴിക്കോടു പുഷ്പ പാടിയ 'കടലാസുവഞ്ചിയേറി' എന്നിവയാണ് ഈ ചിത്രത്തിലെ മറ്റു പ്രധാനഗാനങ്ങൾ.

നീലക്കുയിലിന്റെ പിറവി സിനിമാ സംഗീതത്തിന് പുതിയ ഉണർവു നല്കി. പുതിയ ഗാനരചയിതാക്കളും സംഗീതസംവിധായകരുമുണ്ടായി. കാലം മാറുന്നു(1955) എന്ന ചിത്രത്തിന്റെ തലക്കെട്ടിലെ സൂചന സംഗീതത്തിനും ബാധകമായി. നാടകഗാനങ്ങളിലൂടെ അമ്പതുകളുടെ തുടക്കത്തിൽത്തന്നെ ശ്രദ്ധേയരായ ഒ. എൻ .വി. കുറുപ്പും പരവൂർ ജി. ദേവരാജനും ഒന്നിച്ചരങ്ങേറിയ ഈ സിനിമയിലെ 'പുഞ്ചവയലേലയിലെ' (കെ. എസ്. ജോർജും സംഘവും), 'മാനത്തൂന്നൊരു തേ•ഴ പെയ്യാൻ' (കെ. എസ്. ജോർജ്), 'പോവണോ പോവണോ പെണ്ണേ' (കമുകറ, ശാന്താ പി. നായർ) തുടങ്ങിയ ഗാനങ്ങൾക്ക് നാടോടിപ്പാട്ടിന്റെ സവിശേഷമായ സംസ്‌കാരമുണ്ടായിരുന്നു. 'ആ മലർപ്പൊയ്കയിൽ' (കെ. എസ്. ജോർജ്, കെ. സുലോചന), 'അമ്പിളിമുത്തച്ഛൻ' (ലളിത തമ്പി) തുടങ്ങിയ മറ്റു ഗാനങ്ങളും ഏറെ പ്രസിദ്ധമായി. കെ. രാഘവൻ സംഗീതം നല്കിയ കൂടപ്പിറപ്പി(1956)ലൂടെ വയലാർ രാമവർമ്മയും സിനിമാഗാനങ്ങളെഴുതിത്തുടങ്ങി. ഈ ചിത്രത്തിലെ 'തുമ്പീ തുമ്പീ വാ വാ', 'എന്തിനു പൊൻകണികൾ', 'പൂമുല്ല പൂത്തല്ലോ' (ശാന്താ പി. നായർ), 'മാനസറാണീ' (എ. എം. രാജ) എന്നീ ഗാനങ്ങൾ ശ്രദ്ധേയമായി. ദക്ഷിണാമൂർത്തി സംഗീതം നിർവഹിച്ച അവർ ഉണർന്നു (1956) എന്ന ചിത്രത്തിൽ വയലാറിനൊപ്പം രംഗത്തെത്തിയ പാലാ നാരായണൻ നായർ 'മാവേലിനാട്ടിലെ' (എൽ. പി. ആർ. വർമ്മ) തുടങ്ങിയ ഗാനങ്ങളെഴുതിയെങ്കിലും ഈ മേഖലയിൽ തുടർന്നില്ല.

ചരിത്രം സൃഷ്ടിച്ച കൂട്ടുകെട്ടുകൾ

ഇക്കാലമായപ്പോഴേക്കും നാടോടി-ദക്ഷിണേന്ത്യൻ-ഉത്തരേന്ത്യൻ സംഗീതധാരകളെ അടിസ്ഥാനമാക്കുമ്പോൾത്തന്നെ ഈണം, വേഗം, ദൈർഘ്യം, പശ്ചാത്തലസംഗീതോപകരണങ്ങൾ എന്നീ സാങ്കേതികഘടകങ്ങളിലും വരികളും ഈണവും ചേർന്നു സൃഷ്ടിക്കുന്ന ഭാവം, കാവ്യാത്മകത എന്നീ ആന്തരികഘടകങ്ങളിലും സിനിമാസംഗീതത്തിന് സവിശേഷമായ ചില മാതൃകകൾ രൂപപ്പെട്ടിരുന്നു. ഗാനരചയിതാക്കളും സംഗീതസംവിധായകരും തമ്മിലുള്ള കൂട്ടുകെട്ടുകൾ മാറിമാറിവന്നെങ്കിലും സിനിമയിൽ സൃഷ്ടിക്കേണ്ട ഗാനത്തിന്റെ സ്വഭാവമെന്താണെന്നതിൽ അവരൊക്കെ ഏകദേശം സമാനമായ ആശയങ്ങൾ പങ്കിട്ടു. ഭാസ്‌കരൻ, ഒ. എൻ. വി., വയലാർ എന്നീ ഗാനരചയിതാക്കളും ദക്ഷിണാമൂർത്തി, രാഘവൻ, ദേവരാജൻ, ബാബുരാജ് എന്നീ സംഗീതസംവിധായകരും തമ്മിൽ മാറിമാറി കൂട്ടുകെട്ടുകളുണ്ടായി. കർണാടകസംഗീതത്തെത്തന്നെ ലളിതവത്ക്കരിച്ചു ഭാവാത്മകമാക്കുന്ന കാര്യത്തിൽ ദക്ഷിണാമൂർത്തിയും നാടോടിസംഗീതത്തെ ഭാവതലത്തിൽ പരീക്ഷിക്കുന്നതിൽ രാഘവനും ഈ രണ്ടു ധാരകളെയും സംയോജിപ്പിക്കുന്നതിൽ ദേവരാജനും ഹിന്ദുസ്ഥാനിസംഗീതത്തിന്റെ ഘടനാസ്വാതന്ത്ര്യം വൈകാരികതലത്തിൽ ഉപയോഗിക്കുന്നതിൽ ബാബുരാജും പ്രസിദ്ധി നേടി. 

ഹിന്ദുസ്ഥാനിയുടെ സ്വാധീനം

അറുപതുകളിൽ ഏറ്റവും സജീവമായ കൂട്ടുകെട്ടുകളിലൊന്ന് പി. ഭാസ്‌കരനും ബാബുരാജുമാണ്. ഉമ്മ(1960)യെന്ന സിനിമയിലെ 'കദളിവാഴക്കൈയിലിരുന്ന്' (ജിക്കി), 'പാലാണു തേനാണെൻ' (എ. എം. രാജാ), 'എൻ കണ്ണിൻ കടവിലടുത്താൽ' (എ. എം. രാജ, പി. ലീല), 'കണ്ണീരെന്തിനു വാനമ്പാടീ' (പി. ബി. ശ്രീനിവാസ്), ഉമ്മിണിത്തങ്ക(1961)യിലെ 'അന്നു നിന്നെ കണ്ടതിൽപ്പിന്നെ' (എ. എം. രാജ, പി. സുശീല), 'മിടുക്കി മിടുക്കി മിടുക്കി' (മെഹ്ബൂബ്, എ. എം. രാജ, പി. ബി. ശ്രീനിവാസ്), 'പ്രതികാരദുർഗേ' (പി. ബി. ശ്രീനിവാസ്), ഭാഗ്യജാതക(1962)ത്തിലെ 'ആദ്യത്തെ കണ്മണി ആണായിരിക്കണം' (യേശുദാസ്, പി. ലീല) എന്നീ ഗാനങ്ങൾ അക്കാലം പങ്കുവച്ച സംഗീതസംസ്‌കാരത്തെത്തന്നെ സൂചിപ്പിക്കുന്നവയാണ്. എന്നാൽ ലൈലാ മജ്നു(1962)വിലെ 'താരമേ താരമേ' (കെ. പി. ഉദയഭാനു, പി. ലീല), 'ചുടുകണ്ണീരാലെൻ' (ഉദയഭാനു) എന്നീ ഗാനങ്ങളോടെ ബാബുരാജിന്റെ സംഗീതത്തിന്റെ സവിശേഷതകൾ കൂടുതൽ വ്യക്തമായി. കർണാടകസംഗീതത്തെ അപേക്ഷിച്ച് രാഗഘടനയിലും ആലാപനത്തിലും കൂടുതൽ സ്വാതന്ത്ര്യവും പരിവർത്തനക്ഷമതയുമുള്ള ഹിന്ദുസ്ഥാനി സംഗീതത്തിന്റെ സാധ്യതകൾ അദ്ദേഹം കൂടുതൽ ഉപയോഗിച്ചുതുടങ്ങി. ചലച്ചിത്രസംഗീതത്തിൽ പ്രതീക്ഷിക്കപ്പെടുന്ന വൈകാരികതയ്ക്ക് ആലാപനത്തിൽ കൂടുതൽ ആഴം നല്കാൻ അദ്ദേഹത്തിനു കഴിഞ്ഞത് ഈ ഹിന്ദുസ്ഥാനിസ്വാധീനംകൊണ്ടാണ്. ഭാഷയിലും ഭാവനയിലും ലളിതമായ പി. ഭാസ്‌കരന്റെ വരികൾക്കാണ് ഈ സംഗീതം കൂടുതൽ യോജിച്ചതെന്നത് സ്വാഭാവികമാണ്. അദ്ദേഹം വരികളെഴുതിയ മൂടുപട(1963)ത്തിലെ 'തളിരിട്ട കിനാക്കൾതൻ' (എസ്. ജാനകി) എന്ന ഗാനത്തിൽ രാഗപരവും ഭാവപരവുമായ ഈ ഘടകങ്ങൾ സൂക്ഷ്മമായി സമ്മേളിക്കുന്നു. നിണമണിഞ്ഞ കാല്പാടുകളി(1963)ലെ 'മാമലകൾക്കപ്പുറത്ത്' (പി. ബി. ശ്രീനിവാസ്), 'അനുരാഗനാടകത്തിൻ' (ഉദയഭാനു), കുട്ടിക്കുപ്പായം(1964)ത്തിലെ 'ഒരു കൊട്ട പൊന്നുണ്ടല്ലോ' (എൽ. ആർ. ഈശ്വരിയും സംഘവും), 'വെളുക്കുമ്പൊ കുളിക്കുവാൻ' (എ. പി. കോമള), 'പൊൻവളയില്ലെങ്കിലും' (ഉദയഭാനു), തച്ചോളി ഒതേനനി(1964)ലെ 'കൊട്ടും ഞാൻ കേട്ടില്ലാ' (പി. ലീലയും സംഘവും) എന്നീ ഗാനങ്ങൾ ഭിന്നവേഗങ്ങളിലൂടെ ആവിഷ്‌കരിക്കുന്ന ലയവ്യത്യാസത്തിന് ഉദാഹരണമാണ്. 'കന്നിനിലാവത്ത്' (പി. ലീല), 'അഞ്ജനക്കണ്ണെഴുതി' (എസ്. ജാനകി), ഭാർഗവീനിലയ(1964)ത്തിലെ 'ഏകാന്തതയുടെ അപാരതീരം' (കമുകറ), 'പൊട്ടിത്തകർന്ന', 'വാസന്തപഞ്ചമിനാളിൽ', 'പൊട്ടാത്ത പൊന്നിൻകിനാവുകൊണ്ടൊരു' (എസ്. ജാനകി), 'താമസമെന്തേ വരുവാൻ' (യേശുദാസ്), 'അറബിക്കടലൊരു' (യേശുദാസ്, പി. സുശീല) എന്നിവ ബാബുരാജിനെ പ്രശസ്തിയുടെ ഉയരത്തിലെത്തിച്ചു.

അറുപതുകളിൽത്തന്നെ മറ്റു രചയിതാക്കൾക്കൊപ്പവും ബാബുരാജ് ശ്രദ്ധേയമായ ചില ഗാനങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വയലാർ ഗാനങ്ങളെഴുതിയ ചെമ്മീനി(1965)ലൂടെ സലിൽ ചൗധരി സൃഷ്ടിച്ച ഭാവുകത്വത്തെ ഇതുമായി ചേർത്തുവയ്ക്കാം. പ്രമേയപരമായി കേരളത്തിലെ ഒരു കടപ്പുറത്തിന്റെ പശ്ചാത്തലമാണ് തകഴിയുടെ വിഖ്യാതനോവലിനെ അടിസ്ഥാനമാക്കി നിർമ്മിച്ച ആ ചലച്ചിത്രത്തിനുള്ളത്. 'കടലിനക്കരെ പോണോരേ' (യേശുദാസ്), 'പെണ്ണാളേ പെണ്ണാളേ' (യേശുദാസ്, പി. ലീല), 'പുത്തൻവലക്കാരേ' (സംഘഗാനം) എന്നീ ഗാനങ്ങൾ ഈ ജീവിതപരിസരവുമായി ചേർത്തുവയ്ക്കാവുന്നതാണ്. എന്നാൽ മന്നാഡേ പാടിയ 'മാനസമൈനേ വരൂ' എന്ന ഗാനം ഇവയിൽനിന്നു വേറിട്ടു നില്ക്കുന്നു. സംഗീതത്തിലെ കലർപ്പറ്റ മലയാളിത്തമെന്നത് കൃത്രിമമായ ഒരു സങ്കല്പനം മാത്രമാണെന്ന് ഓർമ്മിക്കുന്നതിനെങ്കിലും ചെമ്മീനിലെ ഈ ഗാനം സഹായിച്ചേക്കും.

വയലാർ, ദേവരാജൻ, ഒ എൻ വി

വയലാറും ദേവരാജനുമാണ് ജനപ്രീതിയിൽ വിജയം വരിച്ച മറ്റൊരു കൂട്ടുകെട്ട്. ഇവരൊന്നിച്ച ചതുരംഗ(1959)ത്തിൽ 'വാസന്തരാവിൻ വാതിൽ തുറന്നു വരും', (ശാന്താ പി. നായർ, കെ. എസ്. ജോർജ്), 'കാറ്റേ വാ കടലേ വാ' (എം. എൽ. വസന്തകുമാരി), 'ഒരു പനിനീർപ്പൂവിന്നുള്ളിലുറങ്ങീ ഞാൻ' (വസന്താ ഗോപാലകൃഷ്ണൻ) എന്നീ ശ്രദ്ധേയഗാനങ്ങളുണ്ട്. തുടർന്ന് ഭാര്യ(1962)യിലെ 'പെരിയാറേ' (എ. എം. രാജ, പി. സുശീല), 'ദയാപരനായ കർത്താവേ' (യേശുദാസ്), 'പഞ്ചാരപ്പാലുമിട്ടായി' (യേശുദാസ്, പി. ലീല, രേണുക), 'മുൾക്കിരീടമിതെന്തിനു നല്കീ' (പി. സുശീല), നിത്യകന്യക(1963)യിലെ 'കണ്ണുനീർമുത്തുമായ്' (യേശുദാസ്, സുശീല), കടലമ്മ(1963)യിലെ 'കുമ്മിയടിക്കുവിൻ' (സി. ഒ. ആൻറോയും ഗ്രേസിയും സംഘവും), 'വരമരുളുക വനദുർഗേ' (പി. ലീല), സ്‌കൂൾ മാസ്റ്ററി(1964)ലെ 'ജയ ജയ ജയ ജ•ഭൂമീ' (യേശുദാസ്, തിരുവനന്തപുരം ശാന്ത), 'നിറഞ്ഞ കണ്ണുകളോടെ' (പി. ബി. ശ്രീനിവാസ്) മണവാട്ടി(1964)യിലെ 'ഇടയകന്യകേ പോവുക നീ' (യേശുദാസ്), 'അഷ്ടമുടിക്കായലിലെ' (പി. ലീല, യേശുദാസ്), കളഞ്ഞു കിട്ടിയ തങ്ക(1964)ത്തിലെ 'ഭൂമി കുഴിച്ചു കുഴിച്ചു നടക്കും' (പി. ബി. ശ്രീനിവാസ്), കൂട്ടുകുടുംബ(1969)ത്തിലെ 'തങ്കഭസ്മക്കുറിയിട്ട' (യേശുദാസ്) എന്നീ ഗാനങ്ങൾ ഇന്നും ഏറെ ജനപ്രിയങ്ങളാണല്ലൊ. 

ശ്രീകുമാരൻതമ്പി ശ്രദ്ധേയനാവുന്നു

ശ്രീകുമാരൻ തമ്പിയാണ് ഇക്കാലത്തു രംഗത്തെത്തിയ ഗാനരചയിതാക്കളിലെ മറ്റൊരു പ്രധാനി. അദ്ദേഹത്തിന്റെ ഏറെ വരികൾക്കു സംഗീതം പകർന്നത് ദക്ഷിണാമൂർത്തിയാണ്. ഇവരുടെ കൊച്ചിൻ എക്സ്പ്രസി(1967)ലെ 'ചന്തമുള്ളൊരു പെണ്മണി' (യേശുദാസ്, എൽ. ആർ. ഈശ്വരി), ഭാര്യമാർ സൂക്ഷിക്കുക(1968)യിലെ 'ആകാശം ഭൂമിയെ വിളിക്കുന്നു' (യേശുദാസ്), 'ചന്ദ്രികയിലലിയുന്നു' (എ. എം. രാജ), 'വൈക്കത്തഷ്ടമിനാളിൽ' (യേശുദാസ്, എസ്. ജാനകി), പാടുന്ന പുഴ(1968)യിലെ 'ഹൃദയസരസ്സിലെ' (യേശുദാസ്), 'സിന്ധുഭൈരവീരാഗരസം' (പി. ലീല, എ. പി. കോമള), ഡെയ്ഞ്ചർ ബിസ്‌ക്കറ്റി(1969)ലെ 'അശ്വതിനക്ഷത്രമേ' (ജയചന്ദ്രൻ), എന്നീ ഗാനങ്ങളും ശ്രദ്ധേയമായതോടെ ശ്രീകുമാരൻ തമ്പി നിലവിലുള്ള ഗാനസങ്കല്പത്തിന് കൂടുതൽ ദൃഢത നല്കി. ലളിതമായ ചില ജീവിതദർശനങ്ങളും കേരളീയതയുടെ പ്രഖ്യാതചിഹ്നങ്ങളായ കഥകളിയുടെയും ഉത്സവങ്ങളുടെയും അന്തരീക്ഷത്തിലുള്ള കാല്പനികസന്ദർഭങ്ങളും രൂപകാത്മകമായ ബിംബകല്പനകളുമൊക്കെയാണ് ഈ ഗാനങ്ങളുടെ പ്രധാനചേരുവ. 

പാശ്ചാത്യ സംഗീതത്തിന്റെ സ്പർശം

പ്രഖ്യാപിതമലയാളിത്തത്തിന് അന്യമായ സാംസ്‌കാരികാന്തരീക്ഷമുള്ള ചട്ടക്കാരി(1974)യിലെ 'ഓ മൈ ജൂലീ' (യേശുദാസ്, മാധുരി) എന്ന ഗാനത്തിന്റെ സംഗീതശൈലിയിൽ സ്വീകരിച്ചതുപോലെ പാശ്ചാത്യസംഗീതത്തിലെ കാല്പനികധാരയോടു മാത്രമാണ് മലയാളസിനിമ അല്പമെങ്കിലും അടുപ്പം കാണിച്ചത്. അതേ ചിത്രത്തിലെ 'ലവ് ഈസ് ജസ്റ്റ് എറൗണ്ട്' (ഉഷാ ഉതുപ്പ്) എന്ന ഗാനവും കാല്പനികതയുടെ വഴിയിൽ മാത്രമാണ് സഞ്ചരിച്ചത്. എഴുപതുകളിൽ മലയാളസിനിമയിലെ ചേരുവകളിലൊന്നായ ക്ലബ്ബ് ഗാനങ്ങളിലാകട്ടെ മദ്യവും മദാലസകളും ചേർന്ന നൃത്തരംഗങ്ങൾക്കായി, തികച്ചും അയഥാർഥമായ ജീവിതാന്തരീക്ഷം സൃഷ്ടിക്കുന്നതിലാണ് പാശ്ചാത്യശൈലിയുടെ അല്പമാത്രമായ സാന്നിധ്യമുള്ളത്. ദത്തുപുത്രനി(1970)ലെ 'വൈൻ ഗ്ലാസ് വൈൻ ഗ്ലാസ്' (എൽ. ആർ. ഈശ്വരി) മുതൽ റോമിയോ(1976)യിലെ 'നൈറ്റ് ഈസ് സ്റ്റിൽ യങ്' (മാധുരി) വരെ ഇത്തരം ഗാനങ്ങളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. എന്നാൽ ഉപരിപ്ലവമായ ഇത്തരം രീതികളല്ലാതെ അധോതലസംസ്‌കാരത്തിൽനിന്നും കറുത്ത സംഗീതത്തിൽനിന്നുമൊക്കെ ഊർജം സ്വീകരിച്ചു 

80-കൾ, സംഗീതവൈവിധ്യങ്ങൾ

പാശ്ചാത്യസംഗീതത്തിലെ മെലഡിയുടെ സ്വഭാവം നിരവധി ഗാനങ്ങളിലുപയോഗിച്ചതിലൂടെ ശ്രദ്ധേയരായ സംഗീതജ്ഞരാണ് ജെറി അമൽദേവ്, ഔസേപ്പച്ചൻ, ജോൺസൺ എന്നിവർ. മഞ്ഞിൽ വിരിഞ്ഞ പൂക്കൾ(1980) എന്ന ചിത്രത്തിലെ ഗാനങ്ങൾ ഏറെ പ്രസിദ്ധമായതോടെ ജെറി അമൽദേവ് സിനിമാസംഗീതത്തിൽ സജീവമായി. ബിച്ചു തിരുമലയെഴുതിയ ആ ചിത്രത്തിലെ 'മഞ്ചാടിക്കുന്നിൽ' (യേശുദാസ്, വാണി ജയറാം), 'മിഴിയോരം നനഞ്ഞൊഴുകും' (യേശുദാസ്), 'മഞ്ഞണിക്കൊമ്പിൽ' (എസ്. ജാനകി) എന്നിവയും എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്കി(1983)ലെ 'മൗനങ്ങളേ ചാഞ്ചാടുവാൻ' (യേശുദാസ്), 'ആളൊരുങ്ങി അരങ്ങൊരുങ്ങി' (കെ. എസ്. ചിത്ര), ഗുരുജീ ഒരു വാക്കി(1985)ലെ 'പെണ്ണിന്റെ ചെഞ്ചുണ്ടിൽ' (യേശുദാസ്, ചിത്ര), നോക്കെത്താദൂരത്തു കണ്ണും നട്ടി(1985)ലെ 'ആയിരം കണ്ണുമായ്' (യേശുദാസ്/ചിത്ര), 'കിളിയേ കിളിയേ' (ചിത്ര) എന്നിവയും ശ്രദ്ധേയഗാനങ്ങളാണ്. പി. ഭാസ്‌കരനെഴുതിയ ഒരു വിളിപ്പാടകലെ(1982)യിലെ 'എല്ലാമോർമ്മകൾ' (ജയചന്ദ്രൻ, എസ്. ജാനകി),  എം. ഡി. രാജേന്ദ്രൻ എഴുതിയ കൂടും തേടി(1985)യിലെ 'സംഗമം ഈ പൂങ്കാവനം' (കൃഷ്ണചന്ദ്രൻ, വാണി ജയറാം), 'വാചാലം എൻ മൗനവും' (യേശുദാസ്), ഒ. എൻ. വി. രചിച്ച പുന്നാരം ചൊല്ലിച്ചൊല്ലി(1985)യിലെ 'അരയരയരയോ കിങ്ങിണിയോ' (ചിത്ര), 'അത്തപ്പൂവും നുള്ളി' (യേശുദാസ്, ചിത്ര), 'വാ കുരുവീ ഇണപ്പൂങ്കുരുവീ' (എം. ജി. ശ്രീകുമാർ, ചിത്ര), മുല്ലനേഴിയെഴുതിയ സ•നസ്സുള്ളവർക്കു സമാധാന(1986)ത്തിലെ 'കണ്ണിനു പൊൻകണി', 'പവിഴമല്ലി' (യേശുദാസ്), കൈതപ്രം എഴുതിയ എന്നെന്നും കണ്ണേട്ടന്റെ(1986)യിലെ 'പൂവട്ടക തട്ടിച്ചിന്നി' (യേശുദാസ്, ചിത്ര), 'ദേവദുന്ദുഭീ' (യേശുദാസ്) എന്നിവ അദ്ദേഹത്തെ ശ്രദ്ധേയനാക്കി. ഒ. എൻ. വി. രചിച്ച കാതോടു കാതോര(1985)ത്തിലെ 'ദേവദൂതർ പാടി' (യേശുദാസും സംഘവും), 'നീയെൻ സർഗസൗന്ദര്യമേ' (യേശുദാസ്, ലതിക), ഭരതൻ എഴുതിയ ചിലമ്പി(1986)ലെ 'പുടമുറിക്കല്യാണം' (ചിത്ര) എന്നിവയാണ് ഔസേപ്പച്ചന്റെ എടുത്തുപറയാവുന്ന ഗാനങ്ങൾ.

90-കൾ; ക്ലാസിക്കൽ ആഭിമുഖ്യം 

എൺപതുകളിൽ സജീവമായ ക്ലാസിക്കൽ ആഭിമുഖ്യം തീവ്രമാകുന്നതാണ് തൊണ്ണൂറുകളിൽക്കാണുന്ന പ്രധാനസവിശേഷത. ക്ലാസിക്കൽ സംഗീതമെന്നു പറയുമ്പോൾ സിനിമാലോകം നിർമ്മിച്ചെടുത്ത ക്ലാസിക്കൽ സംഗീതം എന്നു പ്രത്യേകം പറയേണ്ടതുണ്ട്. അദ്വൈതം, ഹിസ് ഹൈനസ് അബ്ദുള്ള, ദേവാസുരം, ആറാം തമ്പുരാൻ തുടങ്ങിയ ചിത്രങ്ങളെയാണ് ഇവിടെ ഉദ്ദേശിച്ചത്. ജനപ്രിയസംഗീതത്തിൽ സാധ്യമായ വൈവിധ്യങ്ങളെയാകെ റദ്ദുചെയ്തുകൊണ്ടാണ് ഈ പ്രഖ്യാപിത ക്ലാസ്സിക്കൽ ബാധ ചലച്ചിത്രസംഗീതത്തെ പിടിച്ചെടുത്തത്.

രണ്ടായിരാമാണ്ടു മുതല്‍ക്കുള്ള ഗാനങ്ങളുടെ വൈവിധ്യം ശ്രദ്ധേയമാണ്. നിരവധി പുതിയ ഗായകര്‍. പുതിയ സംഗീതസംവിധായകര്‍. പുതിയ ഗാനരചയിതാക്കള്‍. അവരില്‍പ്പലരുടെയും ചില ചെറിയ പരീക്ഷണങ്ങള്‍. മുന്‍പേ ശ്രദ്ധിക്കപ്പെട്ട ചിലരുടെ സാന്നിധ്യവുമുണ്ട്. മില്ലനിയം സ്റ്റാര്‍സി(2000)ലൂടെ വിദ്യാസാഗറാണ് പരീക്ഷണത്തിനുള്ള ശ്രമങ്ങള്‍ക്കു തുടക്കമിട്ടത്. ആ ചിത്രത്തില്‍ ഗിരീഷ് പുത്തഞ്ചേരിയെഴുതിയ 'പറയാന്‍ ഞാന്‍ മറന്നു' (യേശുദാസ്, ഹരിഹരന്‍) തുടങ്ങിയ ഗാനങ്ങള്‍ സംഗീത ആല്‍ബങ്ങളുടെ സംസ്‌കാരം മലയാളത്തിലേക്കു കൊണ്ടുവരുന്നതിനുള്ള ശ്രമമായിരുന്നു. സിനിമയില്‍ മുഴുനീളഗാനങ്ങള്‍ അപൂര്‍വമാവുകയും അവ പലതായി മുറിച്ച് അതതു സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കുകയും ചെയ്തുതുടങ്ങി. ഗാനങ്ങളുടെ സ്വഭാവത്തിലും വലിയ വ്യതിയാനങ്ങള്‍ വന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് (2014) എന്ന ചിത്രത്തില്‍ അന്‍വര്‍ അലിയെഴുതി ഷഹബാസ് അമന്‍ സംഗീതം നല്കിയ 'ഊരാകെ കലപില', പ്രേമ(2015)ത്തില്‍ ശബരീഷ് വര്‍മ്മ എഴുതിപ്പാടിയ 'സീന്‍ കോണ്‍ട്രാ' തുടങ്ങിയ ഗാനങ്ങള്‍ പ്രാദേശികഭാഷയും ചടുലതാളവും ചേര്‍ന്ന സംസാരഗാനത്തിന് മലയാളത്തില്‍ കൂടുതല്‍ പ്രചാരം നല്കി. റാപ്പിനു സമീപകാലത്തു ലഭിച്ച സ്വീകരണത്തിന് ഉദാഹരണമാണ് തല്ലുമാല(2022)യിലെ 'മണവാളന്‍ തഗ്' (ഡബ്സീ), ഇര്‍ഫാന ഹമീദ് എഴുതി വിഷ്ണു വിജയ് ഈണമിട്ട 'കണ്ണില്‍ പെട്ടോളേ', രോമാഞ്ച(2023)ത്തില്‍ വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം സംഗീതം നല്കിയ 'തലതെറിച്ചവര്‍' (എം സി കൂപ്പര്‍), മഞ്ഞുമ്മല്‍ ബോയ്സി(2024)ല്‍ സുഷിന്‍ ശ്യാം സംഗീതം നല്കിയ 'കുന്ത്രാണ്ടം' (വേടന്‍), ആവേശ(2024)ത്തില്‍ വിനായക് ശശികുമാര്‍ എഴുതി സുഷിന്‍ ശ്യാം ഈണം നല്കിയ 'ഇല്ലൂമിനാറ്റി' (ഡബ്സീ) തുടങ്ങിയ ഗാനങ്ങള്‍. 

സിനിമയില്‍ സംഭവിച്ച വ്യതിയാനങ്ങള്‍ക്കു സമാന്തരമായി സംഗീത ആല്‍ബങ്ങള്‍ക്കും അരങ്ങവതരണങ്ങള്‍ക്കും കൂടുതല്‍ പ്രചാരമുണ്ടായി എന്നതാണ് സംഗീതരംഗത്തുണ്ടായ പ്രധാനവികാസം. മൊഹ്സിന്‍ പരാരി എഴുതി സംവിധാനം ചെയ്ത നാറ്റീവ് ബാപ്പാ (മാമുക്കോയ, ഹാരിസ്) എന്ന ആല്‍ബത്തിലൂടെ സാന്നിധ്യമറിയിച്ച മാപ്പിള ലഹള,  കടമ്മനിട്ടയുടെ ചാക്കാല എന്ന പ്രശസ്ത കവിതയും 'ഒന്നാം നാള്‍', 'കിനാവിന്‍ വഴി' തുടങ്ങിയ ഗാനങ്ങളും അവതരിപ്പിച്ച ഊരാളി, പല ചലച്ചിത്രഗാനങ്ങള്‍ കോര്‍ത്തിണക്കിയ നൊസ്റ്റാള്‍ജിയ, ഫിഷ് റോക്ക് മുതലായ അവതരണങ്ങളിലൂടെ ശ്രദ്ധേയമായ തൈക്കൂടം ബ്രിഡ്ജ്, 'ഊമ്പലും കഞ്ഞിയും' എന്ന ഗാനം അവതരിപ്പിച്ച മലയാളി മങ്കീസ് തുടങ്ങിയ ബാന്‍ഡുകളും 'മലയാളി ഡാ', 'ഒഴപ്പന്‍ ആന്‍തം' തുടങ്ങിയ നര്‍മ്മപ്രധാനമായ ഗാനങ്ങളിലൂടെ ശ്രദ്ധേയനായ തിരുമാലി, 'കനലൊരു തരി മതി', 'ഉറങ്ങട്ടെ' തുടങ്ങിയ രാഷ്ട്രീയ റാപ് ഗാനങ്ങളിലൂടെ പ്രശസ്തനായ വേടന്‍ എന്നീ ഗായകരും മലയാളസംഗീതത്ത് സ്വതന്ത്രാവതരണങ്ങളുടെ സാധ്യത കണ്ടെടുക്കുന്നു. 

കവിയും ഗാനരചയിതാവുമാണ് ലേഖകന്‍.(നിലം പൂത്തുമലര്‍ന്ന നാള്‍, മുറിനാവ് എന്നിവ നോവലുകള്‍.)