ഒരു പൊന്‍താരകം - ഗാനരചനാലോകത്തിന്റെ വളര്‍ച്ചയില്‍ താരമായിരുന്ന ഒഎന്‍വിയിലൂടെ

post

ശ്രീകുമാര്‍ മുഖത്തല

മലയാള ചലച്ചിത്ര ഗാനങ്ങള്‍ ആവിര്‍ഭവിച്ച കാലത്തെ ആധാരമാക്കി സംസാരിച്ചാല്‍ ഇന്നും അത് യൗവനത്തിലാണ് എന്ന് പറയേണ്ടിവരും. ആ യൗവനം അതിന്റെ പിറവിമുതല്‍ ഉണ്ടായി എന്നതും അത്ഭുതകരമാണ്. ഹിന്ദി, തമിഴ് ഈണങ്ങളെ പിന്‍പറ്റി രചിക്കപ്പെട്ടിരുന്ന മലയാള ഗാനങ്ങളില്‍ പോലും കാവ്യാംശത്തിന്റെയും സംഗീതാത്മകതയുടെയും മികവു കണ്ടെത്താന്‍ കഴിയുമായിരുന്നു. മെല്ലെ മെല്ലെ സ്വതന്ത്രവ്യക്തിത്വം നേടി ഗാനങ്ങള്‍ പിറവി കൊണ്ടപ്പോള്‍ അനിതര സാധാരണമായ ഭംഗിയോടെ ഭാഷാസൗന്ദര്യവും സംഗീതസൗഭഗവും അതില്‍ ലയിച്ചുചേര്‍ന്നു.

ഭാഷ ബംഗാളി ആയാലും മറാഠിയായാലും തമിഴായാലും മലയാളമായാലും പഴയകാല ചലച്ചിത്ര ഗാനങ്ങള്‍ക്ക് കേള്‍വിയിലും ആസ്വാദനത്തിലും അനുഭവത്തിലും സാമ്യങ്ങളുണ്ടായിരുന്നു. ആ പശ്ചാത്തലത്തില്‍നിന്ന് ചില ഗാനരചയിതാക്കളും ചില സംഗീതസംവിധായകരും ചില ഗായകരും നക്ഷത്രങ്ങളായിത്തീര്‍ന്നു. മലയാള ഗാനരചനാലോകത്തിന്റെ വളര്‍ച്ചയില്‍ വിപുലമായ സംഭാവന നല്‍കിയ അങ്ങനെയൊരു താരകമായിരുന്നു ഒ എന്‍ വി.

കാലം മാറുന്നു എന്ന ചിത്രത്തിനുവേണ്ടി ആദ്യഗാനം എഴുതി തിരശ്ശീലയില്‍ തെളിഞ്ഞുവന്ന പേരായ ഒഎന്‍വി പിന്നീട് തന്റെ ഗാനരചനാസപര്യയില്‍ മലയാളചലച്ചിത്ര ഗാനരചനാരംഗത്തിന് സവിശേഷ ശോഭ പകര്‍ന്നു. അദ്ദേഹത്തിന്റെ രചനകള്‍

പി ഭാസ്‌കരന്റേതു പോലെ വിശാലവും ലളിതവുമായ നാടന്‍ അനുരാഗത്താല്‍ പ്രചോദിതമായിരുന്നില്ല. തനിക്ക് പിന്നാലെ വന്ന് തട്ടകം അടക്കി വാണ വയലാറിനെ പോലെ വിശാലഭൂമികളില്‍ വിഹരിക്കുന്നതുമായിരുന്നില്ല. സുശിക്ഷിതമായ കാവ്യബോധത്തിന്റെയും സംസ്്കരിച്ചെടുത്ത വികാരങ്ങളുടെയും വിശ്രുതകീര്‍ത്തനങ്ങള്‍ ആയിരുന്നു അവ. നാടകഗാനങ്ങളില്‍ ഒഎന്‍വി പുലര്‍ത്തിയിരുന്ന ലളിതമായ ആഖ്യാനശൈലി അദ്ദേഹം ചലച്ചിത്ര ഗാനരചനയില്‍ കൊണ്ടുവന്നില്ല, പകരം വ്യക്തിത്വത്തോടെ തലയുയര്‍ത്തി നിന്ന തന്റേതായ വിശിഷ്ടസംസ്‌കാരം സൃഷ്ടിക്കുകയാണ് ചെയ്തത്. ഒഎന്‍വി ഗാനങ്ങളില്‍ സാമാന്യേന പറഞ്ഞാല്‍ തെളിഞ്ഞുനില്‍ക്കുന്നത് ബാഹ്യജീവിതദൃശ്യങ്ങളോ, ഒഴുക്കിന്‍മേല്‍ പരന്നുനിറയുന്ന ബിംബങ്ങളോ അല്ല. ഉള്ളിലടങ്ങിയ വികാരസാന്ദ്രതയുടെ വിസ്മയകരമായ ആവിഷ്‌കാരങ്ങളാണ്.

കാട്ടുപൂക്കള്‍ എന്ന സിനിമയ്ക്ക് വേണ്ടി

'കാട്ടുപൂക്കള്‍ ഞങ്ങള്‍ കാട്ടുപൂക്കള്‍' എന്ന ഗാനം എഴുതുമ്പോള്‍

'ഇരുളിന്റെ തൊട്ടിലില്‍ വീണുറങ്ങി ഞങ്ങള്‍

ഒരു തുള്ളി വെട്ടം കിനാവ് കണ്ടു'

എന്നാണെഴുതുന്നത.് ഒരു ജീവിതത്തെ ചെറിയൊരു വരയാല്‍ സൂചിപ്പിക്കുന്ന ചിത്രം പോലെ അനുഭവത്തിന്റെ തീവ്രസന്താപത്തെ ഒഎന്‍വി വരച്ചിടുന്നു. അതും അയത്നലളിതമായി പിറക്കുന്ന വരികളിലൂടെ.

കാവ്യസംസ്‌കൃതിയുടെ ദീപ്തി

ബാല്യകൗമാരങ്ങളില്‍ ഒഎന്‍വി ആര്‍ജിച്ച ഭാരതീയവും കേരളീയവുമായ കാവ്യസംസ്‌കൃതിയുടെ മഹാപ്രകാശമാണ് ഗാനങ്ങളിലൂടെ വെളിപ്പെട്ടത.് നാടക ഗാനരചനയിലൂടെ കൃതഹസ്തത നേടിയ ശേഷമാണ് ഒഎന്‍വി ചലച്ചിത്ര ഗാനരചനയില്‍ എത്തുന്നത.് അതിനാല്‍ ഒരമ്പരപ്പും കൂടാതെ അങ്ങേയറ്റം സൗമ്യമായി എന്നാല്‍ ആഴത്തില്‍ പ്രതിഫലിക്കുന്ന കുറേ ഗാനങ്ങള്‍ അദ്ദേഹം നമുക്ക് സമ്മാനിച്ചു. കരുണയുടെ പ്രാരംഭത്തില്‍ കുമാരനാശാന്‍ മലയാളിക്ക് മുന്നില്‍ അവതരിപ്പിച്ച വാസവദത്തയുടെ മദാലസസൗന്ദര്യം മൂലകൃതി പുലര്‍ത്തിയ വിവേകത്തോടെ ഒഎന്‍വി ഗാനമാക്കി മാറ്റി. എന്നാല്‍ വാസവദത്ത എന്ന വാരനാരിയുടെ ആസക്തി എത്രമാത്രം എന്നും നമ്മെ ബോധ്യപ്പെടുത്തുകയും ചെയ്തു.

'നിന്‍ തിരുനെറ്റി കണ്ടാല്‍

കസ്തൂരിക്കുറി കണ്ടാല്‍

പഞ്ചമിത്തിങ്കള്‍ നാണിച്ചൊളിച്ചു പോകും

പിന്തിരിഞ്ഞു നീ നില്‍ക്കെ

കാണ്‍മൂ ഞാന്‍ മണിത്തമ്പുരു

ഇതുമീട്ടാന്‍ കൊതിച്ചു നില്‍പൂ

കൈ തരിച്ചു നില്‍പൂ.'

ഇതിലുമധികം അതെഴുതാനാവില്ല. ഈ ഭാവഗൗരവമാര്‍ന്ന രചനാരീതി അദ്ദേഹം ആവോളം പുലര്‍ത്തിപ്പോന്നു. കൃതികളെ പരാമര്‍ശിക്കുമ്പോഴും കാവ്യസന്ദര്‍ഭങ്ങളെ തൊട്ടുഴിയുമ്പോഴും ഇത് ശോഭയോടെ തിളങ്ങുന്നത് കാണാം.

കാവ്യഭാവനയുടെ ഹിമാലയഗരിമ

ശിവസങ്കല്പത്തിന്റെ മഹാഗരിമ പലവിധത്തില്‍ ആസേതുഹിമാചലം വ്യാപിച്ചിട്ടുണ്ട.് ശൈവാദ്വൈതം എന്ന നിലയില്‍ സിദ്ധാന്തമായും ശൈവസംസ്‌കാരമായി ആചാരാനുഷ്ഠാനങ്ങളിലും അതു കാണാം. കാളിദാസന്റെ കുമാരസംഭവം ചലച്ചിത്രമാകുമ്പോള്‍ ആ സിനിമയില്‍ ആവിഷ്‌ക്കരിക്കാന്‍ ശ്രമിച്ച ഹിമാലയഗരിമയുടെയും ശൈവഗൗരവത്തിന്റെയും പതാക ഉയരത്തില്‍ പറപ്പിച്ചത് ഒ എന്‍ വി എഴുതിയ വിരുത്തമാണ്.

'പൊല്‍തിങ്കള്‍ക്കലപൊട്ടുതൊട്ട ഹിമവല്‍

ശൈലാഗ്ര ശൃംഗത്തില്‍ വെണ്‍

കൊറ്റപൂങ്കുട പോല്‍ വിടര്‍ന്ന വിമലാ

കാശാന്തരംഗങ്ങളില്‍

നൃത്യധുര്‍ജ്ജടി ഹസ്തമാര്‍ന്ന തുടിതന്‍

ഉത്താള ഡും ഡും രവം

സത്യത്തിന്‍ പൊരുളാലപിപ്പൂ മധുരം

സത്യം ശിവം സുന്ദരം'

കാളിദാസ കാവ്യലാവണ്യം കടഞ്ഞെടുത്ത ഭാവസൗന്ദര്യം ഈ വിരുത്തത്തില്‍ കാണാം ''ഇവിടെ എല്ലാവര്‍ക്കും സുഖം'' എന്ന ചിത്രത്തില്‍

'എത്ര മനോഹരമീഭൂമി

ചിത്രത്തിലെഴുതിയപോലെ

ചൈത്രസഖീ വന്നുചമയിച്ചൊരുക്കിയൊ

രാശ്രമകന്യകയെ പോലെ'

എന്നെഴുതുന്നു. കാളിദാസ ശാകുന്തളത്തിലെ പ്രഥമരംഗത്തില്‍ ദുഷ്യന്തനും തന്റെ തേരാളി മാതലിയും ദേവലോകത്തു നിന്നും ഭൂമിയിലേക്ക് വരുമ്പോള്‍ അവര്‍ കാണുന്ന കാഴ്ച സൃഷ്ടിച്ച കാവ്യബോധം തന്നില്‍ നിലീനമായതില്‍ നിന്ന് പുറപ്പെടുന്നതാണീ കാവ്യശകലം. ഈ സംസ്‌കാരം പലതരത്തില്‍ അദ്ദേഹത്തില്‍ ഋതുവര്‍ണ്ണനാശകലങ്ങളായി പിറക്കുന്നുണ്ട്

പുതുമഴക്കുളിരില്‍ പൂന്നിലാ

മുഴുതമാദകമാംഗന്ധം

വഴിയുമീവഴിവന്ന കാറ്റാ-

ലഹരിനുരയുമ്പോള്‍

നിമിഷപാത്രത്തില്‍ ആരീ

അമൃതുപകരുന്നു? എന്നും

ഇവിടെ നില്‍ക്കാന്‍ അനുവദിക്കൂ

പാടുവാന്‍ മാത്രം (എഴുതാപ്പുറങ്ങള്‍)

ഇത്രയും സാന്ദ്രമായി എഴുതപ്പെട്ട ഗാനങ്ങള്‍ അപൂര്‍വം എന്നുപറയേണ്ടിവരും.

മറ്റൊരുദാഹരണം

'താഴംപൂക്കാറ്റുതലോടിയപോലെ

നൂറാതിരതന്‍രാക്കുളിരാടിയപോലെ

കുന്നത്തെവിളക്കുതെളിക്കുംകയ്യാല്‍

കുഞ്ഞുപൂവിന്നജ്ഞനത്തില്‍

ചാന്തുതൊട്ടതുപോലെ (ആരണ്യകം)

ഇതിലൂടെ ശരിക്കും ആത്മാവില്‍ മുട്ടിവിളിക്കുകയാണു കവി ചെയ്തത്. പറഞ്ഞാല്‍ തീരാത്തത്ര ഉദാഹരണങ്ങളുണ്ട്.

ആരെയോര്‍ത്തുവേദനിപ്പൂ

ചാരുചന്ദ്രലേഖ?

ഓരിതള്‍പ്പൂപോലെനേര്‍ത്തു

നേര്‍ത്തുപോവതെന്തേ

എങ്കിലും നീ വീണ്ടും

പൊന്‍കൂടമാം നാളെ-മധുതിങ്കളാകും നാളെ

(പൊന്‍മുട്ടയിടുന്ന താറാവ്)

മലയാള ചലച്ചിത്രഗാനരചനയില്‍ പൂര്‍വകാല കാവ്യസംസ്‌കാരത്തിന്റെ സ്വാംശീകരണത്തിലൂടെ കേരളീയ ജീവിതത്തെയും പ്രകൃതിയെയും സാക്ഷാത്കരിക്കാനും സാന്ദ്രതയോടെ അവതരിപ്പിക്കാനും ഒ എന്‍ വി ശ്രമിച്ചിട്ടുണ്ട്. എല്ലാ ഗാനരചയിതാക്കളിലും ഏറിയോ കുറഞ്ഞോ ഇതു കാണാം. എന്നാല്‍ ഒഎന്‍വിയില്‍ അതു സവിശേഷമായ കാവ്യാനുഭൂതി ജനിപ്പിക്കും വിധം സൗന്ദര്യാത്മകമാണ്. ആ ഗാനസാമ്രാജ്യത്തിന്റെ അതിര്‍ത്തിയില്‍ നിന്ന് അകത്തേക്ക് നോക്കുക മാത്രമേ ചെയ്തിട്ടുള്ളൂ. ആഴത്തിലുള്ള കാഴ്ച വരാനിരിക്കുന്നതേുള്ളൂ.


സമകാലിക ജനപഥം 2024 മെയ് ലക്കത്തില്‍ നിന്ന്‌