സംസ്ഥാനത്ത് കുടുംബ ബജറ്റ് സർവേ, ഉദ്ഘാടനം ഒക്ടോബർ 16ന്

post

കേരളത്തിലെ കാർഷിക-വ്യാവസായിക തൊഴിലാളികളുടെ മിനിമം വേതനത്തിലെ ക്ഷാമബത്ത നിശ്ചയിക്കുന്നതിനുള്ള ഉപഭോക്തൃ വിലസൂചിക  പരിഷ്‌കരിക്കുന്നതിനായി  കുടുംബ ബജറ്റ് സർവേക്ക് സംസ്ഥാനത്ത് തുടക്കമാകുന്നു. ജനങ്ങളുടെ ജീവിതരീതിയിലും ഉപഭോഗശീലങ്ങളിലും വന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങൾ കാരണം നിലവിലെ 2011-12 വർഷത്തെ അടിസ്ഥാനമാക്കിയുള്ള സൂചിക പുതുക്കണമെന്നുള്ള തൊഴിലാളികളുടെയും മിനിമം വേജസ് ഉപദേശക സമിതിയുടെയും ദീർഘനാളത്തെ ആവശ്യത്തെ തുടർന്നാണ് ഈ പുതിയ സർവേ.

2025-26 അടിസ്ഥാന വർഷമാക്കി സർവേ നടത്താൻ തൊഴിൽ വകുപ്പ്, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിനോട് നിർദേശിക്കുകയും നടത്തിപ്പിനായി   1,13,90,000/ (ഒരു കോടി പതിമൂന്ന് ലക്ഷത്തി തൊണ്ണൂറായിരം രൂപ) തൊഴിൽ വകുപ്പ് അനുവദിക്കുകയും ചെയ്തിട്ടുണ്ട്. സംസ്ഥാനത്തെ 17 കേന്ദ്രങ്ങളിലായി, മിനിമം വേതന നിയമം ബാധകമായ 7920 തൊഴിലാളി കുടുംബങ്ങളെ ഉൾപ്പെടുത്തി ഒരു വർഷം നീണ്ടുനിൽക്കുന്ന സർവേയാണിത്. സർവേയുടെ നിയന്ത്രണത്തിനായി തൊഴിലാളി, തൊഴിലുടമ, ഉദ്യോഗസ്ഥർ, വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി 21 അംഗ സംസ്ഥാനതല കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. വിവരശേഖരണത്തിനായി 22 എന്യൂമറേറ്റർമാരുടെ തെരഞ്ഞെടുപ്പ് പൂർത്തിയാക്കുകയും സാമ്പത്തിക സ്ഥിതിവിവരക്കണക്ക് വകുപ്പിലെ ഉദ്യോഗസ്ഥർ പരിശീലനം നേടുകയും ചെയ്തു. സർവേയുടെ ഫീൽഡ് പ്രവർത്തനങ്ങൾ ഈ മാസം തുടങ്ങാനാണ് ഉദ്ദേശിക്കുന്നത്.

കുടുംബ ബജറ്റ് സർവേയുടെ സംസ്ഥാനതല ഉദ്ഘാടനം ഒക്ടോബർ 16ന്   ഉച്ചയ്ക്ക് 12 മണിക്ക് തൈക്കാട് പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസിൽ നടക്കും. തൊഴിൽ വകുപ്പ് മന്ത്രി  വി. ശിവൻകുട്ടി ഉദ്ഘാടനം നിർവഹിക്കുന്ന ചടങ്ങിൽ ആന്റണി രാജു എം എൽ എ അധ്യക്ഷത വഹിക്കും. കൺസ്യൂമർ പ്രൈസ് ഇൻഡക്സ് റിവിഷൻ കമ്മിറ്റി അംഗങ്ങൾ, സർവേ എന്യൂമറേറ്റർമാർ, ഉദ്യോഗസ്ഥർ ഉൾപ്പെടെ 120 ഓളം പേർ ചടങ്ങിൽ സംബന്ധിക്കും.  സംസ്ഥാനത്ത് ഇതുവരെ 4 കുടുംബ ബജറ്റ് സർവ്വേകളാണ് നടന്നിട്ടുള്ളത്. 1939, 1970, 1998-99, 2011-12 എന്നിവയായിരുന്നു മുൻ സർവേകളുടെ അടിസ്ഥാന വർഷങ്ങൾ.