കേരളത്തിന്റെ ഗസൽ വഴിത്താരകൾ

post

സി.കെ. ഹസ്സൻ കോയ

ഉർദു കാവ്യശാഖയിലെ താരതമ്യേന ലളിതരൂപമായ ഗസലിന് ഇന്ന് വ്യാപകമായ അംഗീകാരമുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിൽ ഗസൽ ആലാപനശൈലി ചലച്ചിത്ര പിന്നണി സംഗീതത്തിലും ഉപയോഗിക്കാൻ തുടങ്ങിയത് പുതുതലമുറയേയും ഗസലിലേക്ക് ആകർഷിച്ചു. പ്രണയവും വിരഹവും ആത്മീയതയും സൂഫി ചിന്തകളും ഗസലിന് വിഷയമാകാറുണ്ട്. കവിതയുടെ ഭാഷയെന്ന് നിർവചിക്കപ്പെട്ട ഉർദുവിന്റെ തനതായ കാവ്യശൈലിയാണ് ഗസൽ. മലയാളം ഉൾപ്പെടെ ഇതരഭാഷകളിൽ ഇതിന് അനുകരണം ഉണ്ടാകാറുണ്ടെങ്കിലും പൊതുവേ ഗസലിന്റെ ആലാപനശൈലി മാത്രമാണ് അനുകർത്താക്കൾ പിന്തുടരുന്നത്.

പതിമൂന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന പേർഷ്യൻ കവി അമീർ ഖുസ്രുവിനെയാണ് ഇന്ത്യയിൽ ഗസലിന്റെ പിതാവായി കണക്കാക്കുന്നത്. സെനികബാരക്കുകളിൽ പേർഷ്യനും സംസ്‌കൃതവും പഹാഡിയുമെല്ലാം കൂടിക്കുഴഞ്ഞുണ്ടായതാണ് കാവ്യഭാഷയായ ഉർദുവെന്ന് ഭാഷാ ചരിത്രം പറയുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഉർദുഭാഷയുടെ ആവിർഭാവത്തോടെ ഗസലിന് വളരെ ജനപ്രിയമായ മുഖം കൈവരികയായിരുന്നു. മുശായിരകളിൽ (കാവ്യസദസ്സുകൾ) കവികൾ ഈണത്തിൽ ചൊല്ലിയിരുന്ന ഗസലുകൾ കാലക്രമേണ ഹിന്ദുസ്ഥാനി രാഗങ്ങളിൽ ചിട്ടപ്പെടുത്തി ഗായകർ പാടാൻ തുടങ്ങിയതോടെ അവയുടെ ഭാവഗരിമ ശ്രോതാക്കളെ കൂടുതൽ ആകർഷിക്കുകയും ഇന്ത്യ, പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഭൂഖണ്ഡത്തിലെങ്ങും ആരാധകരുണ്ടാവുകയും ചെയ്തു.

മിർ തകീ മിർ, മിർസാ ഗാലിബ്, മോമിൻഖാൻ മോമിൻ, അല്ലാമാ ഇഖ്ബാൽ, ബഹദൂർഷാ സഫർ, ദാഗ് ദഹലവി, ഫൈസ് അഹമ്മദ് ഫൈസ്, അഹമ്മദ് ഫറാസ്, സാഹിർ ലുധിയാൻവി, ഷക്കീൽ ബദായുനി, മജ്റൂഹ് സുൽത്താൻപുരി, കൈഫി ആസ്മി, ഡോക്ടർ ബഷീർ ബദർ, ഫിറാഖ് ഗോരഖ്പുരി, മഖ്ദൂം മൊഹിയുദ്ദീൻ, ഹസ്രത് മൊഹാനി, ജിഗർ മൊറാദാബാദി, പർവീൺ ഷാക്കിർ, ഹഫീസ് ജലന്ധരി, റാഹത് ഇന്ദോരി, നിദാ ഫാസ്ലി തുടങ്ങി എണ്ണമറ്റ കവികളുടെ സ്നേഹപരിലാളനങ്ങളിൽ വളർന്നു പുഷ്പിച്ച ഉദ്യാനമാണ് ഇന്നു കാണുന്ന ഗസലിന്റേത്.

ഗസലിനെ ജനപ്രിയമാക്കുന്നതിൽ വലിയൊരു ഗായകനിര പങ്ക് വഹിച്ചിട്ടുണ്ട്. ബീഗം അക്തറും മെഹ്ദി ഹസ്സനും തലത് മെഹ്‌മൂദും ഗുലാം അലിയും ജഗജിത് സിംഗും, ഹബീബ് വാലി മുഹമ്മദും രാജേന്ദ്ര മേത്ത നീനാ മേത്ത ദമ്പതികളും അനൂപ് ജലോട്ട, പങ്കജ് ഉധാസ്, പീനാസ് മസാനി, തലത്് അസീസ്, ഭൂപീന്ദർ സിംഗ്, അശോക് ഖോസ്ല, ചന്ദൻ ദാസ്, മധുറാണി തുടങ്ങിയ ഗായകരും ഇക്കൂട്ടത്തിൽ പെടുന്നു. ഇവരിൽ ബീഗം അക്തറും മെഹ്ദി ഹസ്സനും രണ്ടു ശൈലികളിലൂടെ ഗസൽ ആലാപനത്തിന് സവിശേഷ മാനം നൽകിയവരാണ്. ഹിന്ദുസ്ഥാനി സംഗീതത്തിലെ തുംരി ശൈലിയാണ് ബീഗം അക്തർ സ്വീകരിച്ചതെങ്കിൽ ക്ലാസിക്കൽ സംഗീതജ്ഞനായ മെഹ്ദി ഹസ്സൻ പിന്തുടർന്നത് ഖയാൽ ശൈലിയാണ്. ബാല്യകാലത്തു തന്നെ തുംരി, ഖയാൽ, ദ്രുപദ് ആലാപനശൈലികളിൽ അദ്ദേഹം കഴിവു തെളിയിച്ചിട്ടുണ്ട്.


തുറമുഖനഗരങ്ങളിലെ ഗസൽ രാവുകൾ

ഉത്തരേന്ത്യൻ തുറമുഖങ്ങളുമായി മലയാളികൾക്ക് പണ്ടുമുതലേ ഉണ്ടായിരുന്ന ബന്ധമാണ് ഗസലിനെ കേരളീയർക്കിടയിൽ സുപരിചിതമാക്കിയത്. കോഴിക്കോടും കൊച്ചിയുമായിരുന്നു പ്രധാനകേന്ദ്രങ്ങൾ. സഞ്ചാരികളായ ഉസ്താദുമാർ 19-ാം നൂറ്റാണ്ടിന്റെ തുടക്കം മുതൽ തന്നെ ഈ രണ്ടുനഗരങ്ങളിലും സമീപപ്രദേശങ്ങളിലും വന്നും പോയും ഇരുന്നു. ആസ്വാദകരായ വണികപ്രമുഖർ വീടുകളിലും തട്ടിൻ പുറത്തെ ക്ലബ്ബുകളിലും ഇവരുടെ ആതിഥേയരായി. ഗസൽ ആസ്വാദനത്തിൽ കേരളീയരുടെ ഈ പാരമ്പര്യത്തെക്കുറിച്ച് ഉത്തരേന്ത്യയിലെ ഗായകർ പൊതുവേ അജ്ഞരാണ്.

വർഷങ്ങൾക്കുമുമ്പ് മെഹ്ദി ഹസ്സൻ ചികിത്സാർഥം കോട്ടക്കൽ ആര്യവൈദ്യശാലയിൽ ഒരു മാസം താമസിച്ചു മടങ്ങുമ്പോൾ ആസ്വാദകരുടെ നിർബന്ധത്തിനു വഴങ്ങി കോഴിക്കോട്ടു നടത്തിയ ഗസൽ കച്ചേരി വൻ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. കോഴിക്കോട്ടെ ഈ ആൾക്കൂട്ടം തന്നെ അത്ഭുതപ്പെടുത്തിയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. ആരോഗ്യനില മോശമായ അദ്ദേഹത്തിന്റെ ജീവിതത്തിലെ അവസാനകച്ചേരിയും ഇതായിരുന്നു. മലബാർ മഹോത്സവത്തിൽ പങ്കെടുക്കാനെത്തിയ ഗായകൻ ജഗജിത് സിംഗിന് മലയാളികളുടെ ഗസൽ പ്രേമം അവിശ്വസനീയമായിരുന്നു. മാനാഞ്ചിറ മൈതാനിയിൽ നടന്ന പരിപാടിയിൽ ആദ്യത്തെ മൂന്നോ നാലോ ഗസലുകൾ ആലപിക്കുന്നതിനു മുമ്പ് അതിന്റെ ആദ്യവരികളെങ്കിലും മലയാളത്തിൽ തർജമ ചെയ്ത് വായിക്കണമെന്ന് അദ്ദേഹം നിഷ്‌കർഷിച്ചത് അതിനാലാണ്. പരിപാടി മുന്നോട്ടു പോയപ്പോൾ ശ്രോതാക്കളിൽ നിന്നുണ്ടായ പ്രതികരണവും ഫർമായിഷുകളുമാണ് താൻ വിചാരിച്ചതു പോലെയല്ല കാര്യങ്ങൾ എന്ന വസ്തുത അദ്ദേഹത്തെ ബോധ്യപ്പെടുത്തിയത്.


നജ്മൽ ബാബുവും ഉമ്പായിയും

കേരളത്തിൽ ഗസലുകൾക്ക് പ്രചാരം നൽകുന്നതിൽ നിർണായകപങ്ക് വഹിച്ചത് ഗായകൻ നജ്മൽ ബാബുവാണ്. മെഹ്ദി ഹസ്സൻ, ഗുലാം അലി, ഭൂപീന്ദർ തുടങ്ങിയ പ്രമുഖരുടെ ഗസലുകൾ എഴുപതുകളിൽ തന്നെ ക്ലബ്ബുകളിലും വേദികളിലും അദ്ദേഹം പാടിയിരുന്നു. ഒരു കാലത്ത് ഗാനമേളകളുടെ അവിഭാജ്യ ഘടകമായിരുന്ന നജ്മൽ പൂർണ്ണമായി ഗസലിലേക്കു തിരിഞ്ഞപ്പോഴാണ് വേദിയിൽ ഇരുന്നു പാടാൻ തുടങ്ങിയതുതന്നെ. പണം പരിഗണിക്കാതെ കിട്ടുന്ന വേദികളിലെല്ലാം ഗസലുകൾ ആലപിച്ച് കേരളത്തിലങ്ങോളം സഞ്ചരിച്ച ഈ ഗായകൻ കേരളത്തിൽ പുതിയൊരു ഗസൽ തരംഗത്തിനുതന്നെ തുടക്കമിട്ടു. കോഴിക്കോട് കമ്മത്ത് ലൈനിലെ പാരിബാസ് ഹോട്ടലിൽ ഗസൽധാര എന്ന സംഘടനയുടെ ആഭിമുഖ്യത്തിൽ നജ്മൽബാബുവും സഹോദരൻ സത്യജിത്തും എൺപതുകളിൽ പ്രതിവാര ഗസൽസന്ധ്യ സംഘടിപ്പിച്ചിരുന്നു.

പിന്നാലെ വന്ന ഉമ്പായി ഷക്കീൽ ബദായുനിയുടെ ഗസലുകൾ ഈണമിട്ടു പാടി ആദാബ് എന്ന ഗസൽ ആൽബം പുറത്തിറക്കി പുതിയൊരു തരംഗത്തിന് തുടക്കമിട്ടു. മലയാളിയുടെ ആദ്യ ഗസൽ ആൽബമായിരുന്നു ഇത്. പിന്നീട് കവി വേണു വി.ദേശത്തിന്റെ ഗാനങ്ങൾ ഉൾപ്പെടുത്തി മലയാളം ഗസൽ ആൽബമായ പ്രണാമവും. ഗസലിന്റെ ജനപ്രീതി മനസിലാക്കി മലയാളം ഗസലുകൾ എന്ന പേരിൽ ഒഎൻവി കുറുപ്പ്്, സച്ചിദാനന്ദൻ തുടങ്ങിയ പ്രമുഖ കവികളുടെ ഗാനങ്ങൾ ഗസൽശൈലിയിൽ ആലപിച്ച ഉമ്പായിയാണ് കേരളത്തിൽ ഗസലിന്റെ വിപണിസാധ്യത ആദ്യമായി തിരിച്ചറിഞ്ഞത്. വലിയൊരു ആരാധകവൃന്ദമുള്ള ഉമ്പായിയുടേതായി നിരവധി ആൽബങ്ങൾ പുറത്തിറങ്ങുകയും വ്യാപകമായ ജനപ്രീതി നേടുകയും ചെയ്തിട്ടുണ്ട്. കൊച്ചിക്കാരനായ ഈ ഗായകനുവേണ്ടി ബാബുരാജിന്റേയും കോഴിക്കോട് അബ്ദുൾ ഖാദറിന്റേയും നജ്മൽ ബാബുവിന്റേയും നാടായ കോഴിക്കോട്ട് സ്മാരകം ഉയരാനിരിക്കുന്നു.

ഫിലിപ്പ് വി. ഫ്രാൻസിസ്, ഷഹബാസ് അമൻ, റഫീഖ് യൂസഫ്, ജിതേഷ്, റാസ, ബിഗം ദമ്പതികൾ തുടങ്ങി അനേകം ഗസൽ ഗായകരിലൂടെ കേരളത്തിന്റെ ഗസൽപ്രേമം പൂത്തുലഞ്ഞു നിൽക്കുകയാണ്. ഇവരിൽ ഫിലിപ്പ് ഒഴികെയുള്ളവരെല്ലാം സജീവമായി ഇന്നും രംഗത്തുണ്ട്. വ്യത്യസ്തമായ ആലാപന ശൈലിയിലൂടെ ആസ്വാദക ഹൃദയത്തിൽ ഇടം നേടിയ ഫിലിപ്പ് വർഷങ്ങൾക്കു മുമ്പ് തൃശൂരിൽ നടന്ന ഒരു റോഡപകടത്തിൽ മരണപ്പെടുകയായിരുന്നു. വിഖ്യാത ഹിന്ദുസ്ഥാനി ഗായിക ശോഭാ ഗുർതു ഉൾപ്പടെ പ്രമുഖ ക്ലാസിക്കൽ ഗായകർക്ക് തബലയിൽ അകമ്പടിയേകിയ ഫിലിപ്പിന് ഹിന്ദുസ്ഥാനി, കർണാട്ടിക്, പാശ്ചാത്യ സംഗീതധാരകളിൽ നല്ല അറിവുണ്ടായിരുന്നു. കേരളത്തിൽ ഗസലിന് ആസ്വാദകരെ സൃഷ്ടിക്കുന്നതിൽ ചലച്ചിത്രഗാനങ്ങളും കാര്യമായ പങ്കു വഹിച്ചിട്ടുണ്ട്. ബാബുരാജ്, അർജുനൻ മാസ്റ്റർ, ജോൺസൺ, കണ്ണൂർ രാജൻ, എ. ടി ഉമ്മർ തുടങ്ങിയ സംഗീതസംവിധായകർ ഗസൽ ശൈലിയിൽ സൃഷ്ടിച്ച ഗാനങ്ങൾ നിത്യഹരിതമായി നില നിൽക്കുന്നു.