ലോക്ഡൗണില്‍ ലോക്കാവാതെ പുല്‍പ്പള്ളി ഹരിത കര്‍മ്മ സേന

post

വയനാട് : ലോക്ഡൗണ്‍ കാലത്ത് ലോക്കവാതെ അല്പം തിരക്കിലാണ് പുല്‍പ്പള്ളി ഗ്രാമ പഞ്ചായത്തിലെ 36 പേര്‍ അടങ്ങുന്ന ഹരിത കര്‍മ്മ സേന യൂണിറ്റ്. കോവിഡ് 19 നിയന്ത്രണങ്ങള്‍ വന്നതിനു ശേഷം ഫീല്‍ഡില്‍ പോവാന്‍ കഴിയാതിരുന്ന ഇവര്‍ പഞ്ചായത്ത് ഭരണ സമിതിയുടെ പൂര്‍ണ്ണ പിന്തുണയോടെ മാസ്‌ക് നിര്‍മ്മാണം,തുണി സഞ്ചി,പേപ്പര്‍ ബാഗ് നിര്‍മ്മാണം,എല്ലാ വാര്‍ഡുകളിലും പച്ചക്കറി  വിത്ത് വിതരണം തുടങ്ങിയവ ഏറ്റെടുത്തു നടത്തുകയാണ്. പഞ്ചായത്ത് ജീവനക്കാര്‍, വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍, ബാങ്കുകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലായി പരിനായിരത്തോളം തുണിമാസ്‌കുകള്‍ ഇതിനോടകം നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്.ഹരിത കര്‍മ്മ സേനയുടെ തന്നെ സ്റ്റിച്ചിംഗ് യൂണിറ്റിലാണ് ഇവ നിര്‍മ്മിച്ചത്.

നിലവില്‍ ടൗണിലെ കച്ചവട സ്ഥാപനങ്ങള്‍, മാവേലി സ്റ്റോറുകളില്‍ നിന്നടക്കം തുണി സഞ്ചിക്കും ധാരാളം ഓര്‍ഡറുകള്‍ ലഭിക്കുന്നുണ്ട്. മാവേലിസ്റ്റോറുകളില്‍ ഭക്ഷ്യകിറ്റ് വിതരണത്തിന് തുണിസഞ്ചിയാണ് ഉപയോഗിക്കുന്നത്.പേപ്പര്‍ ബാഗുകളും ഇത്തരം ആവശ്യങ്ങള്‍ക്കായി ഇവര്‍ നിര്‍മ്മിച്ചു നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ ഗ്രീന്‍പ്രോട്ടോക്കോള്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായും കൂടിയാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുന്നത്. തുണിസഞ്ചിയില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകള്‍ വഴി പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം വലിയ രീതിയില്‍ കുറക്കാനും ഇവിടെ സാധിച്ചിട്ടുണ്ട്. ടൗണിലുള്ള സ്റ്റിച്ചിംഗ് യൂണിറ്റിലേക്ക് പോകാന്‍ സാധിക്കാത്തതിനാല്‍  വീടുകളില്‍ ഇരുന്നാണ് ആവശ്യക്കാര്‍ക്ക മാസകുകളും തുണിസഞ്ചികളും നിര്‍മിക്കുന്നത്.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ലോക്ഡൗണ്‍കാലത്തെ പച്ചക്കറി കൃഷിക്കായി കൃഷി വകുപ്പ് മുഖേന വിതരണം ചെയ്ത പച്ചക്കറി വിത്തുകള്‍ പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും നേരിട്ടെത്തിക്കാനും ഹരിത കര്‍മ്മ സേനാംഗങ്ങള്‍ മുന്നിട്ടിറങ്ങിയിരുന്നു. സപ്ലൈക്കോയിലെ ഭക്ഷ്യകിറ്റ് നിറക്കുന്ന പ്രവര്‍ത്തനങ്ങളിലും ഇവര്‍ സജീവമാണ്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പഞ്ചായത്ത് നല്‍കുന്ന എല്ലാ സുരക്ഷാ നിര്‍ദ്ദേശങ്ങളും പാലിച്ചാണ് ഇവര്‍ പ്രവര്‍ത്തിക്കുന്നത്.