സമ്മർദ്ദങ്ങൾ പെട്ടിയിലാക്കാൻ സമ്മർദ്ദപ്പെട്ടിയുമായി കുടുംബശ്രീ

post

കൊച്ചി: വീടുകളിലിരിക്കുന്ന സ്ത്രീകൾക്ക് മാനസിക പ്രശ്നങ്ങൾ കുടുംബശ്രീ ഹെൽപ് ലൈൻ നമ്പറിൽ പങ്കുവയ്ക്കാം. അതു വഴി സമ്മർദ്ദങ്ങൾ കുറച്ച് മനസിന് ആശ്വാസം തേടുകയും ചെയ്യാം. കുടുംബശ്രീ സ്നേഹിത ജെൻഡർ ഹെൽപ് ഡെസ്കാണ് 'സമ്മർദ്ദപ്പെട്ടി' എന്ന ആശയം നടപ്പിലാക്കുന്നത്. 

ലോക്ക് ഡൗൺ മൂലം വീടുകളിൽ അടച്ചിരിക്കേണ്ടി വന്ന സ്ത്രീകൾ അനുഭവിക്കുന്ന പ്രതിസന്ധികൾക്കും മാനസിക സമ്മർദ്ദങ്ങൾക്കും  കുടുംബ പ്രശ്നങ്ങൾക്കും പരിഹാരം കാണുകയാണ് ലക്ഷ്യം. അനാവശ്യമായി നമ്മുടെ മനസ്സിനെ അസ്വസ്ഥമാക്കുന്ന ഏത് വികാരവിചാരങ്ങളെയും  8594034255 നമ്പറിൽ വിളിച്ചറിയിക്കാം.പല കാരണങ്ങളാൽ നിങ്ങളുടെ മനസ്സിനെ വല്ലാതെ അസ്വസ്ഥമാക്കുന്ന ദേഷ്യം, ഭയം, സങ്കടം, വെറുപ്പ് തുടങ്ങി എന്ത് അസ്വസ്ഥതകളും നമ്പറിലേക്ക് വാട്ട്സ് ആപ്പ് ചെയ്യാം. ശബ്ദ സന്ദേശങ്ങളോ, എഴുത്തോ, ഫോട്ടോയോ , വീഡിയോകളോ ഏത് മാർഗ്ഗത്തിലും ഇതിൽ അയക്കാം. മറ്റാരോടും പറയാൻ കഴിയാത്ത വിഷയങ്ങൾ കേൾക്കുവാനും മനസ്സിലാക്കുവാനും നമ്പറിൽ കൗൺസിലറുടെ സേവനം ലഭ്യമാണ്. വിളിക്കുന്നയാളെ മുഴുവനായി കേൾക്കുമെങ്കിലും അനുമതിയില്ലാതെ,  കൗൺസിലർ വിഷയങ്ങളിൽ  ഇടപെടില്ല. ഓരോ വ്യക്തിയുടെയും സ്വകാര്യതയെ മാനിച്ചു കൊണ്ട്  പൂർണമായും രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കുകയും ചെയ്യും. കൗൺസിലർ ആയുള്ള സംസാരം മുഖേന മാനസിക സമ്മർദ്ദം കുറയ്ക്കുവാൻ ചില വഴികൾ ലഭിക്കുകയും ചെയ്യും. നേരിട്ട് പിന്തുണ ആഗ്രഹിക്കുന്നവർക്ക് ഈ നമ്പറിൽ വിളിക്കാവുന്നതുമാണ്. മറ്റു വിഷയങ്ങളിൽ സ്നേഹിതയുടെ പരിമിതികൾക്കുള്ളിൽ നിന്ന് അവശ്യം വേണ്ട എല്ലാ ഇടപെടലുകളും നടത്തും.