തണ്ണീര്‍മുക്കത്തെ യുവ ശാസ്ത്രകാരന്മാര്‍ക്ക് പിന്തുണയുമായി മന്ത്രിമാരെത്തി
ആലപ്പുഴ: പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ നിര്‍മ്മിച്ച മംഗളം എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ. ധനകാര്യ മന്ത്രി ഡോ. ടി.എം. തോമസ് ഐസക്ക്, എക്‌സൈസ് മന്ത്രി റ്റി.പി രാമകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്നാണ് വിദ്യാര്‍ത്ഥികളെ നേരില്‍ കണ്ട് സംസ്ഥാന സര്‍ക്കാരിന്റെ പിന്തുണ പ്രഖ്യാപിച്ചത്.
തണ്ണീര്‍മുക്കം സ്വദേശികളായ അനന്തകൃഷ്ണന്‍, സുബിന്‍ കെ. ജോണ്‍, കിരണ്‍ രാജേന്ദ്രന്‍, എം.സി മിഥുന്‍ ലാല്‍, എസ്.അഭിമന്യു എന്നിവരെയാണ് കലവൂരിലെ സംസ്ഥാന ട്രഗ്‌സ് ആന്റ് ഫാര്‍മസ്യൂട്ടിക്കല്‍സില്‍ വെച്ച് മന്ത്രിമാര്‍ സന്ദര്‍ശിച്ചത്. വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച പോര്‍ട്ടബിള്‍ വെന്റിലേറ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനും പഠിക്കുന്നതിനും അതിന്റെ സാധ്യതകള്‍ മനസ്സിലാക്കുന്നതിനുമായാണ് മന്ത്രിമാരുടെ സംഘം സന്ദര്‍ശനം നടത്തിയത്.
പന്ത്രണ്ട് ഡി.സി മോട്ടര്‍, കൂളിംഗ് ഫാന്‍, ആര്‍സി ലെവല്‍, ബോര്‍ഡുകള്‍ എന്നിവയും അനുബന്ധ ഉപകരണങ്ങളും ഉപയോഗിച്ചുളള ഈ യന്ത്രം ഒരു ലാപ്പ്‌ടോപ്പിന്റെ സഹായത്തോടെ പ്രവര്‍ത്തിപ്പിക്കുന്ന രീതിയാണ് വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ചത്. പ്രവര്‍ത്തന രീതി മനസ്സിലാക്കിയ മന്ത്രിമാരും സംഘവും ഉടന്‍ തന്നെ പ്രോജക്ട് സമര്‍പ്പിക്കാന്‍ വിദ്യാര്‍ത്ഥികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കെ.എഫ്.സിയുടെ ഫണ്ടില്‍ നിന്നും അടിയന്തിര ആവശ്യങ്ങള്‍ക്കായി അന്‍പതിനായിരം രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് അനുവദിച്ചു.
അതോടൊപ്പം കെ.എസ്.ഡി.പി, ഐ.റ്റി, ആരോഗ്യം തുടങ്ങിയ വിഭാഗങ്ങളിലേയും സാങ്കേതിക ടീമിന്റെ സഹായം വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കുന്നതിനുളള നടപടികള്‍ക്കും തുടക്കം കുറിച്ചു. പ്രത്യേക മേല്‍നോട്ടങ്ങള്‍ക്കായി കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.പി ചന്ദ്രബാബു, ആലപ്പുഴ മെഡിക്കല്‍ കോളജിലെ ഡോ.അനൂപ്, ഡോ.ജോയ് തോമസ് എന്നിവരെ ചുമതലപ്പെടുത്തി.
സാങ്കേതിക സര്‍വ്വകലാശാലയില്‍ കോവിഡ് സെല്‍ സംഘടിപ്പിച്ച മത്സരത്തില്‍ മുപ്പത്തിനാല് കോളജുകളെ പിന്‍തളളിയാണ് ചേര്‍ത്തലയിലെ ഈ യുവ ശാസ്ത്രജ്ഞന്‍മാര്‍ നേട്ടം കൊയ്തത്. സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ശ്രദ്ധയും സഹായവും ഈ പദ്ധതിക്ക് ഉണ്ടാകുമെന്ന് മന്ത്രിമാരായ ഡോ.തോമസ് ഐസക്ക്, ടി.പി രാമകൃഷ്ണന്‍ എന്നിവര്‍ പറഞ്ഞു.
കെ.എസ്.ഡി.പി ചെയര്‍മാന്‍ സി.പി ചന്ദ്രബാബു, തണ്ണീര്‍മുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ.പി.എസ് ജ്യോതിസ്, സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴസ്ണ്മാരായ സുധര്‍മ്മ സന്തോഷ്, ബിനിത മനോജ്, ഗ്രാമഞ്ചായത്ത് അംഗം പി.എന്‍ സനജ എന്നിവരും സന്നിഹിതരായിരുന്നു.