കയര്‍ കേരള: ആവേശം വിതറി കയര്‍പിരി മത്സരം

post

ആലപ്പുഴ: വിവിധ മത്സരങ്ങള്‍ കണ്ടിട്ടുള്ളവര്‍ക്ക് പുതിയ അനുഭവമായിരുന്നു കയര്‍ കേരള 2019നു മുന്നോടിയായി ആലപ്പുഴ കടപ്പുറത്ത് സംഘടിപ്പിച്ച കയര്‍ കൈപ്പിരി മല്‍സരം. കൈ മാത്രം ഉപയോഗിച്ച് നിമിഷ നേരം കൊണ്ട് ചകിരിനാരുകള്‍ പിരിച്ച് കയറാക്കി മാറ്റുന്ന പരമ്പരാഗത രീതി പുതിയ തലമുറയിലെ പലര്‍ക്കും അത്ഭുതക്കാഴ്ചയായി. കടപ്പുറത്തെത്തിയ വിദേശ വിനോദസഞ്ചാരികള്‍ക്കും കയര്‍പിരി മത്സരം വേറിട്ട അനുഭവമായി. കയര്‍ മേഖലയിലെ പരമ്പരാഗത തൊഴില്‍ രൂപത്തെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് മത്സരം സംഘടിപ്പിച്ചത്.

വിവിധ മേഖലകളില്‍ നിന്നുള്ള 129 സ്ത്രീകളാണ് മത്സരത്തില്‍ പങ്കെടുത്തത്. 43 പേര്‍ വീതമുള്ള വിവിധ ഗ്രൂപ്പകളാക്കി ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തിയ 30 പേരാണ് ഫൈനലില്‍ മാറ്റുരച്ചത്. 10 മിനിട്ടായിരുന്നു മത്സര സമയം.അജിത ഷണ്മുഖന്‍, നസീമ, സുകന്യ, എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി. 5000, 2500, 1500 രൂപ യഥാക്രമം വിജയികള്‍ക്ക് സമ്മാനമായി നല്‍കി. മുതിര്‍ന്ന കയര്‍ തൊഴിലാളിയായ ദേവകിയമ്മ, കമലയമ്മ, മണിയമ്മ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. മാരാരിക്കുളം തെക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര തിലക്, കയര്‍ മാറ്റ് ആന്‍ഡ് മാറ്റിംഗ്‌സ് സൊസൈറ്റീസ് അസോസിയേഷന്‍ പ്രസിഡന്റ് ആര്‍. സുരേഷ്, ആര്‍. റിയാസ്, എ. റോഷ്‌ന എന്നിവര്‍ പ്രസംഗിച്ചു.