കോവിഡ് കാലത്തെ വീട്ടിലെ പച്ചക്കറി കൃഷിക്ക് പിന്തുണയുമായി ജില്ലാ ഹരിതകേരളം മിഷന്‍

post

കോഴിക്കോട് കോവിഡ് കാലത്ത്  വീട്ടിലെ പച്ചക്കറി കൃഷി  പ്രോത്സാഹിപ്പിക്കുന്നതിന് വിവിധ പദ്ധതികളുമായി  ജില്ലാ ഹരിതകേരളം മിഷന്‍ രംഗത്ത്. വീട്ടുവളപ്പിലെ ജൈവകൃഷി, ഗ്രോബാഗ് തയ്യാറാക്കി തിരിനന സമ്പ്രദായം ഏര്‍പ്പെടുത്തുന്നത്, വിവിധ ജൈവവളക്കൂട്ടുകള്‍, ജൈവകീടനാശിനികള്‍, കുമിള്‍ നാശിനികള്‍ എന്നിവ തയ്യാറാക്കുന്നത് തുടങ്ങിയവ സംബന്ധിച്ച് വീഡിയോകള്‍ ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് പേജിലും യൂടൂബ് ചാനലിലും ലഭ്യമാണ്. സംശയങ്ങള്‍ കമന്റുകളായി പോസ്റ്റ് ചെയ്യാം.  കൃഷി ഭവന്‍ മുഖേന വിത്ത് കിറ്റുകളും തൈകളും വിതരണം ചെയ്യുന്നുണ്ട്.  വന്‍പയര്‍, ചെറുപയര്‍, ചീര, മത്തന്‍, കടല, ഉലുവ, മല്ലി, കടുക് തുടങ്ങിയവ മൈക്രോഗ്രീന്‍ കൃഷിയിലൂടെ വീടിനുള്ളില്‍ കൃഷി ചെയ്യുന്നത് സംബന്ധിച്ചും അറിവ് ലഭിക്കും.

സിവില്‍ സ്റ്റേഷനിലുള്ള ഹരിതകേരളം മിഷന്‍ ഓഫീസിനോടു ചേര്‍ന്ന്   സജ്ജമാക്കിയ പച്ചക്കറിത്തോട്ടത്തില്‍  ചീര, പയര്‍, വെണ്ട, വഴുതന, തക്കാളി, വെള്ളരി, കോവല്‍ തുടങ്ങിയവ വളര്‍ത്തുന്നുണ്ട്. കൃഷി ഓഫീസര്‍ കൂടിയായ ജില്ലാ കോര്‍ഡിനേറ്റര്‍ പി. പ്രകാശ് ആളുകളുടെ കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് സാങ്കേതിക ഉപദേശങ്ങള്‍ നല്‍കും. ഹരിതകേരളം മിഷനിലെ റിസോഴ്സ് പേഴ്സണ്‍മാരും, യങ് പ്രൊഫഷണല്‍മാരും അവര്‍ക്ക് ചാര്‍ജ്ജ് നല്‍കിയിട്ടുള്ള തദ്ദേശഭരണ സ്ഥാപനങ്ങളിലെ മാലിന്യ  സംസ്‌കരണം, ജലസംരക്ഷണം, കൃഷി എന്നിവയുമായി ബന്ധപ്പെട്ട വിവിധ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയും ഏകോപന പ്രവര്‍ത്തനങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്തുവരുന്നു. ഇതിനോടകം 35 ഓളം പോസ്റ്ററുകള്‍, 17 വീഡിയോകള്‍ എന്നിവ ഇതിന്റെ ഭാഗമായി പ്രചരിപ്പിച്ചു.