ജനശ്രദ്ധ നേടിയ കട്ടപ്പനയിലെ സാമൂഹ്യ അടുക്കള,ജനകീയ ഹോട്ടലാകും

post

ഇടുക്കി ലോക്ക് ഡൗണില്‍ മികച്ച സേവനം നല്കി വരുന്ന കട്ടപ്പന നഗരസഭയുടെ സാമൂഹിക അടുക്കള, ജനകീയ ഹോട്ടലാകാന്‍ ഒരുങ്ങുന്നു. നഗരസഭാ ടൗണ്‍ ഹാളിന് എതിര്‍വശത്ത് വാടകയ്ക്ക് എടുത്ത ഹോട്ടലില്‍ മാര്‍ച്ച് 28 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന സാമൂഹിക അടുക്കള ഏപ്രില്‍ 20 വരെ തുടരും. തുടര്‍ന്ന് അത്യാവശ്യ അറ്റകുറ്റപ്പണികള്‍ക്കു ശേഷം ഏപ്രില്‍ 25നകം കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനകീയഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ ജോയി വെട്ടിക്കുഴി പറഞ്ഞു.

ലോക്ക് ഡൗണില്‍ പ്രതിസന്ധിയിലായ അതിഥി തൊഴിലാളികള്‍ക്കും അഗതികള്‍ക്കുമായാണ് സാമൂഹിക അടുക്കള തുടങ്ങിയതെങ്കിലും കട്ടപ്പനയില്‍ അവശ്യ സേവനത്തിന് നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ ജീവനക്കാരുള്‍പ്പെടെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും വിശപ്പടക്കാന്‍ ഇത് ഉപകാരപ്പെട്ടു. കരാറുകാരുടെയോ മറ്റ് ഉത്തരവാദിത്വപ്പെട്ടവരുടെ കീഴിലല്ലാതെ കട്ടപ്പന മേഖലകളില്‍ തൊഴില്‍ ചെയ്ത്, ഹോട്ടലുകളില്‍ നിന്ന് ഭക്ഷണവും കഴിച്ച്, വല്ലപ്പോഴും സ്വദേശത്തേക്ക് പോയി വന്നിരുന്ന 140 ഓളം അതിഥി തൊഴിലാളികള്‍ നഗരസഭയിലുണ്ട്. ഇത്തരത്തില്‍ ആഹാരം പാകം ചെയ്ത് കഴിക്കാന്‍ സാഹചര്യമില്ലാത്തവര്‍ക്ക് സാമൂഹിക അടുക്കളയില്‍ നിന്ന് മൂന്നു നേരവും ഭക്ഷണ പൊതികള്‍ സൗജന്യമായി വിതരണം ചെയ്തു വരുന്നു. അവശ്യ സര്‍വീസുകളിലെ ജീവനക്കാര്‍ക്ക് രാവിലെയും വൈകിട്ടും ഉള്ള ഭക്ഷണം 30 രൂപ നിരക്കിലും ഊണ് 20 രൂപയ്ക്കും ഇവിടെ നിന്നും വാങ്ങാം. ആരില്‍ നിന്നും പണം ചോദിച്ച് വാങ്ങില്ല, പൈസയുള്ളവര്‍ കൊടുത്താല്‍ വാങ്ങും. ഇതാണ് കട്ടപ്പന നഗരസഭയുടെ സാമൂഹിക അടുക്കള. ലോക്ക് ഡൗണായി വീട്ടില്‍ പോകാന്‍ സാധിക്കുന്നില്ലെങ്കിലും സാമൂഹിക അടുക്കള ഉള്ളതിനാല്‍ ഭക്ഷണത്തിന് യാതൊരു ബുദ്ധിമുട്ടും ഇതുവരെ ഉണ്ടായിട്ടില്ലെന്നും രുചികരമായ ഭക്ഷണമാണ് ഇവിടെ ലഭിക്കുന്നതെന്നും അതിഥി തൊഴിലാളിയായ തമിഴ്നാട് സ്വദേശി പ്രഭു ഏറെ സന്തോഷത്തോടെ വ്യക്തമാക്കി. 100 മുതല്‍ 200 ആളുകള്‍ വരെ ഇവിടെ നിന്നും ഭക്ഷണപ്പൊതികള്‍ വാങ്ങുന്നുണ്ട്. ഇതില്‍ 60% പേര്‍ക്കും സൗജന്യമായാണ് ഭക്ഷണം നല്കുന്നത്.

സാമൂഹിക അകലം പാലിക്കേണ്ടതുകൊണ്ട് എതിര്‍വശത്തുള്ള ടൗണ്‍ ഹാളിലാണ് ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്യുന്നത്. രാവിലെ 8.30 മുതല്‍ 10 വരെയാണ് പ്രഭാത ഭക്ഷണം നല്കുന്നത്. കള്ളപ്പം, വെള്ളയപ്പം, ഉപ്പുമാവ്, കറികളായി കടല, വെജിറ്റബിള്‍ സ്റ്റൂ, മുട്ടക്കറി, ചെറുപഴം, പുഴുങ്ങിയ ഏത്തപ്പഴം എന്നിവ ഓരോ ദിവസവും മാറി മാറി നല്കുന്നു. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഉച്ചഭക്ഷണം. ഒന്നിടവിട്ട ദിനങ്ങളില്‍ കുത്തരി ,വെള്ളയരി ചോറും സാമ്പാര്‍/ രസം / പുളിശ്ശേരി/ പച്ചമോര്/ കൂട്ടുകറി എന്നിവയിലേതെങ്കിലും ഒഴിച്ചുകൂട്ടാന്‍ ഉള്‍പ്പെടെ നാലു കൂട്ടം കറികള്‍ കൂട്ടിയാണ് ഉച്ചയൂണ് പൊതികള്‍ തയ്യാറാക്കുന്നത്. കൂടുതലായും നാടന്‍ വിഭവങ്ങളാണ് കറികള്‍ക്കായി ഉപയോഗിക്കുന്നത്. വൈകുന്നേരം 4 മുതല്‍ 5.30 വരെയാണ് ഭക്ഷണപ്പൊതി നല്കുന്നത്. പൊറോട്ട/ ചപ്പാത്തി / കള്ളപ്പം , മുട്ടക്കറി / കടലക്കറി / വെജിറ്റബിള്‍ കറി എന്നിങ്ങനെ മാറി മാറിയാണ് ഓരോ ദിവസവും നല്കുന്നത്. ഈസ്റ്റര്‍ സ്പെഷ്യലായി പാവയ്ക്ക തീയലും പൊറോട്ടയും കോഴിയിറച്ചിക്കറിയും, വിഷുവിന് അവിയലും പപ്പടവും കൂടുതലായി ഉള്‍പ്പെടുത്തി.

 സി ഡി എസ് ചെയര്‍പേഴ്സണ്‍ ഗ്രേസ് മേരി ടോമിച്ചനും 14-ാം വാര്‍ഡ് കൗണ്‍സിലര്‍ ഗിരീഷ് മാലിയിലും എല്ലാ ദിവസവും രാവിലെ 6 മുതല്‍ വൈകിട്ട് 8 മണി വരെ കിച്ചണില്‍ മുഴുവന്‍ സമയവും പ്രവര്‍ത്തനസജ്ജരാണ്. കുടുംബശ്രീ അംഗങ്ങളായ ടിന്റു, ഷീല രാജന്‍, സുമംഗല എന്നിവര്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 വരെയും സാമൂഹിക അടുക്കളയില്‍ ഭക്ഷണം പാചകം ചെയ്യുന്നു. നഗരസഭ ജീവനക്കാരന്‍ സി.എം തോമസ്, ലോക്ക് ഡൗണ്‍ മൂലം നാട്ടിലേക്ക് മടങ്ങാന്‍ കഴിയാത്ത, കട്ടപ്പനയില്‍ ലോട്ടറി വില്പന നടത്തുന്ന തമിഴ്നാട് സ്വദേശി കുമാര്‍ എന്നിവരാണ് ഭക്ഷണം പൊതികളാക്കുന്നതും വിതരണം ചെയ്യുന്നതും. സേവന മനോഭാവത്തോടെ തികച്ചും സൗജന്യമായാണ് ഇവരെല്ലാവരും ഇവിടെ ജോലി ചെയ്തുവരുന്നത്. നഗരസഭാ ചെയര്‍മാന്‍ എല്ലാ ദിവസവും കിച്ചണിലെത്തി ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കുകയും കുറവുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചു നല്കുകയും ചെയ്യുന്നു. 

കിച്ചണിലേക്കായി സംസ്ഥാനസര്‍ക്കാര്‍ 10 രൂപ 90 പൈസ നിരക്കില്‍ സപ്ലൈകോയില്‍ നിന്നും അരി ലഭ്യമാക്കുന്നുണ്ട്. സ്‌കൂളുകളില്‍ മിച്ചം വന്ന അരി കമ്യൂണിറ്റി കിച്ചണിലേക്ക് നല്കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് വെള്ളയാംകുടി സെന്റ് ജെറോസ് സ്‌കൂളില്‍ നിന്നും 300 കിലോ അരി ലഭ്യമായി. അഡ്വ.ഡീന്‍ കുര്യാക്കോസ് എം.പി - 100 കിലോ അരി, റോഷി അഗസ്ററ്യന്‍ എം എല്‍ എ, കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന്‍, മലനാട് എസ്എന്‍ഡിപി യൂണിയന്‍, വാഴവര, വെട്ടിക്കുഴക്കവല, നരിയമ്പാറ എഡിഎസുകള്‍, ഡി വൈ എഫ് ഐ സംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങി വിവിധ സന്നദ്ധ സംഘങ്ങളും വ്യക്തികളും പലചരക്ക്, പച്ചക്കറി തുടങ്ങിയവ സാമൂഹിക കിച്ചണിലേക്ക് എത്തിച്ചു നല്കിയിട്ടുണ്ട്. ഇത്തരത്തില്‍ സമൂഹം ഒറ്റക്കെട്ടായി ഏറ്റെടുത്തതാണ് കട്ടപ്പനയിലെ സാമൂഹിക അടുക്കളയ്ക്ക് മാതൃകാപരമായ പ്രവര്‍ത്തനം കാഴ്ചവയ്ക്കാന്‍ സഹായിച്ചതെന്നും ഇതിനായി സഹായം നല്കിയവരും കര്‍മ്മനിരതരുമായ എല്ലാരോടും നഗരസഭയുടെ നന്ദി അറിയിക്കുന്നതായും ചെയര്‍മാന്‍ പറഞ്ഞു.

ലോക് ഡൗണ്‍ ഇളവുകള്‍ വരുന്നതോടെ ഇത്തരത്തില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക അടുക്കളയുടെ പ്രവര്‍ത്തനം അവസാനിപ്പിച്ച് കുടുംബശ്രീയുടെ നേതൃത്വത്തില്‍ ജനകീയ ഹോട്ടലാക്കി സേവനം തുടരുവാനാണ് നഗരസഭ ലക്ഷ്യമിടുന്നത്. നഗരസഭാ പ്ലാന്‍ ഫണ്ടും കുടുംബശ്രീ ജില്ലാ മിഷനില്‍ നിന്നുള്ള ധനസഹായവും കൊണ്ട് തുടങ്ങുന്ന ജനകീയ ഹോട്ടലില്‍ ഊണിന് 25 രൂപ മാത്രമാകും ഈടാക്കുക. ഒരു ഊണിന് 10 രൂപ സര്‍ക്കാര്‍ സബ്സിഡി കുടുംബശ്രീക്ക് ലഭിക്കും. ഇവിടേയ്ക്കാവശ്യമായ അരിയ്ക്കും സര്‍ക്കാര്‍ പ്രത്യേക സബ്സിഡി നല്കും. ഇത്തരത്തില്‍ ന്യായവിലയ്ക്ക് ജനകീയഹോട്ടല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സാധാരണക്കാരായ ആളുകള്‍ക്ക് ഏറെ പ്രയോജനപ്പെടും. സാമൂഹിക അടുക്കളയില്‍ നിന്നും ജനകീയ ഹോട്ടലിലേയ്ക്കുള്ള മാറ്റം ഏറെ പ്രതീക്ഷയോടെയാണ് കുടുംബശ്രീ പ്രവര്‍ത്തകരും നോക്കി കാണുന്നത്.