പ്രളയകാലത്ത് ജനമനസ്സില്‍ പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ് അഗ്‌നിശമനസേന

post

തൃശൂര്‍:  ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമിയില്‍നിന്ന് വിജയകരമായി പഠനം പൂര്‍ത്തിയാക്കിയ അഗ്‌നിശമനസേനാംഗങ്ങളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. 25, 28 ബാച്ച് ഫയര്‍മാന്‍ ഡ്രൈവര്‍ ഓപ്പറേറ്റര്‍ ലക്ഷദ്വീപ് , 26, 27 ബാച്ച് കേരള ഫയര്‍മാന്‍മാരുടെയും സംയുക്ത പാസിംഗ് ഔട്ട് പരേഡില്‍ കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വിസസിലേക്ക് 214 ഫയര്‍മാന്‍മാരും ലക്ഷദ്വീപ് ഫയര്‍ സര്‍വിസസിലേക്ക് 17 ഫയര്‍മാന്‍ ഡ്രൈവര്‍ ഓപ്പറേറ്റര്‍മാരും ഉള്‍പ്പെടെ 231 പേരാണ് പുറത്തിറങ്ങുന്നത്. സാധാരണ ഫയര്‍ ഫൈറ്റിങിന് പുറമെ ശ്വസന സഹായി ഉപയോഗിച്ച് പുക നിറഞ്ഞ അറകളിലും വെള്ളത്തിനടിയിലും സീവേജ് ലൈനുകളിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനുള്ള പരിശീലനം, റബ്ബര്‍ ഡിങ്കി ഔട്ട് ബോര്‍ഡ് എന്‍ജിന്‍ ഉപയോഗിക്കാന്‍ ഉള്ള പരിശീലനം, ഉയരങ്ങളില്‍ നിന്ന് കൊണ്ടുള്ള രക്ഷാപ്രവര്‍ത്തനം, ലിഫ്റ്റ് അപകട രക്ഷാപ്രവര്‍ത്തനം, വെര്‍ട്ടിക്കല്‍ റോപ്പ് റെസ്‌ക്യൂ, ഹൊറിസോണ്ടല്‍ റോപ് റെസ്‌ക്യൂ, കമ്പ്യൂട്ടര്‍, വയര്‍ലെസ്സ്, നീന്തല്‍, സ്‌കൂബ ഡൈവിംഗ് എന്നീ മേഖലകളില്‍ എല്ലാം തന്നെ പ്രവര്‍ത്തിക്കാന്‍ ഇവര്‍ പ്രാപ്തരാണ്. ഇവരെല്ലാം അടിസ്ഥാന യോഗ്യത ആയ പ്ലസ് ടുവിനു പുറമെ എം ഫില്‍, എം ബി എ, എന്‍ ഇ ടി, എം സി എ, ബി ടെക്, എം ടെക് തുടങ്ങിയ യോഗ്യതകളും ഉള്ളവരാണ്. അക്കാദമിയിലെ നാലാമത്തെ പാസിംഗ് ഔട്ട് പരേഡാണിത്. 


പ്രളയകാല പ്രവര്‍ത്തനം കൊണ്ട് ജനമനസ്സില്‍ പ്രതിഷ്ഠ നേടിയ പ്രസ്ഥാനമാണ് അഗ്‌നിശമനസേനയെന്ന് പരിശീലനാര്‍ഥികളുടെ പാസിങ്് ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിക്കവെ പൊതു വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. അഗ്‌നിശമനസേന സമൂഹത്തിന്റെ രക്ഷാകര്‍ത്താവാണ്. സാമൂഹിക പ്രതിബദ്ധതയോടെ പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ തീരുമാനമെടുക്കണം. പ്രളയവും തീപിടുത്തവും തടയാന്‍ വേണ്ട പ്രവര്‍ത്തനങ്ങളിലും അഗ്‌നിശമനസേനയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.


ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസസ് അക്കാദമി ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉയര്‍ന്ന റാങ്ക് നേടിയ പ്രിയന്‍ സി - ബെസ്റ്റ് ഔട്ട്്‌ഡോര്‍ കേരള, സുനില്‍കുമാര്‍ എസ് - ബെസ്റ്റ് ഇന്‍ഡോര്‍ കേരള, രാകേഷ് എസ് മേനോന്‍ - ബെസ്റ്റ് ആള്‍റൗണ്ടര്‍ കേരള, മുഹമ്മദ് അലി - ബെസ്റ്റ് ഓള്‍ റൗണ്ടര്‍ ലക്ഷദീപ് എന്നിവര്‍ക്കുള്ള പുരസ്‌കാര വിതരണം മന്തി നിര്‍വഹിച്ചു. ഇതിനു പുറമെ ഹീറ്റ് ആന്‍ഡ് ഹ്യൂമിഡിറ്റി ട്രെയിനിങ് സെന്റര്‍, വെല്‍ റെസ്‌ക്യൂ, സീവേജ് റെസ്‌ക്യൂ പരിശീലന കേന്ദ്രങ്ങളുടെയും, മോഡല്‍ ഫയര്‍ സ്റ്റേഷന്റെയും ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. വിമാന അപകടം നടക്കുമ്പോള്‍ അഗ്‌നിശമനസേനയുടെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ എങ്ങനെ എന്നതിന്റെ പ്രദര്‍ശനവും നടന്നു. മേയര്‍ അജിതാ വിജയന്‍, ഡയറക്ടര്‍ ജനറല്‍ എ ഹേമചന്ദ്രന്‍ ഡി ജി പി, ടെക്‌നിക്കല്‍ ഡയറക്ടര്‍ ആര്‍ പ്രസാദ്, അക്കാദമി ഡയറക്ടര്‍ പി ദിലീപന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.