വയോസേവന പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശം ക്ഷണിച്ചു

post

ഈ വര്‍ഷത്തെ സംസ്ഥാന വയോസേവന പുരസ്‌കാരങ്ങള്‍ക്ക് നാമനിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചു. വയോജന മേഖലയില്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ച വ്യക്തികള്‍/സ്ഥാപനങ്ങള്‍ എന്നിവയ്ക്കും മികച്ച പ്രവര്‍ത്തനം നടത്തിയ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും ഉള്ള പുരസ്‌കാരങ്ങള്‍ക്കാണ് നാമനിര്‍ദ്ദേശം ക്ഷണിച്ചത്. ക്യാഷ് പ്രൈസ്, സര്‍ട്ടിഫിക്കറ്റ്, മെമെന്റോ എന്നിവ ഉള്‍പ്പെടുന്നതാണ് പുരസ്‌കാരങ്ങള്‍.

അഞ്ചു വിഭാഗങ്ങളിലായാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കുക. വയോജനമേഖലയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവയ്ക്കാണ് പുരസ്‌കാരങ്ങള്‍.

വയോജനമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍ നടത്തിയ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമായി ആറ് വിഭാഗങ്ങളിലായാണ് പുരസ്‌കാരങ്ങള്‍. മികച്ച പ്രകടനം കാഴ്ചവെച്ച എന്‍ജിഒ, മികച്ച മെയിന്റനന്‍സ് ട്രൈബ്യൂണല്‍, മികച്ച സര്‍ക്കാര്‍ വൃദ്ധസദനം/സായംപ്രഭാ ഹോം എന്നിവയ്ക്കും, ഒരു മികച്ച കായികതാരത്തിനും, കല-സാഹിത്യ-സാംസ്‌കാരിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയ ഒരാള്‍ക്കും, വയോജനമേഖലയിലെ ആജീവനാന്ത ബഹുമതിയായി ഒരാള്‍ക്കുമാണ് പുരസ്‌കാരങ്ങള്‍ നല്‍കുക.

ആഗസ്റ്റ് 12 ആണ് അവസാന തീയതി. പുരസ്‌കാരത്തിന് പരിഗണിക്കുന്ന ഓരോ വിഭാഗത്തിനും പ്രത്യേകം മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്. വിശദവിവരങ്ങള്‍ www.swdkerala.gov.in എന്ന സാമൂഹ്യനീതിവകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് ജില്ലാ സാമൂഹ്യനീതി ഓഫീസുകളിലോ സാമൂഹ്യനീതി ഡയറക്ടറേറ്റിലോ ബന്ധപ്പെടാം