ഫേയ്സ്ബുക്ക് ലൈവില്‍ പ്രവാസി ഉന്നയിച്ച പ്രശ്‌നത്തില്‍ ഇടപെട്ട് വീണാ ജോര്‍ജ് എംഎല്‍എ

post

പത്തനംതിട്ട : ജില്ലയിലെ നോര്‍ക്ക സെല്ലില്‍ വിളിച്ചിട്ട് ഫോണ്‍ എടുക്കുന്നില്ല എന്ന് ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രവാസി മലയാളി ഉന്നയിച്ച പ്രശ്‌നത്തില്‍ ഇടപെട്ട് വീണാജോര്‍ജ് എംഎല്‍എ. ഇതേ തുടര്‍ന്ന് പ്രവാസികള്‍ക്കായി കളക്ടറേറ്റ് കേന്ദ്രീകരിച്ച് ഒരു ഹെല്‍പ്പ് ലൈന്‍ തുടങ്ങണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു. ഇന്നലെ കളക്ടറേറ്റില്‍ ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ. രാജുവിന്റെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് എംഎല്‍എ ആവശ്യം ഉന്നയിച്ചത്. സാധ്യത പരിശോധിച്ച് ഉടന്‍ തുടങ്ങാമെന്ന് ജില്ലാ കളക്ടര്‍ പി.ബി.നൂഹ് പറഞ്ഞു. പ്രവാസി മലയാളികള്‍ക്കുള്ള നോര്‍ക്ക റൂട്ട്‌സിന്റെ ധനസഹായ പദ്ധതി സംബന്ധിച്ച കാര്യങ്ങള്‍ക്കായി വിളിക്കാന്‍ ജില്ലാതലത്തില്‍ പുതിയൊരു ഫോണ്‍ നമ്പര്‍ തിങ്കളാഴ്ച പ്രസിദ്ധീകരിക്കാമെന്ന് നോര്‍ക്ക റൂട്ട്‌സ് സി.ഇ.ഒ കെ. ഹരികൃഷ്ണന്‍ പറഞ്ഞു.

വെളളിയാഴ്ച രാത്രി വീണാജോര്‍ജ് എംഎല്‍എ നടത്തിയ ഫേസ്ബുക്ക് ലൈവില്‍ ആങ്ങമൂഴി സ്വദേശി അനീഷാണ് ഈ വിഷയം എംഎല്‍എയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. ഗള്‍ഫ് മേഖലയില്‍ നിന്നും അമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമൊക്കെയായി നിരവധി പേര്‍ ലൈവില്‍ സജീവമായി പങ്കെടുത്തു. നാട്ടിലെത്തുന്ന വാര്‍ത്തകളെക്കാള്‍ മോശമാണ് വിദേശ രാജ്യങ്ങളിലെ സ്ഥിതിയെന്ന് പലരും ഇതില്‍ പങ്കെടുത്ത് അഭിപ്രായപ്പെട്ടു. തികഞ്ഞ ആശങ്കയാണ് ഉള്ളതെന്നും തൊട്ടടുത്ത സ്ഥലങ്ങളിലെല്ലാം കോവിഡ് 19 സ്ഥിരീകരിച്ചെന്നും ഗള്‍ഫ് മേഖലയിലുള്ള ചിലര്‍ പറഞ്ഞു. നാട്ടിലേക്ക് തിരിച്ചെത്തിയാല്‍ തങ്ങളെയെല്ലാം ഉള്‍ക്കൊള്ളാന്‍ കേരളത്തിന് പറ്റുമോയെന്നും ചിലര്‍ ചോദിച്ചു. ഈജിപ്തില്‍ കുടുങ്ങിപ്പോയവര്‍ക്കായി വിമാന സര്‍വീസ് വേണമെന്നും ആവശ്യമുയര്‍ന്നു. വിസിറ്റിംഗ് വിസയില്‍ പോയവരെയും ഗര്‍ഭിണികളെയും നാട്ടിലെത്തിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടു.

ഗുരുതരമായ മറ്റ് രോഗങ്ങള്‍ ബാധിച്ചവര്‍, ഗര്‍ഭിണികള്‍, കുഞ്ഞുങ്ങള്‍, വിസിറ്റിംഗ് വിസയില്‍ പോയവര്‍ എന്നിങ്ങനെ മുന്‍ഗണനാക്രമത്തില്‍ വിദേശങ്ങളില്‍ നിന്ന് കേരളീയരെ നാട്ടിലെത്തിക്കാന്‍ വിമാന സര്‍വീസുകള്‍ അനുവദിക്കണമെന്ന് കേരളം ആവശ്യപ്പെട്ടതു ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ എംഎല്‍എ പറഞ്ഞു. ഭക്ഷണമോ മരുന്നോ ആവശ്യമെങ്കില്‍ സര്‍ക്കാരിന്റെ ഹെല്‍പ്പ് ലൈനുകളിലേക്കാ ജനപ്രതിനിധികളെയോ അറിയിച്ചാല്‍ സംഘടനകള്‍ വഴി സഹായം എത്തിക്കാമെന്നും എംഎല്‍എ പറഞ്ഞു. തത്സമയം 25000 ല്‍ അധികം ആളുകള്‍ എംഎല്‍എയുടെ ഫേസ്ബുക്ക് ലൈവില്‍ പങ്കെടുത്തു.