കേരളം പാലുത്പാദന രംഗത്ത് സ്വയം പര്യാപ്തതയിലേക്ക്; റവന്യൂ മന്ത്രി

post

കാസര്‍ഗോഡ്: സംസ്ഥാനം പാലുത്പാദന രംഗത്ത് സ്വയം പര്യാപതതയോട് അടുക്കുകയാണെന്ന് റവന്യൂ ഭവന നിര്‍മ്മാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞു. പരപ്പ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം കാലിച്ചാമരം വായനശാല പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാലുത്പാദനത്തില്‍ സംസ്ഥാനത്ത് ആവശ്യമായ അളവിന്റെ 90 ശതമാനം സ്വയം ഉദ്പാദിപ്പിക്കുന്ന തലത്തിലേക്ക് നാം എത്തിയിരിക്കുന്നു. രണ്ട് വലിയ പ്രളയങ്ങള്‍ കേരളത്തില്‍ സംഭവിച്ചില്ലായിരുന്നുവെങ്കില്‍ നാം ഇന്ന് ആ സുവര്‍ണ നേട്ടം കൈ എത്തി പിടിച്ചേനെ .പ്രളയ കാലത്ത് ഒഴുക്കില്‍ പെട്ട് കന്നുകാലികള്‍ നഷ്ടപ്പെട്ടതിന്റെ കണക്കുകളാണ് ആ സമയത്ത് സര്‍ക്കാറിന് മുന്നില്‍ ഉണ്ടായത്. പ്രളയത്തിന് ശേഷം കന്നുകാലികള്‍ നഷ്ടപ്പെട്ട ഉടമകള്‍ക്ക് സര്‍ക്കാരിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് നല്‍കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.   കണക്കെടുപ്പ് നടത്തി അത് കേരള സംസ്ഥാന ദുരന്ത നിവാരണ ഫണ്ടില്‍ നിന്നും മൃഗസംരക്ഷണ വകുപ്പ് മുഖാന്തരം ഉടമകളിലേക്ക് എത്തിച്ചു. വരും വര്‍ഷങ്ങളില്‍ നാം ഈ മേഖലയില്‍ സ്വയം പര്യാപ്തത നേടുക തന്നെ ചെയ്യും, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ആദ്യകാലക്ക് പശുക്കള്‍ ഉപജീവനത്തിന്റെയും, ജീവിതത്തിന്റെയും ഭാഗമായി കണ്ട ഒരു ജനതയുണ്ടായിരുന്നു. പിന്നീട് എന്തുകൊണ്ടോ ജനങ്ങള്‍ ക്ഷീര മേഖലയില്‍ നിന്നും പതുക്കെ അകന്നു നിന്നു. അതെത്തുടര്‍ന്ന് വിവിധങ്ങളായ പരിപാടികള്‍ ബോധപൂര്‍വ്വം നടത്തിയതിന്റെയൊക്കെ ആകെ തുകയാണ് ഈ മേഖലയിലെ നേട്ടം. ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നത് കര്‍ഷകരാണ്. മാന്യമായ ജോലിചെയ്യുന്ന, സര്‍ക്കാര്‍ ജീവനക്കാരെപ്പോലെ തന്നെ ജീവിക്കാന്‍ അവകാശമുള്ളവരാണ് അവര്‍. കര്‍ഷകരുടെ    കര്‍ഷക രക്ഷാ നടപടികള്‍ സ്വീകരിക്കാന്‍, കര്‍ഷക കടാശ്വാസനിയമം നിലവില്‍ കൊണ്ടുവന്ന സംസ്ഥാനമാണ് കേരളം.  സഹകരണവായ്പ പരമാവധി ഒരു ലക്ഷം ആയിരുന്നു. അത് രണ്ട് ലക്ഷം ആക്കി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തയ്യാറായി. കൃഷിവകുപ്പിന്റേയും മൃഗസംരക്ഷണ വകുപ്പിന്റെയും മറ്റ് വകുപ്പുകളുടേയും റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്ന മുറയ്ക്ക് വ്യവസ്ത്ഥകള്‍ക്ക് വിധേയമായി എല്ലാ കര്‍ഷകര്‍ക്കും സഹായം ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

 നിയമസഭയുടെ പതിനാറാമത് സമ്മേളനത്തില്‍ കര്‍ഷക ക്ഷേമ ബോര്‍ഡ് രൂപീകരിക്കാനുള്ള നിയമ നിര്‍മ്മാണം നടത്തി.  വരുന്ന ആറ് മാസങ്ങള്‍ക്കുള്ളില്‍ അത് നിലവില്‍ വരും. രാജ്യത്തെ മഹാഭൂരിപക്ഷം വരുന്ന കര്‍ഷക സമൂഹത്തിന്റെ ഒപ്പം നില്‍ക്കുകതന്നെ വേണം. കര്‍ഷക ക്ഷേമ ബേര്‍ഡ് വരുന്നതോടെ ഇന്ത്യയില്‍ ആദ്യമായി മറ്റ് സംസ്ഥാനങ്ങളില്‍ എവിടെയും കാണാത്ത കര്‍ഷകരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കി അതിന് പരിഹാരം കാണാന്‍ ഒരു സംവിധാനം കേരളത്തില്‍ നിലവില്‍ വരുമെന്നും മന്ത്രി പറഞ്ഞു.

കാസര്‍കോട് ജില്ലയില്‍ 141 ക്ഷീര സംഘങ്ങളില്‍ നിന്നായി 70,000 ലിറ്റര്‍ പാല്‍ പ്രതിദിനം ഉത്പാദിപ്പിക്കുന്നുണ്ട്. 2016-17 വര്‍ഷം ഇത് 58,000 ലിറ്റര്‍ മാത്രമായിരുന്നു ഈ കണക്ക്. ജില്ലയില്‍ ഉത്പാദിപ്പിക്കുന്ന പാലില്‍ മൂന്നില്‍ ഒന്ന് പരപ്പ ബ്ലോക്കില്‍ നിന്നാണ്. അതായത് 33 ശതമാനം പാല്‍ പരപ്പ ബ്ലോക്കില്‍ നിന്ന് മാത്രം ഉത്പാദിപ്പിക്കുന്നുണ്ട്. ജില്ലയില്‍ ഏറ്റവും അധികം പാല്‍ ഉത്പാദിപ്പിക്കുന്ന ബ്ലോക്ക് പരപ്പയാണ്. ഏറ്റവും കൂടുതല്‍ ക്ഷീര സംഘങ്ങള്‍, സങ്കര ഇനം പശുക്കള്‍ തുടങ്ങി പാല്‍ ഉത്പാദന മേഖലയില്‍  വന്‍ മുന്നേറ്റമാണ് ബ്ലോക്ക് നടത്തിയിരിക്കുന്നത്.