അതിഥിതൊഴിലാളികൾക്ക് ചികിത്സ നൽകി ആയുർവേദ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ

post

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് നഗരസഭയുടെ ഷെൽട്ടർ ഹോമുകളിൽ കഴിയുന്ന അതിഥിതൊഴിലാളികൾക്ക് ചികിത്സ നൽകി താൽക്കാലിക ആയുർവേദ മെഡിക്കൽ എയ്ഡ് പോസ്റ്റുകൾ. തിരുവനന്തപുരം നഗരസഭയുടേയും ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസിന്റെയും സംയുക്താഭിമുഖ്യത്തിലാണ് പദ്ധതി നടപ്പാക്കിയത്. ഏപ്രിൽ നാല് മുതൽ അതിഥി തൊഴിലാളികൾക്കായുള്ള ആരോഗ്യ പരിപാലന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നഗരസഭ നേരിട്ട് നടത്തുന്ന അഞ്ചു ഷെൽട്ടർ ഹോമുകളിലും ഭാരതീയ ചികിത്സാവകുപ്പിന്റെ സേവനം ലഭ്യമാണ്. ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ഡി.എം.ഓയാണ് താത്കാലിക മെഡിക്കൽ എയ്ഡ് പോസ്റ്റുകളുടെ പ്രവർത്തനം ഏകോപിപ്പിക്കുന്നത്.അട്ടക്കുളങ്ങര ഗവണ്മെന്റ് സെൻട്രൽ സ്‌കൂൾ, എസ്.എം.വി ഗവൺമെന്റ് മോഡൽ ഹയർ സെക്കന്ററി സ്‌കൂൾ, മണക്കാട് കാർത്തിക തിരുനാൾ വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്‌കൂൾ ഫോർ ഗേൾസ്,തൈക്കാട് ഗവണ്മെന്റ് മോഡൽ ബോയ്‌സ് ഹയർ സെക്കണ്ടറി സ്‌കൂൾ,കുന്നുകുഴി ഗവണ്മെന്റ് എൽ.പി.സ്‌കൂൾ എന്നിവിടങ്ങളിലായി 556 പേരെ പാർപ്പിച്ചിട്ടുണ്ട്.തൈക്കാട് സ്‌കൂളിൽ വനിതകൾ മാത്രമാണുള്ളത്.ലോക്ക് ഡൗൺ കാലയളവ് പൂർണമായും അവസാനിക്കുന്നതുവരെ മെഡിക്കൽ ഐയ്ഡ് പോസ്റ്റുകൾ പ്രവർത്തിക്കും.

ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരും അടങ്ങുന്ന 17 അംഗ മെഡിക്കൽ സംഘമാണ് സേവനം നൽകുന്നത്. രാവിലെ ഒൻപതുമുതൽ ഉച്ചക്ക് 12 മണി വരെയാണ് പരിശോധനാസമയം. ഡോക്ടറുടെ സേവനവുംഔഷധങ്ങളും തികച്ചും സൗജന്യമാണ്. ഷെൽട്ടർ ഹോമുകൾ എല്ലാ ദിവസവും രാവിലെ ധൂപനം ചെയ്ത് അണുവിമുക്തമാക്കുന്നുണ്ട്. സന്ധിരോഗങ്ങൾ, ദഹനപ്രശ്‌നങ്ങൾ, മൂത്രാശയ രോഗങ്ങൾ, ത്വക് രോഗങ്ങൾ, നാഡീ വൈകല്യ പ്രശ്‌നങ്ങൾ,ചുമ, ഉത്കണ്ഠ എന്നിവയാണ് ഇവരിൽ കൂടുതലായും കണ്ടുവരുന്നത്.ഓരോ ഷെൽട്ടർ ഹോമിലും നിയോഗിച്ചിട്ടുള്ളഭാരതീയ ചികിത്സാ വകുപ്പിലെ സീനിയർ ഡോക്ടർമാർ ക്യാമ്പിലെ പ്രവർത്തനം നേരിട്ട് വിലയിരുത്തുകയും സ്ഥിതിവിവര കണക്കുകൾ മെഡിക്കൽ എയ്ഡ് കൺവീനർമാർക്ക് നൽകുകയും ചെയ്യുന്നുണ്ട്.മണക്കാട് ഷെൽട്ടർ ഹോം നേരിട്ട് സന്ദർശിച്ച അസിസ്റ്റൻറ് കളക്ടർ അനുകമാരി അപരാജിത ധൂപനത്തിന്റെ ഗുണങ്ങളെ കുറിച്ച് മനസ്സിലാക്കുകയും ഭാരതീയ ചികിത്സാ വകുപ്പിന്റെ ഷെൽട്ടർ ഹോം പ്രവർത്തനങ്ങളെ കുറിച്ച് വിശദമായി അന്വേഷിക്കുകയും ചെയ്തിരുന്നു.