ഇന്ന് മുതല്‍ (ഏപ്രില്‍ 20) മുതല്‍ ചെറിയ ബോട്ടുകള്‍ക്ക് കടലില്‍ പോകാം : മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ

post

കോവിഡ് 19 : മത്സ്യബന്ധനമേഖലയില്‍ ഇളവുകള്‍

കൊല്ലം:  കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായുള്ള നിയന്ത്രണങ്ങളില്‍ നിന്നും മത്സ്യബന്ധന മേഖലയില്‍ ഭാഗികമായ ഇളവുകള്‍ നല്‍കുമെന്ന് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.  ഇന്ന് മുതല്‍ (ഏപ്രില്‍ 20) മുതല്‍ ചെറിയ ബോട്ടുകള്‍ക്ക് കടലില്‍ പോകാന്‍ അനുമതി നല്‍കും. 25 എച്ച് പി വരെയുള്ള എന്‍ജിനുകള്‍ ഉപയോഗിക്കുന്ന വള്ളങ്ങള്‍ക്കും 32 അടിയില്‍ താഴെ നീളവുമുള്ള ബോട്ടുകള്‍ക്കുമാണ് ആദ്യഘട്ടത്തില്‍ മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കുക.  ഇതോടെ നീണ്ടകര, ശക്തികുളങ്ങര ഹാര്‍ബറുകള്‍ പ്രവര്‍ത്തന സജ്ജമായിത്തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കലക് ട്രേറ്റില്‍ ചേര്‍ന്ന ഹാര്‍ബര്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് ശേഷം മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് മന്ത്രി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ലേലം ഒഴിവാക്കിയ സാഹചര്യത്തില്‍ ഹാര്‍ബര്‍ മാനേജ്മെന്റ് സൊസൈറ്റികള്‍ നിശ്ചയിക്കുന്ന അടിസ്ഥാന വിലയില്‍ മത്സ്യം തൂക്കി വില്ക്കുന്ന നടപടി തുടരും. മത്സ്യം വാങ്ങാന്‍ എത്തുന്ന വാഹനങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം. കൂടാതെ മത്സ്യബന്ധനത്തിനായി പോകുന്ന പോകുന്ന ബോട്ടുകള്‍ ഫിഷറീസ് വകുപ്പില്‍ മൂന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്. തലച്ചുമടായി വില്പ്പന നടത്തുന്ന സ്ത്രീകള്‍ക്ക് മത്സ്യം ലഭിക്കുന്നതിന് പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടും സാമൂഹ്യ അകലം പാലിച്ച്കൊണ്ടും മത്സ്യബന്ധനം നടത്തുന്നതിന് എല്ലാ സൗകര്യവും ഒരുക്കുമെന്ന് മന്ത്രി പറഞ്ഞു.  

ജില്ലാ കലക് ടര്‍ ബി അബ്ദുല്‍ നാസര്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക് ടര്‍ പി ഗീതാകുമാരി, എ സി പി എ.പ്രതീപ് കുമാര്‍, മത്സ്യഫെഡ് ജില്ലാ മാനേജര്‍ മണിരാജന്‍പിള്ള തുടങ്ങിയവര്‍ പങ്കെടുത്തു.