കോവിഡ് 19 : കുട്ടികള്‍ക്കുള്ള പ്രതിരോധ കുത്തിവയ്പ്: മുടങ്ങിയവര്‍ക്ക് മുന്‍ഗണന

post

കൊല്ലം : കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന ഇമ്മ്യൂണൈസേഷന്‍ ജില്ലയില്‍ പുനരാരംഭിച്ചു. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ ബ്രേക്ക് ദ ചെയ്ന്‍ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നടപ്പിലാക്കുകയെന്ന് ജില്ലാ കലക്ടര്‍ ബി അബ്ദുല്‍ നാസര്‍ അറിയിച്ചു. കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണൈസേഷന്‍ നല്‍കേണ്ടത്. ജില്ലയിലെ എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ ബുധന്‍, ശനി ദിവസങ്ങളില്‍ നടത്തും. മറ്റാശുപത്രികളില്‍ ഇമ്മ്യൂണൈസേഷന്‍ എടുക്കുന്ന ദിവസങ്ങളില്‍ തന്നെ തുടരുന്നതാണ്. 

കോവിഡ്-19 നിയന്ത്രണം മൂലം കുത്തിവയ്പ് എടുക്കാന്‍ വൈകിയ  കുട്ടികളുള്ള സ്ഥലങ്ങളില്‍ അവര്‍ക്ക് മുന്‍ഗണന നിശ്ചയിക്കുന്നതിനായി അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍, ജെപിഎച് എന്‍ എന്നിവര്‍ ചേര്‍ന്ന് ഇവരുടെ ലൈന്‍ ലിസ്റ്റെടുക്കണം. ഇവര്‍ക്ക് മുന്‍കൂര്‍ അപ്പോയ്‌മെന്റ് നല്‍കി തിരക്ക് കുറയ്ക്കും.  സാമൂഹിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷന്‍ നല്‍കുകയുള്ളു. ഒരേ സമയം ആ സ്ഥലത്ത് അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ഓരോരുത്തരും ഒരു മീറ്റര്‍ അകലം ഉറപ്പുവരുത്തണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന സ്ഥലം ഒ പി യില്‍ നിന്നും കുറച്ച് അകലെയായിരിക്കണം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തക ത്രീ ലെയര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണമെന്നും  ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ അര്‍ ശ്രീലത അറിയിച്ചു.

പ്രതിരോധ കുത്തിവയ്പ് നല്‍കുന്നതിനായി ജില്ലയില്‍ 9 മണി മുതല്‍ 1 ഒരു മണി വരെയുള്ള സമയം 30 മിനിറ്റു വീതമുള്ള 8 സ്ലോട്ടുകളായി തിരിച്ചിട്ടുണ്ട്. ഒരു സ്ലോട്ടില്‍ 5 കുട്ടികളെ മാത്രമാണ് പ്രവേശിപ്പിക്കുക. ഒരു സമയം ഒരു കുട്ടിക്ക് മാത്രം കുത്തിവയ്പ്പ് നടത്തും. മറ്റുള്ളവര്‍ക്ക് ഒരു മീറ്റര്‍ അകലമിട്ട് ഇരിക്കാന്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തിവയ്പിനു മുമ്പായി രക്ഷിതാവ് കൈ കഴുകിയിട്ടു വേണം ക്യാബിനില്‍ പ്രവേശിക്കേണ്ടത്. തിരിച്ചിറങ്ങുമ്പോള്‍ സാനിറ്റൈസര്‍ ഉപയോഗിക്കണം. കുത്തിവയ്പ്പിനു വരുന്നവര്‍ ജനറല്‍ ഒ പി യില്‍ പോകാന്‍ പാടില്ല. തിരക്ക് ഒഴിവാക്കാനും യാത്ര ചെയ്യുന്നത് കുറയ്ക്കുന്നതിനും ഔട്ട് റീച്ച് പ്രോഗ്രാമിന്റെ ഭാഗമായി വെള്ളിയാഴ്ചകളില്‍ അങ്കണവാടികളിലും സബ് സെന്ററുകളിലും ഇമ്യൂണൈസേഷന്‍ നല്‍കാവുന്നതാണെന്ന് ആര്‍ സി എച് ഓഫീസര്‍ ഡോ.പി എന്‍ കൃഷ്ണവേണി അറിയിച്ചു.