ജില്ലയില്‍ 10 പേര്‍ക്ക് കൂടി കോവിഡ് ബാധ സ്ഥിരീകരിച്ചു

post

കണ്ണൂര്‍ : ജില്ലയില്‍ 10 പേര്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 21) കൊറോണബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. ഇവരില്‍ ഒരാള്‍ അജ്മാനില്‍ നിന്നും എട്ടു പേര്‍ ദുബൈയില്‍ നിന്നും എത്തിയവരാണ്. ഒരാള്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്.

മാര്‍ച്ച് 18ന് ഐഎക്‌സ് 344 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ ചെണ്ടയാട് സ്വദേശി (54), 19ന് ഐഎക്‌സ് 346 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ പാത്തിപ്പാലം സ്വദേശി (30), ചെറുവാഞ്ചേരി സ്വദേശി (29), ഇതേ നമ്പര്‍ വിമാനത്തില്‍ മാര്‍ച്ച് 20ന് കരിപ്പൂര്‍ വഴിയെത്തിയ പെരിങ്ങത്തൂര്‍ സ്വദേശി (25), മാര്‍ച്ച് 21ന് ഇകെ 568 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചമ്പാട് സ്വദേശി (64), ഷാര്‍ജയില്‍ നിന്നുള്ള ഐഎക്സ് 746 വിമാനത്തില്‍ കണ്ണൂര്‍ എയര്‍പോര്‍ട്ടിലെത്തിയ മുതിയങ്ങ സ്വദേശി (61), അജ്മാനില്‍ നിന്ന് ദുബൈ വഴി ഇകെ 566 വിമാനത്തില്‍ ബെംഗളൂരു വഴിയെത്തിയ ചപ്പാരപ്പടവ് സ്വദേശി (39), എഐ 938 വിമാനത്തില്‍ കരിപ്പൂര്‍ വഴിയെത്തിയ മുഴപ്പിലങ്ങാട് സ്വദേശി (54), ചെണ്ടയാട് സ്വദേശി (31) എന്നിവരാണ് ഗള്‍ഫില്‍ നിന്നെത്തിയ രോഗബാധിതര്‍. കോട്ടയം മലബാര്‍ സ്വദേശിയായ 32കാരിക്കാണ് സമ്പര്‍ക്കം വഴി രോഗബാധ ഉണ്ടായത്.  10 പേരും ഏപ്രില്‍ 18ന് സ്രവപരിശോധനയ്ക്ക് വിധേയരായവരാണ്.

ഇതോടെ ജില്ലയില്‍ കൊറോണ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 104 ആയി. ഇതില്‍ 49 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ നിന്ന് ആറു പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ നിന്ന് ഒരാളും ഇന്നലെയാണ് ആശുപത്രി വിട്ടത്.

ജില്ലയില്‍ 4365 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 47 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 12 പേര്‍ ജില്ലാ ആശുപത്രിയിലും മൂന്നു പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 40 പേര്‍ അഞ്ചരക്കണ്ടി കോവിഡ് ട്രീറ്റ്മെന്റ് സെന്ററിലും 4263 പേര്‍ വീടുകളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇതുവരെ ജില്ലയില്‍ നിും 2342 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2128 എണ്ണത്തിന്റെ ഫലം ലഭ്യമായി. ഇതില്‍ 1774 എണ്ണം നെഗറ്റീവ് ആണ്. 214 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.