കോവിഡ് 19: റംസാനില്‍ പള്ളികളില്‍ പ്രാര്‍ഥനകളും സംഘം ചേര്‍ന്നുള്ള ഇഫ്ത്താര്‍ വിരുന്നുകളും ഇല്ല

post

മുഖ്യമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പൂര്‍ണ്ണ പിന്തുണയുമായി മത സംഘടനാ നേതാക്കള്‍

മലപ്പുറം:  കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത്തവണത്തെ റംസാനില്‍ പള്ളികളില്‍ പ്രാര്‍ഥനകളും സംഘം ചേര്‍ന്നുള്ള ഇഫ്ത്താര്‍ വിരുന്നുകളുമില്ല. മത സംഘടനാ നേതാക്കളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലാണ് ഈ തീരുമാനം. കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ ജാഗ്രത വേണമെന്നും രോഗ പ്രതിരോധത്തിനായി സര്‍ക്കാര്‍ സ്വീകരിക്കുന്ന മുഴുവന്‍ നടപടികളുമായും സഹകരിക്കുമെന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്ത വിവിധ മത സംഘടനാ പ്രതിനിധികള്‍ ഉറപ്പു നല്‍കി. 

മനുഷ്യരാശിയുടെ നിലനില്‍പ്പിനായുള്ള പോരാട്ടത്തിനിടയിലെത്തുന്ന റംസാന്‍ നന്മയുടേയും ത്യാഗത്തിന്റേതുമാകട്ടെ എന്ന് മുഖ്യമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. മനുഷ്യ നന്മയാണ് എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത്. കോവിഡ് 19 ലോകമാകെ ഭീഷണിയാവുമ്പോള്‍ രോഗവ്യാപനം തടയുന്നതിനാണ് ശ്രദ്ധിക്കേണ്ടത്. ഇക്കാര്യത്തില്‍ മുഴുവന്‍ മത സംഘടനകളും ഇതുവരെ നല്‍കിയ പിന്തുണ തുടര്‍ന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. ആത്മ സംസ്‌ക്കരണത്തിന്റെ കാലമാണ് റംസാന്‍. കോവിഡ് 19 പ്രതിരോധിക്കാന്‍ സാമൂഹിക അകലം ഉറപ്പാക്കി ഭക്തിസാന്ദ്രമായ റംസാന്‍ ഉറപ്പാക്കേണ്ടതുണ്ടെന്ന മുഖ്യമന്ത്രിയുടെ നിര്‍ദേശത്തിന് പൂര്‍ണ്ണ പിന്തുണയാണ് മത സംഘടനാ നേതാക്കള്‍ നല്‍കിയത്.

റംസാനില്‍ പള്ളികളില്‍ നടക്കുന്ന നമസ്‌ക്കാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കാമെന്നും രോഗങ്ങള്‍ക്ക് ചികിത്സയും പ്രതിരോധവും തേടണമെന്ന മത തത്വമാണ് ഇവിടെ പാലിക്കപ്പെടേണ്ടതെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു. നമസ്‌ക്കാരങ്ങള്‍ വീടുകളില്‍ത്തന്നെ നിര്‍വ്വഹിച്ചാല്‍ മതി. കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന ഇഫ്ത്താര്‍ വിരുന്നുകള്‍ പൂര്‍ണ്ണമായും ഉപേക്ഷിക്കണം. ഇഫ്ത്താറുകള്‍ സ്വന്തം വീടുകളില്‍ ഒതുക്കി നിര്‍ത്തണം. ലോകത്തെ വിറപ്പിക്കുന്ന മഹാമാരി ചെറുക്കാന്‍ ക്ഷമയാണ് വിശ്വാസികളില്‍ നിന്ന് ഉണ്ടാകേണ്ടതെന്നും ഇക്കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന മുഴുവന്‍ തീരുമാനങ്ങളും അംഗീകരിക്കുമെന്നും നേതാക്കള്‍ ഐകകണ്ഠ്യേന വ്യക്തമാക്കി.

സമൂഹത്തിന്റെ ആരോഗ്യപൂര്‍ണ്ണമായ ഭാവി മുന്‍നിര്‍ത്തി മത സാമൂഹിക സംഘടനാ നേതാക്കള്‍ സ്വീകരിക്കുന്ന സമീപനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ നാട്ടില്‍ തിരിച്ചെത്തിക്കണമെന്ന മത സംഘടനാ നേതാക്കളുടെ ആവശ്യം കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും തിരിച്ചെത്തുന്ന പ്രവാസികളെ സ്വീകരിക്കാന്‍ കേരളം സര്‍വ്വ സജ്ജമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാര്‍, എം.ഐ. അബ്ദുള്‍ അസീസ്, ഡോ. ഇ.കെ. അഹമ്മദ്കുട്ടി, ടി.കെ. അഷറഫ്, എന്‍.കെ. സദറുദ്ദീന്‍, ഡോ. ഫസല്‍ ഗഫൂര്‍, സയ്യിദ് ഖലീലുല്‍ ബുഹാരി തങ്ങള്‍, പി. മുജീബ് റഹ്മാന്‍, താജുദ്ദീന്‍ തുടങ്ങിയവര്‍ മലപ്പുറത്ത് നിന്ന് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.