സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തിന്റെ ഒരു ഭാഗം താല്‍ക്കാലികമായി മരവിപ്പിക്കും- മുഖ്യമന്ത്രി

post

* ജനപ്രതിനിധികളുടെ ശമ്പളത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യും

തിരുവനന്തപുരം :  കോവിഡ് 19ന്റെ പൊട്ടിപ്പുറപ്പെടല്‍ ദേശീയ-സംസ്ഥാന സാമ്പത്തിക രംഗങ്ങളില്‍ കനത്ത ആഘാതം ഏല്‍പ്പിച്ച സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്നും ഒരു ഭാഗം താല്‍ക്കാലികമായി മരവിപ്പിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. പരമാവധി ഒരു മാസത്തെ ശമ്പളമാണ് മരവിപ്പിക്കുക.

മാസത്തില്‍ ആറു ദിവസത്തെ ശമ്പളം വീതം അഞ്ചുമാസത്തേക്ക് ഇത്തരത്തില്‍ മരവിപ്പിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. പൊതുമേഖലാ സ്ഥാപനങ്ങള്‍, അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, സര്‍ക്കാരിന്റെ ഗ്രാന്റോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ എന്നിവയ്ക്കും ഇതു ബാധകമാണ്. 20,000 രൂപയില്‍ താഴെ ശമ്പളമുള്ളവരെ ഇതില്‍ നിന്നും ഒഴിവാക്കും.

മന്ത്രിമാര്‍, എംഎല്‍എമാര്‍, ബോര്‍ഡംഗങ്ങള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍ എന്നിവരുടെ ശമ്പളം/ഓണറേറിയത്തിന്റെ 30 ശതമാനം ഒരു വര്‍ഷത്തേക്ക് കുറവു ചെയ്യും.

ദേശീയതലത്തില്‍ എട്ടും ഒമ്പതും ശതമാനം വളര്‍ച്ചയുണ്ടായിരുന്ന സമ്പദ്ഘടനയുടെ വളര്‍ച്ച അഞ്ചു ശതമാനത്തില്‍ താഴെ എത്തിനില്‍ക്കുമ്പോഴാണ് മഹാമാരി പ്രത്യക്ഷപ്പെടുന്നത്. ഈ ദേശീയ സാഹചര്യത്തിലാണ് കേരളം പോലൊരു സംസ്ഥാനം പശ്ചാത്തല സൗകര്യവികസനവും സാമൂഹ്യമേഖലയിലെ ഇടപെടലും ശ്രദ്ധേയമാക്കി രണ്ടു പ്രകൃതിദുരന്തങ്ങള്‍ക്കിടയിലും സാമ്പത്തിക വളര്‍ച്ച 7.5 ശതമാനത്തില്‍ നിലനിര്‍ത്തിയത്. സംസ്ഥാനത്തിന്റെ പൊതു ധനകാര്യരംഗത്ത് ഞെരുക്കം അനുഭവപ്പെട്ടെങ്കിലും സാമൂഹ്യക്ഷേമ ചെലവുകളില്‍ നിന്നും സര്‍ക്കാര്‍ പിന്നോട്ടുപോയിട്ടില്ല. എന്നാല്‍, കോവിഡ് 19 സംസ്ഥാനത്തെ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതമാണ് ഉണ്ടാക്കിയിട്ടുള്ളത്. സംസ്ഥാനത്തിന്റെ തനത് നികുതിവരുമാനം ഏതാണ്ട് നിലച്ച അവസ്ഥയിലാണ്. ലോക്ക്ഡൗണാണ് ഒരു കാരണം. ചെലവുകളുടെ കാര്യത്തില്‍ വലിയ വര്‍ധനയാണ് ഉണ്ടാകുന്നത്. ആരോഗ്യ, ഭക്ഷ്യസുരക്ഷാ മേഖലയില്‍ സര്‍ക്കാരിന് പ്രതിജ്ഞാബദ്ധമായ ലക്ഷ്യങ്ങള്‍ നേടുന്നതിനുള്ള ചെലവുകള്‍ ഒഴിവാക്കാനാവില്ല.  ഈ സാഹചര്യത്തിലാണ് നടപടി. അഭിമുഖീകരിക്കുന്ന വെല്ലുവിളി ചെറുതല്ല എന്നതിനാല്‍ ജീവനക്കാരുടെ ഉദാരമായ സഹായവും സഹകരണവും സര്‍ക്കാര്‍ പ്രതീക്ഷിക്കുകയാണ്.

കോവിഡ് 19 ബാധയെത്തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്നങ്ങളും വരാനിരിക്കുന്ന പ്രത്യാഘാതങ്ങളും കൃത്യമായി കണക്കാക്കാക്കാന്‍ ഒരു വിദഗ്ധ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ നിധിയിലേക്ക് നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും എല്ലാ പ്രയാസങ്ങളും സഹിച്ചും സംഭാവന നല്‍കാന്‍ എല്ലാ വിഭാഗം ജനങ്ങളും മുന്നോട്ടുവരുന്നത് ആശ്വാസകരമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.