നല്‍കാം ഖാദര്‍ യൂസഫിനൊരു സല്യൂട്ട് ; ക്വാറന്റൈനിനായി വീട് വിട്ട് നല്‍കി പ്രവാസി

post

തൃശൂര്‍ : കോവിഡ് വൈറസിനെ ഭയന്ന് ആളുകള്‍ വീടുകളില്‍ ഒതുങ്ങുമ്പോള്‍ പുതുതായി പണികഴിച്ച സ്വന്തം വീട് തന്നെ ഐസൊലേഷന്‍ വാര്‍ഡിനായി പ്രയോജനപ്പെടുത്താന്‍ വിട്ടുനല്‍കിയിരിക്കുകയാണ് ചെന്ത്രാപ്പിന്നി ഈസ്റ്റ് സ്വദേശി തറയില്‍ ഖാദര്‍ യൂസഫ്. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ ഖാദര്‍ യൂസഫ് തന്റെ മക്കള്‍ക്കായി പണിത വീട് പ്രവാസികള്‍ക്ക് ഐസോലേഷന്‍ സൗകര്യം ഒരുക്കുന്നതിനായി നല്‍കാന്‍ സന്നദ്ധത അറിയിക്കുകയായിരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടിയ വീട്ടില്‍ രണ്ട് നിലകളിലായി നാല് മുറികളും, രണ്ട് ഹാളുമുണ്ട്. ''സര്‍ക്കാരിനോട് നമുക്കും കടമകളുണ്ട്. അങ്ങനെയൊരു തോന്നലിലാണ് വീട് ഐസോലേഷന്‍ വാര്‍ഡാക്കാന്‍ തീരുമാനിച്ചത്''യൂസഫ് പറയുന്നു. കുടുംബസമേതം വിദേശത്ത് താമസിക്കുകയാണ് യൂസഫ്. നാട്ടില്‍ വരുമ്പോഴൊക്കെ സന്നദ്ധ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകാറുണ്ട്. കുടുംബാംഗങ്ങളോടൊപ്പം വീടിന്റെ താക്കോല്‍ ഇ ടി ടൈസണ്‍ മാസ്റ്റര്‍ എംഎല്‍എയ്ക്ക് കൈമാറി. വാര്‍ഡ് മെമ്പര്‍ ശ്രീദേവി ദിനേഷും ചടങ്ങില്‍ പങ്കെടുത്തു. യൂസഫിന് അഭിനന്ദനങ്ങള്‍ നേര്‍ന്നതിന് ശേഷം, തൊട്ടടുത്ത ദിവസം തന്നെ സന്നദ്ധ പ്രവര്‍ത്തകരെത്തി വീട് അണുവിമുക്തമാക്കി താമസത്തിന് സജ്ജമാക്കുമെന്ന് എംഎല്‍എ അറിയിച്ചു.