എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും കാമ്പയിന് അടൂരില്‍ തുടക്കമായി

post

പത്തനംതിട്ട : ലോക്ഡൗണ്‍ കാലം ഫലപ്രദമായി വിനിയോഗിക്കുന്നതിന് പത്തനംതിട്ട കുടുംബശ്രീ മിഷന്‍ ജില്ലയില്‍ നടപ്പാകുന്ന കാര്‍ഷിക ക്യാമ്പയിനായ 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' പദ്ധതിയുടെ  അടൂര്‍ മണ്ഡലതല ഉദ്ഘാടനം ചിറ്റയം ഗോപകുമാര്‍ എംഎല്‍എ വിത്ത് വിതച്ച് നിര്‍വഹിച്ചു. പള്ളിക്കല്‍ പാര്‍ഥമന്ദിരം സത്യനാഥ കുറുപ്പിന്റെ 50 സെന്റ് സ്ഥലത്താണ് കൃഷി ആരംഭിച്ചത്. പാവല്‍, പയര്‍, വെള്ളരി, കാച്ചില്‍ കിഴങ്ങ് ചേന, ചീര, എന്നിവയാണ് കൃഷി ചെയ്യുന്നത്. 50 സെന്റ് സ്ഥലത്ത് കൃഷി ഇറക്കി.

ജില്ലാ കുടുംബശ്രീമിഷന്‍ അയല്‍ക്കൂട്ട വനിതകള്‍ക്കായി സംഘടിപ്പിക്കുന്നതാണ് 'എന്റെ കൃഷി, എന്റെ ആരോഗ്യം, ഒപ്പം നിങ്ങളുടെയും' കാര്‍ഷിക ക്യാമ്പയിന്‍.  ജില്ലയില്‍ 11,000 അയല്‍കൂട്ടങ്ങള്‍ മുഖേന വീട്ടുവളപ്പില്‍ ഒരു സെന്റ് മുതല്‍ പത്ത് സെന്റ് വരെയുള്ള സ്ഥലങ്ങളിലാണ് കൃഷി ചെയ്യുന്നത്. വിഷരഹിത പച്ചക്കറി ഉത്പാദനത്തില്‍ ജില്ലയില്‍ സ്വയം പര്യാപ്തത കൈവരിക്കുവാനുള്ള പരിശ്രമത്തിന്റെ ഭാഗമാണ് പദ്ധതി.

പള്ളിക്കല്‍ തോട്ടുവായില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രസന്നകുമാരി, വൈസ് പ്രസിഡന്റ് എ.പി. സന്തോഷ്, കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ കെ. വിധു, അസി. കോ-ഓര്‍ഡിനേറ്റര്‍ എ. മണികണ്ഠന്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ഗായത്രി രാജ്,സിഡിഎസ് അധ്യക്ഷ ലളിതാ ഭാസുരന്‍, വൈസ് ചെയര്‍പേഴ്സണ്‍ ഗീത എന്നിവര്‍ പങ്കെടുത്തു.