ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് ബാധ; രണ്ടു പേര്‍ക്ക് രോഗ മുക്തി

post

ജില്ലയില്‍ പരിശോധനയുടെ രണ്ടാംഘട്ടം തുടങ്ങി

കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 25) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. പെരിങ്ങത്തൂര്‍ സ്വദേശിയായ 20കാരന്‍ സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതനായത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏപ്രില്‍ 23ന് ഇദ്ദേഹം സ്രവ പരിശോധനയ്ക്ക് വിധേയനായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 112 ആയി.

അതിനിടെ കൊറോണ ബാധിച്ച് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലായിരുന്ന രണ്ടു പേര്‍ കൂടി ഇന്നലെ രോഗം ഭേദമായി ആശുപത്രി വിട്ടു. നിസാമുദ്ദീനില്‍ നിന്ന് തിരികെയെത്തിയ മാടായി സ്വദേശിയും അദ്ദേഹത്തില്‍ നിന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധിതയായ സ്ത്രീയുമാണ് ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗം ഭേദമായി ഡിസ്ചാര്‍ജ് ആയവരുടെ എണ്ണം 56 ആയി.

നിലവില്‍ ജില്ലയില്‍ 2711 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 62 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 22 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 6 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 30 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2591 പേര്‍ വീടുകളിലുമാണ് ഇവര്‍ നിരീക്ഷണത്തിലുള്ളത്.

ഇതുവരെയായി ജില്ലയില്‍ നിന്നും 2762 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2501 എണ്ണത്തിന്റെ ഫലം ലഭ്യമായി. 261 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

ജില്ലയില്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുടെയും അവരുടെ പ്രൈമറി കോണ്‍ടാക്റ്റുകളുടെയും സ്രവപരിശോധന ഏറെക്കുറെ പൂര്‍ത്തിയായതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇനി ഏതാനും സാമ്പിളുകളില്‍ മാത്രമേ ഫലം വരാനുള്ളൂ. അതോടൊപ്പം വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിള്‍ പരിശോധന ഇന്നലെ ആരംഭിച്ചു. തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നുള്ള 20 പേരെയാണ് ഇന്നലെ പരിശോധനയ്ക്ക് വിധേയരാക്കിയത്. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടവരെയാണ് രണ്ടാം ഘട്ടത്തില്‍ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്. ഇതുപ്രകാരം കോവിഡ് ആശുപത്രികളല്ലാത്ത ആരോഗ്യ സ്ഥാപനത്തില്‍ ജോലി ചെയ്ത ആരോഗ്യ പ്രവര്‍ത്തകര്‍, പോലിസുകാര്‍, മാധ്യമപ്രവര്‍ത്തകര്‍, ഹോം ഡെലിവറി വളണ്ടിയര്‍മാര്‍ തുടങ്ങി ജനങ്ങളുമായി കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തിയ വിഭാഗങ്ങളിലാണ് റാന്റം ടെസ്റ്റ് നടത്തുക