ജില്ലയില്‍ ഇന്നും പോസിറ്റീവ് കേസുകളില്ല; ഒരാള്‍ കൂടി ആശുപത്രി വിട്ടു

post

കണ്ണൂര്‍ : ജില്ലയില്‍ കോവിഡ് പോസിറ്റീവ് കേസുകളൊന്നും ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല. അതേസമയം, ആകെയുള്ള 112 കൊറോണ ബാധിതരില്‍ ഒരാള്‍ കൂടി ഇന്നലെ ആശുപത്രി വിട്ടു. അഞ്ചരക്കണ്ടി കോവിഡ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ചെറുവാഞ്ചേരി സ്വദേശി 24കാരനാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്. ഇതോടെ ജില്ലയില്‍ രോഗ മുക്തി നേടിയവരുടെ എണ്ണം 58 ആയി. നിലവില്‍ 54 പേരാണ് പേരാണ് ശുപത്രികളില്‍ ചികില്‍സയിലുള്ളത്.

നിലവില്‍ 55 പേര്‍ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലും 21 പേര്‍ കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും 6 പേര്‍ തലശ്ശേരി ജനറല്‍ ആശുപത്രിയിലും 32 പേര്‍ അഞ്ചരക്കണ്ടി ജില്ലാ കോവിഡ് ചികിത്സാ കേന്ദ്രത്തിലും 2606 പേര്‍ വീടുകളിലുമായി 2720 പേര്‍ ജില്ലയില്‍ നിരീക്ഷണത്തിലുണ്ട്. ഇതുവരെയായി ജില്ലയില്‍ നിന്നും 2851 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചതില്‍ 2571 എണ്ണത്തിന്റെ ഫലം ലഭ്യമായി. 280 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

അതിനിടെ, വൈറസിന്റെ സമൂഹ വ്യാപന സാധ്യത അറിയുന്നതിനായുള്ള രണ്ടാംഘട്ട സാമ്പിള്‍ പരിശോധന ഇന്നലെയും തുടര്‍ന്നു. ഇന്നലെ വിവിധ വിഭാഗങ്ങളില്‍ നിന്നുള്ള 30 പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതോടെ തെരഞ്ഞെടുക്കപ്പെട്ട സാമൂഹ്യ വിഭാഗങ്ങളില്‍ നിന്നെടുത്ത സാമ്പിളുകളുടെ എണ്ണം 88 ആയി. വൈറസ് വ്യാപന സാധ്യതയുള്ള വിഭാഗങ്ങളില്‍ പെട്ടവരെയാണ് രണ്ടാം ഘട്ടത്തില്‍ സ്രവപരിശോധനയ്ക്ക് വിധേയമാക്കുന്നത്.