കോവിഡ് 19 സഹായ ഹസ്തവുമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത്

post

ഇടുക്കി : കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍  വരുന്ന ക്ഷീര സംഘങ്ങളില്‍ പാല്‍ അളക്കുന്ന എല്ലാ ക്ഷീര കര്‍ഷകരുടെയും സുരക്ഷയെ മുന്‍നിര്‍ത്തി ക്ഷീര വികസന ഓഫീസ് മുഖേന മുഖാവരണങ്ങള്‍ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍  വച്ച് നടന്ന യോഗത്തില്‍  പ്രസിഡന്റ് മര്‍ട്ടില്‍  മാത്യു 1600 മാസ്‌ക്കുകള്‍ ക്ഷീരവികസന ഓഫീസര്‍ക്ക് കൈമാറിക്കൊണ്ട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ദിവസേന 2000 ത്തോളം ഫേസ് മാസ്‌ക്കുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ കഴിയുന്ന യൂണിറ്റ് ബ്ലോക്ക് പഞ്ചായത്തിന്റെ സംരംഭക ഗ്രൂപ്പ് മുഖേന പ്രവര്‍ത്തനം സജ്ജമാക്കിയിട്ടുണ്ടൈന്നും പ്രസിഡന്റ് അറിയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള അഗതി മന്ദിരങ്ങളില്‍ ലോക്ക് ഡൗണ്‍ കാരണം ഭക്ഷ്യ വസ്തുക്കളുടെ ക്ഷാമം നേരിട്ടതിനെ തുടര്‍ന്ന് അരിയും മറ്റ് അവശ്യ ഭക്ഷ്യ വസ്തുക്കളും അതാത് ബ്ലോക്ക് ഡിവിഷന്‍ മെമ്പര്‍മാരുടെ നേതൃത്വത്തില്‍ എത്തിച്ച് നല്‍കി. 

നിരീക്ഷണത്തിലുള്ളവര്‍, അഗതികള്‍, അതിഥി തൊഴിലാളികള്‍ മുതലായവര്‍ക്ക് ഗ്രാമപഞ്ചായത്തുകള്‍ കമ്മ്യൂണിറ്റി കിച്ചണ്‍ വഴി വിതരണം ചെയ്ത സൗജന്യ ഊണ് ഒന്നിന് അഞ്ച് രൂപ എന്ന നിരക്കില്‍  പഞ്ചായത്തുകള്‍ക്ക് അനുവദിക്കുന്നതിന് തീരുമാനിച്ചതായി സെക്രട്ടറി ഭാഗ്യരാജ് കെ.ആര്‍. അറിയിച്ചു.ലോക്ക് ഡൗണ്‍ സമയത്ത് ആരോഗ്യ കേന്ദ്രങ്ങളില്‍  അത്യാവശ്യ മരുന്നുകളുടെ ലഭ്യത ഉറപ്പാക്കുന്നതിന് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകള്‍ക്കും 30000 രൂപ വീതം അടിയന്തിര സഹായമെത്തിക്കുന്നതിനും തീരുമാനിച്ചു. 

കോവിഡ് 19 ബ്ലോക്ക് തല ഏകോപന സമിതി യോഗത്തില്‍  വച്ച് ഉടുമ്പന്നൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു സജീവ്, കരിമണ്ണൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദേവസ്യ എന്നിവര്‍ക്ക് ചെക്ക് കൈമാറികൊണ്ട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മര്‍ട്ടില്‍ മാത്യു ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സോമി അഗസ്റ്റിന്‍, ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ജിജി സുരേന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.