ആലപ്പുഴയിലെ റോഡുകള്‍ പോലെ ആലപ്പുഴയിലെ തോടുകളും വൃത്തിയാക്കും : തോമസ് ഐസക്

post

ആലപ്പുഴ :ആലപ്പുഴയിലെ റോഡുകള്‍ പോലെ തന്നെ ആലപ്പുഴയിലെ തോടുകളും വൃത്തിയാക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി ടി  എം തോമസ് ഐസക്. എസ് ഡി വി സ്‌കൂള്‍ മൈതാനത്തു നടന്ന 'ആലപ്പുഴ നഗരം ശുചിത്വപ്രതിജ്ഞ ചെയ്യുന്നു' പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്ന മന്ത്രി.  തോടുകള്‍ വൃത്തിയാക്കാന്‍ 150 കോടി രൂപയാണ് ചെലവഴിക്കുന്നത്. അത് വൃത്തിയായി തുടരണമെങ്കില്‍ വീടുകള്‍ വൃത്തിയാക്കണം. വീടുകളിലെ ജൈവ മാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനായി 1800 രൂപ വിലയുള്ള ബയോ ബിന്‍ 200 രൂപയ്ക്ക് നഗരസഭയില്‍ നിന്നും ലഭിക്കും. 2012ല്‍ ആരംഭിച്ച ശുചിത്വ പരിപാടി 2019ല്‍ സമ്പൂര്‍ണ്ണ വിജയത്തിലേക്ക് എത്തിയെന്നും മന്ത്രി കൂട്ടി ചേര്‍ത്തു.

നഗരത്തിലെ  തിരഞ്ഞെടുത്ത 32 സ്‌കൂളുകളില്‍ നിന്നുമെത്തിയ 5000  സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തിലുള്ള കൂട്ടപാട്ടും നടന്നു. സെന്റ് ജോസഫ് സ്‌കൂള്‍ വിദ്യാര്‍ത്ഥി മീനാക്ഷി സജീവ് ശുചിത്വ പ്രതിജ്ഞ ചൊല്ലി കൊടുത്തു. നഗര സഭ പ്രദേശത്തു വിതരണം ചെയ്ത പ്രതിജ്ഞ പത്രികകള്‍ മന്ത്രി വേദിയില്‍ വച്ച് സ്വീകരിച്ചു. നഗരസഭാധ്യക്ഷന്‍ ഇല്ലിക്കല്‍ കുഞ്ഞുമോന്‍ അധ്യക്ഷനായ ചടങ്ങില്‍ കില ഡയറക്ടര്‍ ഡോ ജോയ് ഇളമണ്‍, മജീഷ്യന്‍ ഗോപിനാഥ് മുതുകാട്, ജില്ലാ കളക്ടര്‍ എം അഞ്ജന, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ ടി മാത്യു, നഗരസഭാ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. എ റസാഖ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ ജി മനോജ് കുമാര്‍,  നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ ജ്യോതി മോള്‍, പ്രതിപക്ഷനേതാവ് ഡി.ലക്ഷ്മണന്‍, മുന്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍ തോമസ് ജോസഫ് എന്നിവര്‍ സംസാരിച്ചു.