മലമുകളിലെ രോഗിക്ക് ഓക്‌സിജന്‍ സിലിണ്ടര്‍ എത്തിച്ച അടിമാലി പൊലീസ് ദേശീയ ശ്രദ്ധയില്‍

post

ഇടുക്കി : ശ്വാസകോശ സംബന്ധമായ രോഗം മൂലം വിഷമിക്കുന്ന രോഗിക്ക് നിര്‍ണായക ഘട്ടത്തില്‍ ഓക്‌സിജന്‍ സിലിണ്ടര്‍ മലമുകളിലെ വീട്ടിലെത്തിച്ച അടിമാലി ജനമൈത്രി പൊലീസിന്റെ നടപടി ദേശീയ തലത്തില്‍ ശ്രദ്ധിക്കപ്പെട്ടു. ആകാശവാണിയുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഇതുസംബന്ധിച്ചു വന്ന ട്വീറ്റ് കേന്ദ്ര വാര്‍ത്താവിതരണ  പ്രക്ഷേപണ, വനം - പരിസ്ഥിതി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കര്‍ റീ ട്വീറ്റ് ചെയ്തതോടെയാണ് ശ്രദ്ധിക്കപ്പെട്ടത്. കഴിഞ്ഞ ഏപ്രില്‍ 14 ന് വിഷുദിനത്തിലാണ് ചൂരക്കെട്ടാന്‍ കുടി ആദിവാസി കോളനിയിലെ 49 കാരിയായ പേരകത്ത് റോസമ്മ തോമസിന് പൊലീസിന്റെ സഹായ ഹസ്തം ലഭിച്ചത്.

ശ്വാസകോശം ചുരുങ്ങുന്ന രോഗവുമായി കഷ്ടപ്പെടുന്ന റോസമ്മയ്ക്ക് ലോക് ഡൗണ്‍ കാരണം ഓക്‌സിജന്‍ സിലിണ്ടര്‍ തീരാറായത്  മാറിക്കിട്ടാന്‍ വൈകി. ഇതോടെ റോസമ്മയും മകനും പരിഭ്രാന്തിയിലായി. വിവരം ജനമൈത്രി പൊലീസ് അറിഞ്ഞതോടെ സിഐ അനില്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ സിലിണ്ടര്‍ എത്തിക്കാന്‍ നടപടികള്‍ വേഗത്തിലാക്കി. അടിമാലി മച്ചിപ്ലാവില്‍ നിന്ന് ഏഴു കിലോമീറ്ററോളം ജീപ്പ് റോഡിലൂടെ വേണം കുടിയിലെത്താന്‍. ഒരു വലിയ സിലിണ്ടര്‍ അഞ്ചു ദിവസത്തേക്കാണ് ഉപയോഗിക്കാറുള്ളത്. റോസമ്മയ്ക്കു ജീവന്‍ നിലനിര്‍ത്താന്‍ ആവശ്യമായ സിലിണ്ടര്‍ ഉള്‍പ്പെടെ  കുടുംബത്തിന് ആവശ്യമുള്ള ഭക്ഷ്യവിഭവങ്ങളടങ്ങിയ കിറ്റും മരുന്നും പൊലീസ് നല്‍കി. ജനമൈത്രി പി ആര്‍ ഒ കെ.ഒ. മണിയന്‍, എസ് ഐ സി ആര്‍ സന്തോഷ്, ജനമൈത്രി അംഗങ്ങളായ അഡ്വ. അജിത്, റെജി എന്നിവരും സംഘത്തിലുണ്ടായിരുന്നു. റോസമ്മയ്ക്ക് ദിവസങ്ങള്‍ക്കു മുമ്പ് വീണ്ടും സിലിണ്ടര്‍ എത്തിച്ചു നല്‍കിയതായി സിഐ അനില്‍ ജോര്‍ജ് പറഞ്ഞു. പട്ടികവര്‍ഗ വകുപ്പാണ് ഇവരുടെ ചികിത്സാ ചെലവ് വഹിക്കുന്നത്.