ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളികള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം

post

പത്തനംതിട്ട : ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് തൊഴിലാളികള്‍ക്ക് 30.42 കോടി രൂപയുടെ ധനസഹായം. ബോര്‍ഡിന്റെ പരിധിയില്‍ വരുന്നതും കോവിഡ് പ്രതിരോധത്തിന്റെ  ഭാഗമായി ലോക്ക്ഡൗണിനെ തുടര്‍ന്ന് ബുദ്ധിമുട്ടുന്ന ചെറുകിട/വന്‍കിട ഫാക്ടറി തൊഴിലാളികള്‍, സഹകരണ ആശുപത്രിയിലെ തൊഴിലാളികള്‍, തോട്ടങ്ങളില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആനുകൂല്യങ്ങള്‍ ലഭിക്കാത്ത തൊഴിലാളികള്‍ ഉള്‍പ്പെടെ 3,04,226 തൊഴിലാളികള്‍ക്കാണ് 1000 രൂപ വീതം ധനസഹായം അനുവദിക്കുന്നത്. ഇതിന് 30,42,26,000 രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. ആനുകൂല്യം ലഭിക്കുന്നതിന് തൊഴിലാളികളുടെ പേരുവിവരങ്ങള്‍, ആധാര്‍ നമ്പര്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ അതത് സ്ഥാപനങ്ങള്‍ ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് വെബ്സൈറ്റില്‍ (www.labourwelfarefund.in) അപ്‌ലോഡ് ചെയ്യുന്നതിനുള്ള സൗകര്യം ഉടന്‍ ലഭ്യമാക്കും. കോവിഡ് 19 ന്റെ ഭാഗമായി ആനുകൂല്യം ലഭിച്ചിട്ടുള്ള തൊഴിലാളികള്‍, സര്‍ക്കാര്‍, പൊതുമേഖലയില്‍ മാസവേതനം    ലഭിച്ചിട്ടുള്ളവര്‍, മറ്റ് സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ലഭിച്ചിട്ടുള്ളവര്‍ എന്നിവര്‍ക്ക് ഈ ആനുകൂല്യത്തിന് അര്‍ഹതയില്ല. ഫോണ്‍: 04712463769, 9747625935.