ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് ബാധ

post

കണ്ണൂര്‍ : ജില്ലയില്‍ ഒരാള്‍ക്കു കൂടി ഇന്നലെ (ഏപ്രില്‍ 27) കോവിഡ് ബാധ സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. മൊകേരി സ്വദേശിയായ 49കാരി സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധിതയായത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഏപ്രില്‍ 23ന് ഇവര്‍ സ്രവ പരിശോധനയ്ക്ക് വിധേയയായിരുന്നു. ഇതോടെ ജില്ലയില്‍ കൊറോണ ബാധിതരുടെ എണ്ണം 113 ആയി. കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്ന് ആറു പേര്‍ കൂടി ഇന്നലെ രോഗ മുക്തരായതോടെ ആശുപത്രിവിട്ടവരുടെ എണ്ണം 64 ആയി. ബാക്കി 48 പേരാണ് ഇനി ചികില്‍സയിലുള്ളത്.

ജില്ലയില്‍ നിലവില്‍ 2768 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 53 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ 10 പേരും ജില്ലാ ആശുപത്രിയില്‍ 20 പേരും കോവിഡ് ട്രീറ്റ്‌മെന്റ് സെന്ററില്‍ 31 പേരും വീടുകളില്‍ 2654 പേരുമാണുള്ളത്. ഇതുവരെ 2915 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2641 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 2473 എണ്ണം നെഗറ്റീവാണ്. 274 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.