ബേഡഡുക്ക പഞ്ചായത്തിലെ ഡെങ്കി ബാധിത പ്രദേശങ്ങളില്‍ പരിശോധന നടത്തി

post

കാസര്‍ഗോഡ് : ബേഡഡുക്ക ഗ്രാമ പഞ്ചായത്ത് പരിധിയിലെ ഡെങ്കി പനി  ബാധിത പ്രദേശങ്ങളില്‍  ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. കവുങ്ങിന്‍ തോട്ടങ്ങളില്‍ വീഴുന്ന പാളകള്‍, പ്ലാസ്റ്റിക് ഷീറ്റുകള്‍ മുതലായവ വെള്ളം കെട്ടി നില്‍ക്കാന്‍ അവസരം ഉണ്ടാക്കാതെ  നീക്കം ചെയ്യണമെന്ന് വീടുകളില്‍ കയറി   കര്‍ശന നിര്‍ദ്ദേശം നല്‍കി. വീഴ്ച്ച  വരുത്തുന്ന തോട്ടം ഉടമകള്‍ക്കെതിരെ പഞ്ചായത്ത് രാജ്, പൊതുജനാരോഗ്യ നിയമങ്ങള്‍ പ്രകാരം നിയമ നടപടികള്‍ സ്വീകരിക്കും.  തോടരികിലെ ചെറിയ കുഴികളില്‍ കൊതുക് വളരാന്‍ ഇടയാക്കുന്നതായും കണ്ടെത്തി.  മഴയെത്തും മുമ്പേ വാര്‍ഡ്തല ആരോഗ്യ സമിതികളുടെ നേതൃത്വത്തില്‍ ഊര്‍ജ്ജിതമായ പ്രവര്‍ത്തനം സംഘടിപ്പിക്കാനും നിര്‍ദ്ദേശിച്ചു . ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍    ഇ. രാധാകൃഷ്ണന്‍ നായര്‍, ബേഡകം താലൂക്ക് ആശുപത്രിയിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ വിശ്വദത്ത്, പബ്ലിക് റിലേഷന്‍ ഓഫീസര്‍ ലൂക്ക് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കി.  ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മാരായ പ്രദീപ്, ഷീജ, ജൂനിയര്‍ പി. എച്ച്. നേഴ്സായ അനു കെ,  ആശ പ്രവര്‍ത്തകരായ രജിത, മാധവി എന്നിവര്‍ പങ്കെടുത്തു