സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതപ്പെടുത്തും

post

വയനാട് : ജില്ലയില്‍ ലോക്ക് ഡൗണ്‍ ഇളവിനെ തുടര്‍ന്ന് പൊതു ഇടങ്ങളില്‍ ആളുകള്‍ കൂടുതല്‍ ഇടപ്പെടുന്ന സാഹചര്യത്തില്‍ സാമ്പിള്‍ പരിശോധന ഊര്‍ജ്ജിതമാക്കുമെന്ന് ജില്ലാ കളക്ടര്‍ ഡോ.അദില അബ്ദുളള പറഞ്ഞു. സാമ്പിള്‍ പരിശോധനയുടെ എണ്ണം വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ സാമൂഹത്തില്‍ എത്ര കേസുകളുണ്ടെന്ന കാര്യം വ്യക്തമാകു കയുളളു. സാധാരണ പരിശോധനയുടെ ഭാഗമായി 355 സ്രവ സാമ്പിളുകള്‍ പരിശോധനക്കായി അയച്ചിട്ടുണ്ട്. ഇതില്‍ 338  എണ്ണത്തിന്റെ ഫലം ലഭിച്ചു.

      സാമൂഹിക വ്യാപനം നടക്കുന്നുണ്ടോയെന്ന് പരിശോധിക്കുന്നതിനുളള റാന്‍ഡം സാമ്പിള്‍ പരിശോധനയും ജില്ലയില്‍ പുരോഗമിക്കുന്നു. പൂതാടി, മുളളന്‍കൊല്ലി, കണിയാമ്പറ്റ പഞ്ചായത്തുകളില്‍ നിന്നുമായി 170 സാമ്പിളുകള്‍ ഇത്തരത്തില്‍ ശേഖരിച്ചിട്ടുണ്ട്. സ്ഥിരീകരിച്ച കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയത് 4 എണ്ണം, ആശുപത്രി ജീവനക്കാര്‍-12, ഫീല്‍ഡില്‍ പ്രവര്‍ത്തിച്ച ജീവനക്കാര്‍-17, മുതിര്‍ന്ന പൗരന്‍മാര്‍ - 5, അന്തര്‍ സംസ്ഥാന യാത്രക്കാര്‍ - 10, ഗര്‍ഭിണികള്‍ - 5 മറ്റുളളവര്‍  117 എന്നിങ്ങനെയാണ് സാമ്പിള്‍ ശേഖരിച്ചത്. ഇവ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്. പരിശോധന ഫലം ഇതുവരെ ലഭിച്ചിട്ടില്ല. ആരോഗ്യ, പ്രതിരോധ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സാമ്പിളുകളും ഇതുപോലെ ശേഖരിക്കുന്നുണ്ട്. ദിവസം 45 സാമ്പിളുകളാണ് ശേഖരിക്കുക. ഒരു പഞ്ചായത്തില്‍ നിന്നും 15 പേരുടെ വീതം സാമ്പിളുകള്‍ എടുക്കും. 142 സാമ്പിളുകള്‍ ഇതുവരെ എടുത്തിട്ടുണ്ട്. 67 എണ്ണം പരിശോധനക്കായി അയച്ചു കഴിഞ്ഞു. ബാക്കിയുളളവ ഇന്ന് അയക്കും.  150 സാമ്പിളുകള്‍ കൂടി ഈ ആഴ്ച്ച ഇത്തരത്തില്‍ ശേഖരിക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു.

      കോവിഡ് കെയര്‍ സെന്ററിനായി ജില്ലയില്‍  2500 മുറികള്‍ കൂടി ലഭ്യമായതായി ജില്ലാ കളക്ടര്‍ അറിയിച്ചു. ഇതോടെ ജില്ലയില്‍ 4500 റൂമുകള്‍ സജ്ജമാണ്. നേരത്തെ 135 ഇടങ്ങളിലായി 1960 മുറികള്‍ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയിരുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് എണ്‍പതോളം പേര്‍ ജില്ലയിലേക്ക് വരാന്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു. ജില്ലയില്‍ എത്തുന്നവര്‍ക്ക് 14 ദിവസത്തെ നിരീക്ഷണം ഏര്‍പ്പെടുത്തും. അതിര്‍ത്തിയില്‍ ജാഗ്രത ശക്തിപ്പെടുത്തുമെന്ന് ജില്ലാ പോലീസ് മേധാവി ആര്‍.ഇളങ്കോ അറിയിച്ചു.