കോവിഡ് 19: സംശയമകറ്റി കണ്‍ട്രോള്‍ റൂമുകള്‍

post

ആലപ്പുഴ : കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കളക്ട്രേറ്റില്‍ ആരംഭിച്ച കണ്‍ട്രോള്‍ റൂമില്‍ നിരവധി കോളുകളാണ് പ്രതിദിനം ലഭിക്കുന്നത്. ഭയവും ആകുലതയുമായി വിളിക്കുന്നവര്‍ക്ക് ആശ്വാസമേകുന്നതിനൊപ്പം ഇവരുടെ സംശയങ്ങള്‍ക്കുള്ള മറുപടിയും നല്‍കിയാണ് ഓരോ കോളും അവസാനിപ്പിക്കുന്നത്. മാര്‍ച്ച് 27 മുതല്‍ 3491 കോളുകളാണ്് ലഭിച്ചത്. ഡോക്ടര്‍ ഓണ്‍ലൈനുമായി ബന്ധപ്പെട്ടാണ് കൂടുതല്‍ കോളുകള്‍ ലഭിക്കുന്നത്. 1008 കോളുകളാണ് ഡോക്ടര്‍ ഓണ്‍ലൈനുമായി ബന്ധപ്പെട്ട് ലഭിച്ചത്. വിദഗ്ദ ചികിത്സ ആവശ്യമെങ്കില്‍ അതാത് വകുപ്പ് ഡോക്ടര്‍മാര്‍ക്ക് ഈ കോളുകള്‍ കൈമാറും. നേരിട്ട് ചികിത്സ ആവശ്യമുണ്ടെങ്കില്‍ അതിനുള്ള സൗകര്യങ്ങളും ഒരുക്കും. 

ജില്ലയില്‍ ലോക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ചതോടെ ഏതൊക്കെ വ്യാപാര സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാം, റോഡിലിറങ്ങുമ്പോള്‍ കയ്യില്‍ കരുതേണ്ട രേഖകള്‍ തുടങ്ങിയ സംശയങ്ങളുമായും പലരും വിളിക്കുന്നുണ്ട്. നിരീക്ഷണത്തിലിരിക്കുന്നവരെ സംബന്ധിച്ച് അവരുടെ സമീപവാസികളുടെ കോളുകളും ദിനേന ലഭിക്കുന്നുണ്ട്. വിദേശത്തേക്കുള്‍പ്പടെ മരുന്നുകള്‍ അയക്കുന്നതിനും മരുന്നുകള്‍ ലഭിക്കുന്നതുമായി സഹായമഭ്യര്‍ത്ഥിച്ചും കോളുകള്‍ ലഭിക്കുന്നുണ്ട്. പൊലീസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, സന്നദ്ധ സേവകര്‍, ഹൗസ് സര്‍ജന്മാര്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് കണ്‍ട്രോള്‍ റൂമിലുള്ളത്.

വിവിധ കണ്‍ട്രോള്‍ റൂമുകളുടെ നമ്പര്‍ ചുവടെ,

ജില്ല കളക്ടറേറ്റ്: 0477 2239999, 0477 2239204

ഡോക്ടര്‍ ഓണ്‍ലൈന്‍: 0477 2961576