ലോക എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ക്ക് ജില്ലയില്‍ തുടക്കമായി

post

മലപ്പുറം: ജില്ലയില്‍ നാലു ദിവസം നീണ്ടു നില്‍ക്കുന്ന എയ്ഡ്‌സ് ദിനാചരണ പരിപാടികള്‍ക്ക് നിലമ്പൂരില്‍ തുടക്കമായി. ജില്ലാ മെഡിക്കല്‍ ഓഫീസിന്റെയും  എയ്ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റിയുടെയും നേതൃത്വത്തില്‍  'ഞാന്‍ എച്ച്.ഐ.വി. പോസിറ്റീവായാല്‍' എന്ന ആശയത്തെ മുന്‍നിര്‍ത്തി എച്ച്.ഐ.വി രോഗിക്കൊരു ഹസ്തദാനം എന്ന ബോധവത്കരണ പരിപാടി  നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ സംഘടിപ്പിച്ചു. തുടര്‍ന്ന് നിലമ്പൂര്‍ ടൗണ്‍ ബസ് സ്റ്റാന്‍ഡില്‍ പൊതുജനങ്ങള്‍ക്കായി ഓപ്പണ്‍ ഫോറവും  സംഘടിപ്പിച്ചു. നിലമ്പൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ പത്മിനി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു.

ജില്ലാ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓഫീസര്‍ ഡോ. സി.ബി. പ്രദീഷ്, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. അബൂബക്കര്‍, ഫിസിഷ്യന്‍ ഡോ.ഷിനാസ് ബാബു, ഡെര്‍മറ്റോളജിസ്റ്റ് ഡോ. ഷൈലജ, നിലമ്പൂര്‍ ജില്ലാ ആശുപത്രി ബ്ലഡ് ബാങ്ക് ഓഫീസര്‍ ഡോ. പ്രവീണ തുടങ്ങിയവര്‍ എയ്ഡ്‌സ് രോഗത്തെക്കുറിച്ചുള്ള സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഓപ്പണ്‍ ഫോറത്തില്‍ മറുപടി നല്‍കി. നഗരസഭ സ്ഥിരം സമിതി ചെയര്‍മാന്‍ പാലോളി മെഹബൂബ്, സ്റ്റാറ്റിസ്റ്റിക്കല്‍ അസിസ്റ്റന്റ് ഉസ്മാന്‍ കോയ തുടങ്ങിയവരും നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലെയും ടി.ബി സെന്ററിലെയും ഉദ്യോഗസ്ഥരും പരിപാടിയില്‍ പങ്കെടുത്തു.