ജില്ലയിലെ ജലസ്രോതസുകളുടെ ഭൂപട രേഖീകരണം പുരോഗമിക്കുന്നു

post

കാസര്‍കോട്  : പ്രളയം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ മുന്നില്‍ കണ്ട് കൊണ്ട് ജില്ലയിലെ പുഴകളുടെയും നീര്‍ച്ചാലുകളുടെയും ഭൂപട രേഖീകരണം പുരോഗമിക്കുന്നു.  സംസ്ഥാനത്തെ എല്ലാ പ്രദേശങ്ങളിലെയും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും പ്രകൃതി വിഭവങ്ങളും കണ്ടെത്തുന്നതിനുള്ള  മാപ്പത്തോണ്‍ കേരളം പദ്ധതിയുടെ ഭാഗമായാണ് ഭൂപടം തയ്യാറാക്കുന്നത്. ഹരിത കേരളം മിഷന്‍, ഐ ടി മിഷനു കീഴിലുള്ള കേരള സ്റ്റേറ്റ് സ്പെഷ്യല്‍ ഡാറ്റാ ഇന്‍ഫ്രാസ്ട്രക്ച്ചറിന്റെ സഹായത്തോടെയാണ് ഭൂപട രേഖീകരണം നടത്തുന്നത്. ജില്ലയിലെ ഹരിത കേരളം മിഷന് കീഴിലെ റിസോഴ്സ് പേഴ്സണ്‍മാരും യംങ് പ്രൊഫഷണലുകളും ഉള്‍പ്പെടെ അഞ്ച് പേരാണ് ലോക്ഡൗണ്‍ കാലത്ത് ജോലി നിര്‍വഹിക്കുന്നത്. ഇതിനായി പ്രത്യേകം ഓണ്‍ലൈന്‍ പരിശീലനവും ഇവര്‍ക്ക് ലഭിച്ചിരുന്നു. ശശിധരന്‍ അടിയോടി, സിനിജ പോള്‍, ലിന്‍ഷ കെ, നന്ദിത പി, സാരംഗ് ബി എന്നിവരാണ്  ഹരിത കേരളം മിഷന്‍ മാപ്പത്തോണ്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍വഹിക്കുന്നത്.

സ്വതന്ത്ര ഭൂപടമായ ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് ആണ് ഭൂപട രേഖീകരണത്തിനായി ഉപയോഗിക്കുന്നത്. ആദ്യഘട്ടത്തില്‍ ജില്ലയിലെ പുഴകളും നീര്‍ച്ചാലുകളും മറ്റു ജലസ്രോതസ്സുകളും ആണ് രേഖപ്പെടുത്തുന്നത്. അതിനായി ജില്ലയെ പല ഭാഗങ്ങളായി തിരിച്ച് അവിടുത്തെ പുഴകളുടെയും നീര്‍ച്ചാലുകളുടെയും ഉപഗ്രഹ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ ഫയല്‍ ഐ ടി മിഷന്റെ നേതൃത്വത്തില്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്. പ്രളയകാലത്ത് പ്രാദേശികമായി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യാനും മറ്റും ഈ ഭൂപട രേഖീകരണം സഹായകമാകും. കൂടാതെ ജലവിഭവങ്ങളുടെ ഫലപ്രദമായ വിനിയോഗം ആസൂത്രണം ചെയ്യാനും അതിലൂടെ കുടിവെള്ള ക്ഷാമത്തിന് പരിഹാരം കാണാനും ഇതിലൂടെ കഴിയും.  ഹരിത കേരളം മിഷന്‍ നീര്‍ച്ചാലുകളുടെ പുനരുജ്ജീവനത്തിനായി ആരംഭിച്ച  'ഇനി ഞാനൊഴുകട്ടെ' പദ്ധതി ശാസ്ത്രീയമായി ആസൂത്രണം ചെയ്യാന്‍ ഈ ഭൂപട രേഖീകരണത്തിലൂടെ സാധ്യമാകും. 

പുഴകളും നീര്‍ച്ചാലുകളുടെയും രേഖീകരണം പൂര്‍ത്തിയായതിനു ശേഷം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, മറ്റ് അറിയപ്പെടുന്ന നിര്‍മ്മിതികള്‍ എന്നിവയും രേഖപ്പെടുത്തും. ജൂണ്‍ മാസത്തോടെ ജില്ലയുടെ സമ്പൂര്‍ണ്ണ ഭൂപട രേഖീകരണം പൂര്‍ത്തിയാക്കാനാണ് സംസ്ഥാന മിഷന്‍ നിര്‍ദ്ദേശമെന്ന് ഹരിത കേരളം മിഷന്‍ ജില്ലാ കോര്‍ഡിനേറ്റര്‍  എം.പി. സുബ്രഹ്മണ്യന്‍ പറഞ്ഞു.