കോറോണക്കാലത്ത് ആരും മാനസികമായി തളരില്ല :മാനസിക ആരോഗ്യ വിഭാഗം കൂടെയുണ്ട്

post

കാസര്‍കോട് : കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ ഊര്‍ജിതമായി നടക്കുകയാണ്. ശാരീരിക ബുദ്ധിമുട്ടുകളോടൊപ്പം മാനസിക പ്രശ്നങ്ങളെയും കൃത്യമായി കൈകാര്യം ചെയ്യുകയാണ് ജില്ലാ ആരോഗ്യവകുപ്പിലെ മാനസിക ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍. കോവിഡ് 19 മായി  ബന്ധപ്പെട്ട് സമഗ്ര മാനസിക ആരോഗ്യ പരിരക്ഷ ഉറപ്പ് വരുത്തുകയാണ് ഇവര്‍. സൈക്കാട്രിസ്റ്റ് ഡോക്ടര്‍ സണ്ണി മാത്യുവിന്റെ നേതൃത്വത്തിലുള്ള സംഘം സജീവമായി ഫെബ്രുവരി 15 മുതല്‍ കണ്‍ട്രോള്‍ റൂമില്‍ സേവനം അനുഷ്ഠിക്കുകയാണ്.

കൊറോണ മൂലമുള്ള മാനസിക സംഘര്‍ഷവും ലോക്ക് ഡൗണ്‍ മൂലമുണ്ടാകുന്ന സാമൂഹിക സാമ്പത്തിക കുടുംബപരമായ മാനസിക സംഘര്‍ഷങ്ങള്‍ക്കും പ്രശ്നങ്ങള്‍ക്കും കൃത്യമായുള്ള കൗണ്‍സലിങ്ങിലൂടെ പരിഹാരം  കണ്ടെത്തി നല്‍കുകയാണിവര്‍. ജില്ലയില്‍  ഒരാള്‍ നീരിക്ഷണത്തിലാകുന്ന നിമിഷം മുതല്‍ ഇവര്‍ കര്‍മ നിരതരാകുന്നു.  കൊറോണ പോസിറ്റീവ് ആയാല്‍ രോഗിയേയും കുടുംബത്തെയും അത് നേരിടുന്നതിന് മാനസികമായി സന്നദ്ധമാക്കുകയും കൃത്യമായ നിരീക്ഷണ, ചികിത്സ ഘട്ടത്തിലേക്ക് എത്തിക്കുകയും ചെയ്യും.

കണ്‍ട്രോള്‍ റൂമില്‍ നിരവധി കോളുകള്‍ ആണ് വന്നുകൊണ്ടിരിക്കുന്നത്. അവര്‍ക്കെല്ലാം കൃത്യമായ നിര്‍ദ്ദേശങ്ങളും സഹായവും ഉറപ്പ് വരുത്തുന്നതിനോടൊപ്പം സമയാസമയങ്ങളിലും അവരെ പിന്തുടര്‍ന്ന് അവര്‍ക്ക് ആവശ്യമായ നിര്‍ദ്ദേശങ്ങളും നല്‍കുന്നു. പൊതുജനങ്ങള്‍ക്കു  മാത്രമല്ല ജില്ലയില്‍ കോവിഡ് ഭീഷണി തുടങ്ങിയ നാള്‍ മുതല്‍ കര്‍മനിരതരായ ഒരുപാട് ജീവനക്കാരാണ് ആരോഗ്യവകുപ്പില്‍ ജോലി ചെയ്ത് വരുന്നത്. 

ഐസൊലേഷന്‍ വാര്‍ഡില്‍ കിടക്കുന്ന പോസിറ്റീവും നെഗറ്റീവും ആയ വ്യക്തികള്‍, വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ , അതിഥി തൊഴിലാളികള്‍, ഒറ്റയ്ക്ക് താമസിക്കുന്ന മുതിര്‍ന്ന പൗരന്മാര്‍, മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കള്‍, പകല്‍ വീട്ടിലുള്ള അന്തേവാസികള്‍, മാനസികാരോഗ്യ ക്യാമ്പിലൂടെ സേവനം ലഭിക്കുന്നവര്‍, പ്രത്യേക പരിരക്ഷ ആവശ്യമുള്ള കുട്ടികള്‍,എന്നിവര്‍ക്കാണ് ഇവര്‍ മാനസിക പരിരക്ഷ ഉറപ്പുവരുത്തുന്നത്.

ലോക്ക് ഡൗണ്‍ കാരണം ഡി. എം. എച്ച് . പി പരിശോധന ക്യാമ്പുകള്‍ നടക്കുന്നില്ലെങ്കിലും രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. നോഡല്‍ ഓഫീസര്‍ ഡോ സണ്ണി മാത്യു, സൈക്കാട്രിക് സോഷ്യല്‍ വര്‍ക്കര്‍ റിന്‍സ് മാണി, പ്രൊജക്റ്റ് ഓഫീസര്‍ പ്രജിത്ത് പി പി, പ്രൊജക്റ്റ് ഓഫീസര്‍ മാളവിക,  സ്റ്റാഫ് നേഴ്സ് ദേവദര്‍ശന്‍, അശ്വനി  കൂടാതെ അനുയാത്ര ജീവനക്കാര്‍, ഡി ഇ ഐ സി സ്റ്റാഫ്, ഐ സി ഡി എസ് കൗണ്‍സിലര്‍മാര്‍ എന്നിവരാണ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.