അടച്ചിടുന്ന റോഡുകളില്‍ അടിയന്തരയാത്രക്ക് ക്രമീകരണം വേണം
കണ്ണൂര്‍ : നോണ്‍ ഹോട്ട്സ്പോട്ട് മേഖലകളില്‍ പ്രധാന റോഡുകള്‍ അടച്ചാല്‍ അടിയന്തര ഘട്ടത്തില്‍ തുറന്നുകൊടുക്കാന്‍ സംവിധാനം ഉണ്ടാക്കണമെന്ന് ജനപ്രതിനിധികളുടെ യോഗത്തില്‍ ആവശ്യം. കോവിഡ് കേസുകളുടെ പശ്ചാത്തലത്തില്‍ നോണ്‍ ഹോട്ട്സ്പോട്ട് പ്രദേശങ്ങള്‍ അടച്ചിടുന്നത് ആശുപത്രിയിലേക്കും മറ്റും പോകുന്നവര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ജില്ലാ കലക്ടര്‍ ടി വി സുഭാഷിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എംപിമാരും എംഎല്‍എമാരും ചൂണ്ടിക്കാട്ടി.
ഇത്തരം ഘട്ടത്തില്‍ റോഡ് തുറന്നുകൊടുക്കാന്‍ പൊലീസിനെ നിയോഗിക്കണം. പൂര്‍ണമായി അടച്ചിടുന്നത് ശരിയല്ല. കടകള്‍ തുറക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സംബന്ധിച്ച് വ്യക്തത ഉണ്ടാകണം. ഇക്കാര്യം ജനപ്രതിനിധികളെയും തദ്ദേശസ്ഥാപനങ്ങളെയും അറിയിക്കുകയും വേണം. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജനങ്ങളെ അറിയിക്കുന്നതിനും സംവിധാനം ഉണ്ടാവണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇതിനനുസരിച്ചായിരിക്കണം പൊലീസിന്റെ നടപടികള്‍. അല്ലാത്തപക്ഷം ആശയക്കുഴപ്പങ്ങള്‍ക്കും അനാവശ്യ പ്രശ്നങ്ങള്‍ക്കും ഇടയാക്കുമെന്നും അഭിപ്രായമുയര്‍ന്നു.
പ്രവാസികള്‍ നാട്ടിലെത്തുമ്പോള്‍ അവരെ സ്വീകരിക്കുന്നതിനായി ജില്ലയില്‍ ആവശ്യമായ സംവിധാനങ്ങള്‍ തയ്യാറായി വരുന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. ആവശ്യമായ കൊറോണ കെയര്‍ സെന്റര്‍ ഒരുക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. വരുന്നവരെ പരിശോധിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ടില്‍ സജ്ജമാക്കി. ഇവരെ വീടുകളിലും കൊറോണ കെയര്‍ സെന്ററുകളിലും എത്തിക്കുന്നതിനുള്ള ഗതാഗത പ്ലാനും തയ്യാറാക്കി. മടങ്ങിവരുന്ന പ്രവാസികളുടെ എണ്ണത്തിനനുസരിച്ച് ആവശ്യമെങ്കില്‍ കൂടുതല്‍ സെന്ററുകള്‍ ഒരുക്കും.
നോണ്‍ ഹോട്ട്സ്പോട്ട് മേഖലകളില്‍ കാര്‍ഷിക ജോലികളും വ്യാപാരവും നിയന്ത്രണങ്ങളോടെ ആരംഭിക്കുന്നതിന് നടപടിയെടുക്കും. ഘട്ടംഘട്ടമായി സാമൂഹ്യ ജീവിതവും സാമ്പത്തിക പ്രക്രിയയും സജീവമാക്കുന്നതിനുള്ള നടപടികളാണ് കൈക്കൊള്ളുക. മഴക്കുമുമ്പ് ചെയ്ത് തീര്‍ക്കേണ്ട പൊതുമരാമത്ത് പ്രവൃത്തികളും നിയന്ത്രിത രീതിയില്‍ ആരംഭിക്കാന്‍ നടപടിയെടുക്കും. ഹോട്ട്സ്പോട്ട് പ്രദേശം നിശ്ചയിക്കുന്ന രീതിയില്‍ മാറ്റം വേണമെന്ന അഭിപ്രായവും യോഗത്തില്‍ ഉയര്‍ന്നു. ഒരു പഞ്ചായത്ത് പ്രദേശമാകെ ഹോട്ട്സ്പോട്ട് ആക്കുന്നതിനുപകരം ഒരു പ്രത്യേക പ്രദേശം മാത്രം ഹോട്ട്സ്പോട്ടാക്കി അടച്ചിടുന്നതാവും ഉചിതമെന്നാണ് അഭിപ്രായമുയര്‍ന്നത്.
യോഗത്തില്‍ എംപിമാരായ കെ സുധാകരന്‍, രാജ്മോഹന്‍ ഉണ്ണിത്താന്‍, കെ മുരളീധരന്‍, കെ കെ രാഗേഷ്, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണിജോസഫ്, ടി വി രാജേഷ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്ക് എന്നിവര്‍ പങ്കെടുത്തു.