പുത്തൂർ ജിവിഎച്ച്എസ് സ്‌കൂളിന്റെ കെട്ടിട നിർമ്മാണം പുനരാരംഭിച്ചു

post

തൃശൂർ: പുത്തൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിന്റെ കെട്ടിട നിർമാണം പുനരാരംഭിച്ചു. സ്ഥലം സന്ദർശിച്ച ഗവ. ചീഫ് വിപ് അഡ്വ. കെ. രാജൻ പ്രവർത്തനങ്ങൾ വിലയിരുത്തി. സെന്റർ ഓഫ് എക്സലൻസിന്റെ ഭാഗമായി അഞ്ച് കോടി രൂപ ചെലവിലുള്ള കെട്ടിട നിർമ്മാണമാണ് പുനരാരംഭിച്ചത്.

കരാർ ഏറ്റെടുത്ത കരുനാഗപ്പള്ളി സൗത്ത് ഇന്ത്യൻ കൺസ്ട്രക്ഷൻ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതുമൂലം പ്രവർത്തനം നിർത്തി വെച്ചിരിക്കുകയായിരുന്നു. പുനരാരംഭിച്ച നിർമ്മാണ പ്രവർത്തനം വിലയിരുത്തുന്നതിനാണ് ഗവ. ചീഫ് വിപ് കെ. രാജൻ സ്ഥലം സന്ദർശിച്ചത്. മഴ ആരംഭിക്കുന്നതിന് മുൻപ് തന്നെ ആദ്യ നിലയുടെ സീലിങ് വാർക്കൽ പൂർത്തിയാകുമെന്ന് കരാർ കമ്പനി പ്രതിനിധികൾ അറിയിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക്  ആവശ്യമായ അസംസ്‌കൃത വസ്തുക്കൾ കൈവശമുണ്ടെന്ന് അറിയിച്ചു. രണ്ടു നിലകളിൽ കെട്ടിടം, ഭക്ഷണ ശാല, സിന്തറ്റിക്ക് ഇൻഡോർ സ്റ്റേഡിയം എന്നിവയാണ് നിർമ്മിക്കുക.

ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുത്തൂർ എഎൽപി സ്‌കൂളും ചീഫ് വിപ്പ് സന്ദർശിച്ചു. പിഡബ്ല്യുഡി ബിൽഡിംഗ്സിന് ആണ് നിർമ്മാണ ചുമതല. ഈ കെട്ടിടത്തിന്റ നിർമാണം പൂർത്തിയാക്കി വരുന്ന അധ്യയന വർഷം തന്നെ അധ്യയനം ആരംഭിക്കാൻ സാധിക്കുമെന്ന് അഡ്വ. കെ. രാജൻ അറിയിച്ചു. പുത്തൂർ പഞ്ചായത്ത് പ്രസിഡണ്ട് മിനി ഉണ്ണികൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ആൻഡ്രൂസ്, പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി ജി ഷാജി, പഞ്ചായത്ത് മെമ്പർ ഗോപി എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു