ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ക്ക് ആശങ്ക വര്‍ധിക്കുന്നു: നിയമസഭാ സമിതി
കാക്കനാട്: ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രളയത്തിന് ശേഷം ജനങ്ങളില്‍ ആശങ്ക വര്‍ധിച്ചിരിക്കുകയാണെന്ന് നിയമസഭയുടെ പരിസ്ഥിതി കമ്മറ്റി ചെയര്‍മാന്‍ മുല്ലക്കര രത്‌നാകരന്‍ എം.എല്‍.എ. ക്വാറികളുടെയും പാറമടകളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ച് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി കമ്മിറ്റിക്ക് മുന്‍പാകെ വരുന്ന പരാതികളില്‍ 40%വും ഇതുമായി ബന്ധപ്പെട്ടതാണ്. അതുകൊണ്ടുതന്നെ ജനങ്ങളുടെ ആശങ്ക അകറ്റുന്ന വിധം ശാസ്ത്രീയമായ വിവരശേഖരണവും വിശകലനവുമാണ് കമ്മിറ്റി നടത്തുന്നത്. ഇതിന് ശേഷം റിപ്പോര്‍ട്ട് തയ്യാറാക്കും. നിര്‍മ്മാണമേഖല സ്തംഭിക്കാതെയും പരിസ്ഥിതിക്ക് കോട്ടം തട്ടാതെയുമായിരിക്കണം പാറഖനനം. ഇതിനാവശ്യമായ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്നുറപ്പാക്കാന്‍ വകുപ്പുകള്‍ ഏകീകൃത സ്വാഭാവത്തോടെ പ്രവര്‍ത്തിക്കണം. നിര്‍ഭാഗ്യവശാല്‍ പാറമടകളുടെയും ക്വാറികളുടെയും പ്രവര്‍ത്തനത്തെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ഉദ്യോഗതലത്തിലില്ല. കോടതികളില്‍ നടക്കുന്ന കേസുകളില്‍ ക്വാറി ഉടമകള്‍ ജയിക്കുന്നത് പഠന വിധേയമാക്കണം. കോടതി ഉത്തരവ് ഉണ്ടെന്ന പേരില്‍ നിയമലംഘനം നടത്താന്‍ പാറമടകളെ അനുവദിക്കരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാറമടകളുടെയും ക്വാറികളുടെയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മൈനിങ്ങ് ആന്റ് ജിയോളജി, ജലസേചനം, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, വ്യവസായം, ആരോഗ്യം, പോലീസ്, വനം, ഭൂഗര്‍ഭ ജലം, തുടങ്ങിയ വകുപ്പുകള്‍ അടിയന്തരമായി നല്‍കാന്‍ സമിതി നിര്‍ദേശിച്ചു. ഇത് പരിഗണിച്ച ശേഷം അടുത്ത നിയമസഭാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും സമിതി വ്യക്തമാക്കി. മൂവാറ്റുപുഴ താലൂക്കിലെ കല്ലൂര്‍ക്കാട് മണിയന്തടം, തിരുമാറാടി, കുന്നത്തുനാട് താലൂക്കിലെ പൂതൃക്ക, കിഴക്കമ്പലം, അങ്കമാലി താലുക്കിലെ കറുകുറ്റി എന്നിവിടങ്ങളില്‍ നിന്ന് ക്വാറികള്‍ക്കെതിരെ പരാതിയുമായി നാട്ടുകാര്‍ നിയമസഭാ സമിതിക്ക് മുമ്പാകെ എത്തി. എം.എല്‍.എമാരായ എം.വിന്‍സന്റ്, അനില്‍ അക്കര, കെ.ബാബു, ഒ.ആര്‍.കേളു, കെ.വി വിജയദാസ് എന്നിവരടങ്ങുന്ന സമിതിയാണ് തെളിവെടുപ്പ് നടത്തിയത്. ജില്ലാ കളക്ടര്‍ എസ്.സുഹാസ്, എ.ഡി.എം. കെ.ചന്ദ്രശേഖരന്‍ നായര്‍, സബ് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്ങ് തുടങ്ങിയവരും തെളിവെടുപ്പില്‍ പങ്കെടുത്തു.