കാനനപാത സജീവമായി തുടങ്ങുന്നു; ഇതുവരെ 1400ലേറെ പേര്‍ ഈവഴിയെത്തി

post

പത്തനംതിട്ട: മണ്ഡല-മകരവിളക്കുല്‍വത്തിന് നട തുറന്നതോടെ പരമ്പരാഗത കാനനപാതയിലൂടെയുള്ള അയ്യപ്പഭക്തരുടെ വരവും തുടങ്ങി. നട തുറക്കുന്നതിന് മുന്‍പായി കാനനപാത ഫോറസ്റ്റ് ഉദ്യോഗസ്ഥരും ദേവസ്വംബോര്‍ഡും ചേര്‍ന്ന് വൃത്തിയാക്കിയിരുന്നു. നട തുറന്നദിവസം 145 സ്വാമിമാരാണ് കാനനപാതവഴി സന്നിധാനത്തെത്തിയത്. 11 ദിവസത്തിനിടെ ഇതുവരെ 1400ലേറെ പേര്‍ കാനനപാതയിലൂടെ സന്നിധാനത്തെത്തി. രാവിലെ ആറുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെ മാത്രമാണ് കാനനപാതയിലൂടെയുള്ള സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ആനതാരകളുള്ളതിനാല്‍ രാത്രികാലങ്ങളില്‍ കാനനപാതയിലൂടെയുള്ള സഞ്ചാരം അപകടകരമാണെന്നാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍. പരിശോധനയ്ക്കായി ചെക്‌പോസ്റ്റുകളും പാതയില്‍ സ്ഥാപിച്ചിട്ടുണ്ട്. കാനനപാതവഴി വരുന്നവര്‍ ഉരക്കുഴിയില്‍ മുങ്ങിക്കുളിച്ചാണ് ഭഗവത്ദര്‍ശനം നടത്തുന്നത്. വരുംദിവസങ്ങളില്‍ കാനനപാതയിലൂടെയുള്ള സ്വാമിമാരുടെ വരവേറുമെന്നാണ് അനുമാനിക്കുന്നത്.